Malayalam Poem : അവളും വീടും, ജ്യോതി മദന്‍ എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജ്യോതി മദന്‍ എഴുതിയ കവിത

chilla malayalam poem by Jyothy Madan

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

chilla malayalam poem by Jyothy Madan


ഒരു സ്ത്രീ പോകുന്നിടത്തെല്ലാം
അവളുടെ വീട് കൂടെ പോകുന്നുണ്ട്,
എടുത്താല്‍ പൊങ്ങാത്ത ഭാരമായും
എടുത്തു മാറ്റാനാവാത്ത ചിന്തയായും.

കവിതാ ക്യാമ്പില്‍, ഗെറ്റ് ടുഗെതറില്‍,
ലേഡീസ് ഓണ്‍ലി യാത്രകളില്‍,
സ്ത്രീശാക്തീകരണ സമ്മേളനങ്ങളില്‍,
രാത്രികളിലെ പെണ്‍നടത്തങ്ങളില്‍;
എന്തിനേറെ
കൂട്ടുകാരിയുടെ വീട്ടില്‍ പോലും!

പോകുന്നിടത്തെല്ലാം
വീടിനെ പൊതിഞ്ഞ് കെട്ടി
അവള്‍ കൂടെക്കൂട്ടുന്നു;
മറ്റൊരാളെ കാണുമ്പോള്‍
മൂത്രസഞ്ചി തൂക്കി നടക്കുന്ന രോഗിയെപ്പോലെ
വീടിനെ ഒളിപ്പിയ്ക്കാന്‍ 
അവള്‍ പാട് പെടുന്നു.

കുടഞ്ഞ് കളയാനാവാത്ത വിധം
പറ്റിച്ചേര്‍ന്നെന്ന് പരിതപിയ്ക്കവേ,
വീടിന് ചുറ്റും
അദൃശ്യ ചരടിനാല്‍ ആരം വരച്ച്
അവളുടെ വൃത്തങ്ങള്‍, 
അവളുടെ ചലനങ്ങള്‍.

മറന്ന് വെയ്ക്കാന്‍ പോലുമാവാത്തത്ര
അവളെ പൊതിയുന്ന വീട്.
എവിടേയ്ക്ക് പോകാനായുമ്പൊഴും
നീട്ടിവിട്ട റബര്‍ബാന്‍ഡ് പോലെ
വീട്ടിലേയ്ക്ക് തന്നെ ചെന്നടിയുന്നു.

ഉണക്കാനിട്ട തുണികളും
നനയ്ക്കാന്‍ മറന്ന ചെടികളും
അടിച്ചുവാരിയിട്ടും 
അകങ്ങളില്‍ കുമിഞ്ഞ പൊടിയും
കാല്‍മുട്ട് ശസ്ത്രക്രിയ ചെയ്ത അമ്മയും
ബോര്‍ഡ് എക്‌സാമെഴുതാനുള്ള മകളും...

ഹൊ! 
എന്തൊരു ഭാരമാണ് അവളുടെ വീടിന് 

എന്നിട്ടും,
ക്ഷണിയ്ക്കപ്പെടുന്നിടങ്ങളില്‍
വീടുമായല്ലാതെ അവളങ്ങനെ!


 

Latest Videos
Follow Us:
Download App:
  • android
  • ios