Malayalam Poem: ജനിച്ച വീട് വില്‍ക്കുമ്പോള്‍, ജിത ഷരുണ്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ജിത ഷരുണ്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ജനിച്ച വീട് വില്‍ക്കുമ്പോള്‍
അവളെ അറിയിക്കരുത്.
കാരണം അവള്‍ ഹൃദയം
പൊട്ടിമരിച്ചുപോകും.
അത്
അവള്‍ മൂത്തമകള്‍
ആയതുകൊണ്ടാണെന്ന്
നിങ്ങള്‍ കരുതും.
അല്ല അല്ലേ അല്ല.
അവളുടെ ഹൃദയം അതില്‍
ഒളിപ്പിച്ചിരുന്നു എന്നാകും
നിങ്ങള്‍ വിചാരിച്ചത്.
എന്നാല്‍ അതും തെറ്റായ ധാരണയാണ്.
ആ വീട്,
അവളുടെ പ്രധാന
ഹൃദയധമനികളില്‍ ഒന്നില്‍
നിറഞ്ഞൊഴുകിയ രക്തത്തിന്റെ
തീവ്രവികാരക്കനലാണ്.
അതിനു നിങ്ങള്‍ക്ക്
അവളുടെ മനസ്സറിയുമോ?
അറിഞ്ഞിരുന്നുവെങ്കില്‍ അവള്‍ക്ക്
ഭ്രഷ്ട് കല്‍പ്പിക്കുമോ?
ആ വീട് നിങ്ങള്‍ക്കൊപ്പം
നിങ്ങളുടെ മൂത്തമകള്‍കൂടി
സ്വപ്നം കണ്ടിരുന്നു.
നിങ്ങള്‍ പകുത്ത നേരറിഞ്ഞ
കനല്‍പാതയില്‍ അവളും
നിങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു
എന്നിട്ടും,
നിങ്ങള്‍ പറഞ്ഞ
'ഞങ്ങള്‍ ഈ വീട് വില്‍ക്കുന്നു'
എന്നതിലെ
'ഞങ്ങള്‍'
അവളെ ഉള്‍ക്കൊള്ളാത്ത
മറ്റാരൊക്കെയൊ
ആയിരുന്നു
ഒരിക്കല്‍ ആ കിണര്‍
അവള്‍ക്കു ദാഹമകറ്റിയിരുന്നു.
വില്‍ക്കുന്നതിന് മുമ്പ്
ഒരു കുമ്പിള്‍ ദാഹജലം
അവള്‍ക്കു മാറ്റിവെക്കുക.
അവള്‍ ഉറങ്ങിയ
മുറി ഒരു ദിവസമെങ്കിലും
അവള്‍ക്കായ് തുറന്നിടുക
ഉറങ്ങട്ടെ, ശാന്തമായ്.
അവളുടെ കസേര
വില്‍ക്കരുത്
കാരണം
അതില്‍ ഇരുന്നാണവള്‍
കവിതകള്‍ എഴുതിയിരുന്നത്.
അവളെ നിശ്ശബ്ദയാക്കുമ്പോള്‍
ഒന്നോര്‍ക്കുക,
അടച്ചിട്ട മുറികള്‍ക്കുള്ളില്‍
അവളുടെ കവിതകള്‍
നിര്‍ത്താതെ പാടുന്നുണ്ടാകാം.
അവള്‍ ഇനി നിങ്ങളോട്
കരഞ്ഞു പറയില്ല
എന്റെ 'വീട് വില്‍ക്കരുത്' എന്ന,്
കാരണം അവള്‍ക്കറിയാം
എന്നോ അവളെ പടിയിറക്കി വിട്ടെന്ന്.
വീട് വില്‍ക്കുമ്പോള്‍
വാങ്ങുന്നവരോട്
പറയണം,
വീടിന് മുന്‍പിലെ
മാവ് വെട്ടരുത് എന്ന്,
കാരണം ആ മാവിന്റെ
ആത്മാവിനുള്ളിലാണ് ഇന്നും
അവളുടെ മനസ്സ്.
ജനിച്ച വീട് വില്‍ക്കുമ്പോള്‍
മൂത്തമകളെ
അറിയിക്കരുത്,
കാരണം
അവളിലെ കനവും നിനവും ,
ആകാശവും ഭൂമിയും,
അവളിലെ ചിരിയും,
സ്വര്‍ഗ്ഗവും
അവിടമാണ്...