Malayalam Poem: പെയ്‌ത്തോ പെയ്ത്ത്, ഐറിസ് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഐറിസ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അന്തമില്ലാ പേക്കാറ്റ് കടലാഴങ്ങളില്‍
മുങ്ങാംകുഴിയിട്ട്
ഉയിര് പിടിക്കുന്നു
ദുരിതക്കടലില്‍ മുഖമടിച്ചുവീണു
ചേലാളിമാര്‍
വള്ളങ്ങള്‍ വാഴ്വുകള്‍
കീഴ്‌മേല്‍മറിഞ്ഞു
മടക്കമില്ലാ പുറങ്കടലില്‍
അവളുടെ വള്ളം
അമരത്തൂന്ന് പലവട്ടം തള്ളിമറിച്ചിട്ടും
തുഴക്കോല്‍ കൈവഴുതിയിട്ടും
ആഴങ്ങളില്‍
നിലവെള്ളം ചവുട്ടിക്കേറി
അണിയത്തുനിന്ന് തുഴഞ്ഞത്
അവള്‍
വിതച്ചതും കൊയ്തതും
ഉമിയടര്‍ത്തി പതിരാറ്റിക്കൊഴിച്ചതും
ഉണക്കി ചെതുമ്പല്‍ പോക്കി
വെന്തെടുത്തതും
അവള്‍
ചട്ടിയില്‍ തിളച്ച്
തുടുപ്പിന്നറ്റത്തുടഞ്ഞിട്ടും
കഞ്ഞിത്തെളിയില്‍ പശിയടക്കി
അന്തിയോളമലഞ്ഞതും
അവള്‍
കള്ളിന്‍ കരുത്തില്‍ നടുതളര്‍ന്ന്
കാണാത്താലിയില്‍ തേങ്ങലമര്‍ത്തി
നോമ്പ് പിടിച്ച് നേര്‍ച്ച നേര്‍ന്ന്
അമ്മകന്നീ...മണീ...യെന്ന് ഒപ്പാരിച്ചതും
അവള്‍
തീ തൊടാത്തവള്‍
തിര വിഴുങ്ങാത്തവള്‍
വിഷം തീണ്ടാത്തവള്‍
ചായവും ചമയവും
കരിമണലായി ഒഴുക്കിയതും
അവള്‍
കടല്‍പ്പേച്ചിന്‍ താളത്തില്‍
വാഴ്വൊളിപ്പിച്ച്
അകത്തുമാഴത്തിലും
കടലറിവ് വിഴുങ്ങി നാട്ടറിവ് കാത്തതും
അവള്‍
കൊമരിയെന്ന്
കെട്ടാമറിയയെന്ന് മലടിയെന്ന്
കണവന്‍ വാഴാത്തവളെന്ന്
പൊട്ടിയെന്ന് വലവീശിയവളെന്ന്
പേര് കെടുത്തിയോളെന്ന്
കൊമ്പാസുകാരിയെന്ന്
മിണ്ടിയാല്‍ തല്ലിക്കൊല്ലുമെന്ന്
പുറമ്പോക്കില്‍ ചീലാന്തിമൂട്ടില്‍
നീലിച്ച് പരുത്ത എരിക്കിന്നൊത്ത്
തലവഴിയേ വെള്ളപുതച്ച്
ആട്ടും തുപ്പുമേറ്റതും
അവള്‍
ഇന്ന്
നോവെണ്ണിപ്പറഞ്ഞ്
ഏറ്റുവിളിക്കാന്‍
തെരുവിലിറക്കീട്ട്
അവള്‍ക്ക്
ഒരേ ചിരി
ഒരേ ആട്ടം
ഒരേ നഞ്ചത്തടി
ഒരേ കൈക്കലാശം
സുനാമിക്ക് ഓഖിക്ക് കൊറോണയ്ക്ക്
വീട് കടലെടുക്കും കെട്ടകാലത്ത്
ഗോഡൗണില്‍
വാഴ്വ് കുഴിച്ചിട്ട നാളില്‍
പഞ്ചീസ് കളിച്ച്
അദാനി തുറയരിയുമ്പോള്‍
അവള്‍ക്ക്
ഒരേ ചിരി
ഒരേ ആട്ടം
ഒരേ നെഞ്ചത്തടി
ഒരേ കൈക്കലാശം
ഒച്ചയില്ലാതെ
ഒരേ മൂച്ച്
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...