ലോകത്തിലെ തന്നെ ഏറ്റവും എരിവേറിയ മുളക്; ഇന്ത്യയില്‍ നിന്ന് ആദ്യമായി ലണ്ടനിലേക്ക്...
ലോകത്തിലെ തന്നെ ഏറ്റവും എരിവേറിയ മുളകുകളിലൊന്നാണിത്. സാധാരണഗതിയില്‍ നമ്മള്‍ വീടുകളിലുപയോഗിക്കുന്ന മുളകിനെക്കാള്‍ 20 മടങ്ങെങ്കിലും അധികം വരും ഇതിന്റെ എരിവ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇത് അധികവും കൃഷി ചെയ്തുവരുന്നത്. അവിടങ്ങളല്‍ താമസിക്കുന്നവര്‍ ഇതുപയോഗിച്ച് ചട്ണിയും, അച്ചാറും അടക്കം പല വിഭവങ്ങളും തയ്യാറാക്കാറുണ്ട്
പച്ചക്കറികളുടെയും ഫലങ്ങളുടെയുമെല്ലാം വൈവിധ്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ വളരെ വലിയ സ്ഥാനത്താണുള്ളത്. വൈവിധ്യമായ ഭൂപ്രകൃതികളും കാലാവസ്ഥകളും ഉള്ളതിനാല്‍ തന്നെ വിളവുകളിലെ വ്യത്യസ്തതകള്‍ക്കും ഇവിടെ കുറവില്ല.
എന്നാല്‍ പലപ്പോഴും നമ്മുടെ വൈവിധ്യമാര്‍ന്ന ജൈവസമ്പത്തിന്റെ വ്യാപ്തി നമ്മള്‍ തന്നെ തിരിച്ചറിയാതെ പോകാറുണ്ട്. ഇത് രാജ്യത്തിന് പുറത്തേക്ക് നമ്മുടെ വിപണി കണ്ടെത്തുന്നതിനും സാധ്യതള്‍ കണ്ടെത്തുന്നതിനുമെല്ലാം വിഘാതം സൃഷ്ടിക്കാറുമുണ്ട്.
അല്‍പമൊന്ന് ശ്രമിച്ചാല്‍ ആഗോളതലത്തില്‍ തന്നെ വിപണികളില്‍ രാജ്യത്തിന് അതിന്റെ തനത് ഉത്പന്നങ്ങള്‍ക്കായി പ്രത്യേക സ്ഥാനങ്ങള്‍ നേടാനാകും. കഴിഞ്ഞ ദിവസം നാഗാലാന്‍ഡില്‍ നിന്ന് യുകെയിലേക്ക് കയറ്റിയയച്ച 'ഭൂത് ജൊലോകിയ' എന്ന പ്രത്യേക ഇനത്തിലുള്‍പ്പെടുന്ന മുളക് ഇതിനുദാഹരണമാണ്.
ലോകത്തിലെ തന്നെ ഏറ്റവും എരിവേറിയ മുളകുകളിലൊന്നാണിത്. സാധാരണഗതിയില്‍ നമ്മള്‍ വീടുകളിലുപയോഗിക്കുന്ന മുളകിനെക്കാള്‍ 20 മടങ്ങെങ്കിലും അധികം വരും ഇതിന്റെ എരിവ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇത് അധികവും കൃഷി ചെയ്തുവരുന്നത്. അവിടങ്ങളല്‍ താമസിക്കുന്നവര്‍ ഇതുപയോഗിച്ച് ചട്ണിയും, അച്ചാറും അടക്കം പല വിഭവങ്ങളും തയ്യാറാക്കാറുണ്ട്.
നേരിട്ട് കയ്യിലോ കണ്ണിലോ ആയാല്‍ എരിഞ്ഞെരിഞ്ഞ് മരണം വരെ സംഭവിക്കുമെന്ന് തോന്നിപ്പിക്കുന്ന അത്രയും തീവ്രതയാണ് 'ഭൂത് ജൊലാകിയ'യ്ക്ക്. മുമ്പ് പ്രതിഷേധക്കാരെ വരുതിക്ക് നിര്‍ത്താന്‍ കണ്ണീര്‍ വാതകത്തിന് പകരം ഇതിന്റെ സത്ത ഉപയോഗിച്ച് 'ചില്ലി ഗ്രനേഡ്' വരെ ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) നിര്‍മ്മിച്ചിട്ടുണ്ട്. അത്രയും മാരകമാണ് ഇതിന്റെ എരിവ്.
ഇത്രമാത്രം പ്രത്യേകതയുണ്ടായിട്ടും രാജ്യത്തിന് പുറത്ത് ഇത് വിപണി കണ്ടെത്തുന്നത് ഇതാദ്യമായാണ്. 250 കിലോയോളമാണ് ലണ്ടനിലേക്ക് ആദ്യഘട്ടത്തില്‍ കയറ്റിയയച്ചിരിക്കുന്നത്. 2008ല്‍ ജിഐ സര്‍ട്ടിഫിക്കേഷന്‍ (ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ്) ലഭിച്ച ഉത്പന്നം കൂടിയാണിത്. അതായത് പ്രത്യേക ഭൂപ്രകൃതിക്ക് അനുസരിച്ച് വളര്‍ന്നുവന്ന തനത് ഉത്പന്നമെന്ന സര്‍ട്ടിഫിക്കേഷന്‍. ആഗോളവിപണിയില്‍ ഈ സര്‍ട്ടിഫിക്കേഷന് വലിയ പ്രാധാന്യമാണുള്ളത്.
ഇനിയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് 'ഭൂത് ജൊലാകിയ' എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാഗാലാന്‍ഡിലെ കര്‍ഷകരും ഉദ്യോഗസ്ഥരും. ഇത് ഒരു തുടക്കം മാത്രമാണെന്നും തങ്ങളുടെ മറ്റ് തനത് ഉത്പന്നങ്ങളും ഇത്തരത്തില്‍ ലോകവിപണി കണ്ടെത്തുമെന്നാണ് കണക്കുകൂട്ടലെന്നും ഇവര്‍ പങ്കുവയ്ക്കുന്നു.
Also Read:- സംഭവം നമ്മുടെ പപ്പടം തന്നെ; പക്ഷേ ഇപ്പോള്‍ 'പാപ്പഡ് ആല്യോ എ ഓള്യോ' ആണത്രേ!