Body Shaming| മുഖക്കുരുവിന്‍റെ പേരില്‍ കുറ്റപ്പെടുത്തലുകള്‍; അനുഭവം പങ്കുവച്ച് യുവതി
മുഖക്കുരു വന്നതിന്‍റെ പേരില്‍ കുറ്റപ്പെടുത്തലുകളും പരിഹാസവും നേരിട്ട ഒരു യുവതി പങ്കുവച്ച കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രജ്ഞാല്‍ എന്ന യുവതിയാണ് താന്‍ നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്നുപറഞ്ഞത്.
'ബോഡി ഷെയിമിങ്' (bodyshaming ) എന്ന വാക്ക് ഇപ്പോള്‍ പലര്‍ക്കും പരിചിതമാണ്. വണ്ണം കൂടിയതിന്‍റെയും ( over weight ) മെലിഞ്ഞിരിക്കുന്നതിന്‍റെയും (being slim) പേരിൽ, നിറത്തിന്‍റെയും ഉയരത്തിന്‍റെയും പേരില്‍... അങ്ങനെ ആളുകളുടെ പരിഹാസം (ridicule) നേരിടേണ്ടിവന്നവര്‍ നിരവധിയാണ്. പലർക്കും തങ്ങൾ ചെയ്യുന്നത് ബോഡി ഷെയിമിങ് ആണെന്ന് അറിയില്ല എന്നതാണ് മറ്റൊരു കാര്യം.
ഇത്തരത്തില്‍ മുഖക്കുരു വന്നതിന്‍റെ പേരില്‍ കുറ്റപ്പെടുത്തലുകളും പരിഹാസവും നേരിട്ട ഒരു യുവതി പങ്കുവച്ച കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രജ്ഞാല്‍ എന്ന യുവതിയാണ് താന്‍ നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്നുപറഞ്ഞത്. മുഖക്കുരു വ്യക്തമാകുന്ന തന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രജ്ഞാല്‍ ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്.
'മുഖക്കുരു വന്നതിനുശേഷം എന്നെ കാണുന്നവര്‍, പ്രത്യേകിച്ച് എന്‍റെ ബന്ധുക്കള്‍ ചോദിക്കുന്നത് ഇത് എന്ത് പറ്റിയതാണെന്നും ഡോക്ടറെ കാണിച്ചില്ലേ എന്നുമാണ്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ ഞാന്‍ ഇപ്പോഴും ചെരുപ്പ് ഊരി അടിച്ചിട്ടില്ല എന്നതാണ്' -പ്രജ്ഞാല്‍ ട്വിറ്ററില്‍ കുറിച്ചു.
എന്തോ ഗുരുതര രോഗം ബാധിച്ചത് പോലെയാണ് ആളുകള്‍ മുഖക്കുരുവിനെ കാണുന്നതെന്നും മറ്റുള്ളവരുടെ ശരീരപ്രകൃതിയെക്കുറിച്ച് അഭിപ്രായം പറയാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന രീതിയിലുമാണ് പലരുടെയും പെരുമാറ്റമെന്നും ഇതാണ് തന്നെ അലോസരപ്പെടുത്തുന്നതെന്നും പ്രജ്ഞാല്‍ പറഞ്ഞു. 'ചില സമയങ്ങളില്‍ മുഖക്കുരു വേദനയുണ്ടാക്കുന്നുണ്ട് എന്നത് ശരിയാണ്. ചിലപ്പോള്‍ ഡോക്ടറെ കാണേണ്ടതായും വരും. എന്നാല്‍ അത് നിങ്ങളുടെ മുഖം വൃത്തികേടായി തോന്നുന്നതുകൊണ്ടല്ല, മറിച്ച് മുറിവേല്‍പ്പിക്കപ്പെടുന്നതുകൊണ്ടാണ്'- യുവതി കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതിന്‍റെ കാരണവും പ്രജ്ഞാല്‍ വ്യക്തമാക്കി. ' ഇന്നലെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന ആളുകള്‍ മുഴുവന്‍ എന്റെ മുഖക്കുരു മാറ്റാനും മുഖത്തെ പാടുകള്‍ മായ്ക്കുന്നതിനുമുള്ള മരുന്നുകള്‍ പറഞ്ഞു തരുകയായിരുന്നു. അതും മര്യാദയോടയല്ല, പരുക്കന്‍ ഭാഷയിലായിരുന്നു'- പ്രജ്ഞാല്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
യുവതിയുടെ ഈ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോയ നിരവധി പേരാണ് ഈ പോസ്റ്റുകള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.
Also Read: 'എല്ലാ ശരീരങ്ങളും സുന്ദരമാണ്'; ബോഡി പോസിറ്റിവിറ്റി സന്ദേശവുമായി ഗായിക സെലീന ഗോമസ്