മെത്തയ്ക്കടിയിൽ ചെറിയൊരു അനക്കം, നോക്കിയപ്പോൾ കണ്ടത് 18 പാമ്പിൻ കുഞ്ഞുങ്ങൾ
ജോർജിയയിലെ അഗസ്റ്റിയയിലാണ് സംഭവം. പിടികൂടിയ പാമ്പുകളുടെ ചിത്രങ്ങൾ സഹിതം ട്രിഷ് വിവരങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചു. മുറിക്കുള്ളിൽ കണ്ട എല്ലാ പാമ്പുകളെയും പിടികൂടിയെങ്കിലും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ട്രിഷ് പറഞ്ഞു.
ട്രിഷ് വിൽഷർ എന്ന യുവതിയാണ് വീട്ടിലെ മുറിയിലെ കട്ടിലിന് താഴേ തറയിലൂടെ ഇഴഞ്ഞ് നീങ്ങിയ പാമ്പിനെ കാണുന്നത്. തൊട്ടുപിന്നാലെ മറ്റൊരു പാമ്പിനെയും കണ്ടതോടെ പേടിച്ച് ഇവർ ഭർത്താവ് മാക്സിനെ വിവരമറിയിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ കട്ടിലിലെ മെത്തയ്ക്കടിയിൽ എന്തോ ഒന്ന് അനങ്ങുന്നത് പോലെ യുവതിയ്ക്ക് തോന്നി.
എന്താണെന്ന് തുറന്ന് നോക്കിയ യുവതി ശരിക്കുമൊന്ന് ഞെട്ടി. മെത്തയ്ക്കടിയിൽ പാമ്പുകൾ... ഒന്നും രണ്ടും അല്ല 18 പാമ്പിൻ കുഞ്ഞുങ്ങൾ. ജോർജിയയിലെ അഗസ്റ്റിയയിലാണ് സംഭവം. പിടികൂടിയ പാമ്പുകളുടെ ചിത്രങ്ങൾ സഹിതം ട്രിഷ് വിവരങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചു.
മുറിക്കുള്ളിൽ കണ്ട എല്ലാ പാമ്പുകളെയും പിടികൂടിയെങ്കിലും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ട്രിഷ് പറഞ്ഞു. വിഷമില്ലാത്തയിനം പാമ്പുകളാണെന്ന് അറിഞ്ഞതോടെ ഭർത്താവ് മാക്സ് ഒരു ഇരുമ്പ് കൊണ്ടുള്ള ഉപകരണം ഉപയോഗിച്ച് പാമ്പുകളെ ഓരോന്നായി പിടിച്ച് ബാഗിലാക്കി.
വിഷമില്ലാത്തയിനം ഗാർട്ടർ പാമ്പുകളായിരുന്നു ഇത്. പിടികൂടിയ പാമ്പുകളെയെല്ലാം ആളൊഴിഞ്ഞ് പ്രദേശത്ത് കൊണ്ടുപോയി ഇവർ തുറന്നുവിട്ടു. വീടിന് സമീപത്ത് കാടുപിടിച്ചുകിടന്ന സ്ഥലം കഴിഞ്ഞാഴ്ച്ചയാണ് വൃത്തിയാക്കിയത്. ഒരുപക്ഷേ ഇവിടെ നിന്നാകാം പാമ്പുകൾ വീട്ടിനുള്ളിലെത്തിയതെന്ന് ട്രിഷ് പറയുന്നു.