'ആ അമ്മയോട് എങ്ങനെ പറയും നിങ്ങളുടെ കുഞ്ഞ് മരിച്ചുവെന്ന്...'; കണ്ണീരോടെ രക്ഷാപ്രവര്‍ത്തകൻ
'ഞാന്‍ നോക്കിനില്‍ക്കെ, എന്‍റെ കണ്‍മുന്നിലാണ് പാലം തകര്‍ന്ന് താഴെ വീണത്. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ്, രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കെ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു സ്ത്രീ എനിക്കരികില്‍ വന്ന് ഒരു ഫോട്ടോ കാണിച്ചു. അത് അവരുടെ കുഞ്ഞിന്‍റെ ഫോട്ടോ ആയിരുന്നു..'
രാജ്യത്തെ നടുക്കിയ അപകടമാണ് ഇന്നലെ വൈകീട്ടോടെ ഗുജറാത്തിലെ മോര്‍ബിയില്‍ സംഭവിച്ചത്. പുതുക്കിപ്പണിത തൂക്കുപാലം തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ച ദാരുണമായ അപകടത്തിന്‍റെ വിശദാംശങ്ങള്‍ വേദനയോടെയാണ് രാജ്യം കേള്‍ക്കുന്നത്. നിലവില്‍ നൂറ്റിയമ്പതിനടുത്ത് മരണമാണ് അപകടത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അഞ്ഞൂറോളം പേര്‍ ഉള്‍പ്പെട്ട ദുരന്തത്തില്‍ ഇനിയും മരണസംഖ്യ ഉയരുമെന്നതാണ് സൂചന.
എത്ര പേരെ രക്ഷപ്പെടുത്തിയെന്നോ, എത്ര പേര്‍ പാലം തകര്‍ന്നുവീണ പുഴയില്‍ മുങ്ങിയെന്നോ ഇനിയും സ്ഥിരീകരണമായിട്ടില്ല. അതിനാല്‍ തന്നെ ലഭിച്ച മൃതദേഹങ്ങളുടെ കണക്ക് മാത്രമാണ് പുറത്തുവരുന്നത്.
വൈകീട്ട് ആറരയോടെയാണ് മോര്‍ബിയിലെ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുവീണത്. ഈ സമയം ഒരു ഉത്സവം നടക്കുകയായിരുന്നു ഇവിടെ. അതിനാല്‍ തന്നെ ധാരാളം പേരും പാലത്തിലുണ്ടായിരുന്നു. നിമിഷങ്ങള്‍ കൊണ്ട് പാലം തകര്‍ന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനോ എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിനോ മുമ്പ് തന്നെ നൂറുകണക്കിന് മനുഷ്യര്‍ അലമുറകളോടെ പുഴയിലേക്ക് തെറിച്ചുവെന്നും ഇവര്‍ പറയുന്നു.
ആദ്യം നാട്ടുകാര്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് ദേശീയ ദുരന്തനിവാരണസേനയും സജീവമായി. ദുരന്തസ്ഥലത്ത് നിന്ന് ആദ്യദിനം പിന്നിടുമ്പോള്‍ ഹൃദയം നുറുങ്ങുംവിധത്തിലുള്ള കാഴ്ചകളാണ് പുറം ലോകത്തെ തേടിയെത്തുന്നത്. ഏതൊരു വലിയ അപകടവും അവശേഷിപ്പിക്കുന്ന കണ്ണീര്‍ക്കാഴ്ചകള്‍.
രക്ഷാപ്രവര്‍ത്തകരില്‍ ചിലര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരണങ്ങള്‍ തന്നെ ഈ അപകടത്തിന്‍റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്.
'ഞാന്‍ നോക്കിനില്‍ക്കെ, എന്‍റെ കണ്‍മുന്നിലാണ് പാലം തകര്‍ന്ന് താഴെ വീണത്. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ്, രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കെ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു സ്ത്രീ എനിക്കരികില്‍ വന്ന് ഒരു ഫോട്ടോ കാണിച്ചു. അത് അവരുടെ കുഞ്ഞിന്‍റെ ഫോട്ടോ ആയിരുന്നു. ഞാൻ രക്ഷപ്പെടുത്തിയവരില്‍ ആ കുഞ്ഞ് ഉണ്ടോയെന്നായിരുന്നു അവര്‍ അന്വേഷിച്ചത്. കുഞ്ഞ് മരിച്ചുപോയി എന്ന വിവരം എനിക്കവരോട് പറയാൻ സാധിച്ചില്ല. വല്ലാത്തൊരു ആഘാതമായിരുന്നു ആ നിമിഷങ്ങള്‍ എന്നിലുണ്ടാക്കിയത്...'- രാത്രി മുഴുവൻ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി നിന്ന നാട്ടുകാരനായ ആള്‍ പറയുന്നു.
ഇങ്ങനെ പലവിധത്തിലുള്ള വേദനാജനകമായ അനുഭവങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ മാധ്യമങ്ങളുമായി പങ്കിടുന്നത്. ഇപ്പോഴും സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. രാജ്കോട്ടില്‍ നിന്നുള്ള ബിജെപി എംപി മോഹൻഭായ് കല്യാണ്‍ജി കുന്ദരിയയുടെ അഞ്ച് മക്കള്‍ അപകടത്തില്‍ മരിച്ചു. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ മാത്രം 12 പേര്‍ക്കാണ് അപകടത്തില്‍ ജീവൻ നഷ്ടമായത്.
ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പാലം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഈ മാസം 25നാണ് തുറന്നത്. ചരിത്രപ്രാധാന്യമുള്ളതിനാല്‍ തന്നെ ഇവിടത്തെ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണീ പാലം. ദുരന്തത്തിന്‍റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ദുരന്തത്തിന് കാരണമായ അനാസ്ഥയില്‍ കടുത്ത പ്രതിഷേധമാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ നിന്നായി ഉയരുന്നത്.