കുട്ടികളിലെ 'പഠന വൈകല്യം'; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്...
പഠന വൈകല്യം എന്നാല്‍ ബുദ്ധിക്കുറവ് എന്നല്ല. ബുദ്ധിമാന്ദ്യം അഥവാ 'mental retardation' എന്നു പറയുന്നതും പഠന വൈകല്യം അഥവാ 'learning disability' എന്നു പറയുന്നതും വ്യത്യസ്തമാണ്. പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് 90 മുതല്‍ 110 വരെയുള്ള സാമാന്യ ബുദ്ധിയോ (Average Intelligence Quotient) അല്ലെങ്കില്‍ 110 ല്‍ മുകളില്‍ IQ ആണ് ഉണ്ടാവുക.
നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുമായി മാതാപിതാക്കള്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ സമീപിക്കുന്നു. “പരീക്ഷയ്ക്ക് വീട്ടില്‍ എല്ലാം നന്നായി പഠിപ്പിച്ച് അമ്മ അവനെ സ്കൂളിലേക്ക് അയക്കുന്നതാണ്. പക്ഷേ പരീക്ഷാ പേപ്പര്‍ കിട്ടിക്കഴിയുമ്പോള്‍ അതില്‍ കാര്യമായി അവന്‍ ഒന്നും എഴുതുന്നില്ല. ചോദ്യങ്ങള്‍ ചോദിച്ചാല്‍ എല്ലാം കൃത്യമായി അവന്‍ മറുപടി പറയും. പക്ഷേ എത്ര പറഞ്ഞാലും എഴുതില്ല എന്ന വാശിപോലെയാണ് അവന്. ഇങ്ങനെ മടിപിടിച്ച് മന:പൂര്‍വം എഴുതില്ല എന്നിങ്ങനെ അവന്‍ വാശിപിടിച്ചാല്‍ അവന്‍റെ ഭാവി എന്താവും. ഇക്കാരണത്താല്‍ എനിക്ക് എപ്പോഴും ടെന്‍ഷന്‍ ആണ്. പഠിക്കുമ്പോള്‍ മിക്ക സമയത്തും അവന് ശ്രദ്ധക്കുറവും ഉണ്ട്”- കുട്ടിയുടെ അമ്മ പറഞ്ഞു.
അവന്‍റെ പഠനത്തിലെ പ്രശ്നങ്ങളെപ്പറ്റിയും ശ്രദ്ധക്കുറവിനെപ്പറ്റിയും വിശദമായി ചോദിച്ചറിഞ്ഞ ശേഷം പഠനവൈകല്യം ഉണ്ടോ എന്നറിയാനുള്ള സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍ ചെയ്യേണ്ടതായുണ്ട്. ബുദ്ധിപരിശോധനയെന്നാല്‍ എന്താണ്, തലച്ചോറിന്‍റെ സ്കാനിങ്ങുപോലെ ഉള്ള പരിശോധനയാണോ എന്ന സംശയം അമ്മ പ്രകടിപ്പിച്ചു.
ഏകദേശം ഒരു മണിക്കൂറുവരെ സമയമെടുത്ത് കുട്ടിയുടെ ബുദ്ധി അളക്കാന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും, ഓരോ ചോദ്യത്തിനും ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ പറയാന്‍ ശ്രമിക്കുക എന്നതുമാണ് ബുദ്ധി പരിശോധന അല്ലെങ്കില്‍ IQ ( ഐക്യൂ) ടെസ്റ്റില്‍ ചെയ്യുന്നത്. ഇതോടൊപ്പം തന്നെ കുട്ടിക്ക് പഠനവൈകല്യം ഉണ്ടോ എന്നു കണ്ടെത്താന്‍ എഴുത്ത്, വായന, സ്പെല്ലിംഗ്, ഗണിതശാസ്ത്രത്തിലുള്ള കഴിവ്, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നുണ്ടോ, അക്ഷരങ്ങളുടെ ശബ്ദങ്ങള്‍ തമ്മിലുള്ള വ്യത്യാസം, കേള്‍ക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ എത്രമാത്രം നിൽക്കുന്നു, പഠിക്കുന്നത് എത്രമാത്രം മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്- ഇങ്ങനെ എല്ലാ മേഖലകളിലും കുട്ടിക്ക് എത്ര മാത്രം കഴിവുണ്ട് എന്നു നിര്‍ണ്ണയിക്കാന്‍ സൈക്കോളജിക്കല്‍ ടെസ്റ്റുകളിലൂടെ സാധിക്കും.
നെഗറ്റീവ് ചിന്തകൾ എങ്ങനെ മാറ്റിയെടുക്കാം; സൈക്കോളജിസ്റ്റ് എഴുതുന്നു...
പരിശോധനയില്‍ കുട്ടിക്ക് സാധാരണയില്‍ ഉയര്‍ന്ന ബുദ്ധി ഉണ്ടെന്നു കണ്ടെത്തി, ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുടെ നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നു, അതിനപ്പുറം അവനു കഴിയുന്നില്ല എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ശ്രദ്ധക്കുറവ് എന്ന പ്രശ്നവും അവനെ അലട്ടുന്നു എന്ന് കണ്ടെത്താനായി.
നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി മിനിമം രണ്ടു ക്ലാസ്സ് താഴെ, അതായത് രണ്ടാം ക്ലാസ്സിന്‍റെ ലെവലില്‍ എങ്കിലും എഴുതാന്‍ കഴിഞ്ഞില്ല എങ്കില്‍ അതു പഠന വൈകല്യത്തിന്‍റെ ലക്ഷണമാണ്. എന്നാല്‍ രണ്ടാം ക്ലാസിന്‍റെയോ മൂന്നാം ക്ലാസ്സിന്‍റെയോ ലെവലില്‍ എഴുതാനായാല്‍ അതു പഠന വൈകല്യമായി കണക്കാക്കാന്‍ കഴിയില്ല. അത്തരം സാഹചര്യങ്ങളില്‍ കുട്ടിക്കു 'remedial training' നല്‍കി അവന്‍റെ കഴിവുകള്‍ മെച്ചപ്പെടുത്തുകയാണ് ചെയ്യേണ്ടത്.
എന്നാല്‍ കുട്ടിക്ക് പഠന വൈകല്യം ആണ് എങ്കില്‍ 'remedial training' ഉറപ്പായും കുട്ടികള്‍ക്ക് നല്‍കുന്നതിനോടൊപ്പം കുട്ടിക്ക് പഠന വൈകല്യമാണ് എന്ന സര്‍ട്ടിഫിക്കറ്റുകൂടി സ്കൂളില്‍ നല്‍കേണ്ടത് കുട്ടിയുടെ പഠനം സ്ട്രെസ്സ് ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകണ്ടതിന് അത്യാവശ്യമാണ്.
മറ്റുള്ളവര്‍ അറിയും, അല്ലെങ്കില്‍ 'learning disability certificate' മോശമാണ് എന്നെല്ലാമുള്ള ചിന്ത മാറ്റിവയ്ക്കുക. സാധാരണയോ അല്ലെങ്കില്‍ അതില്‍ അധികമോ ബുദ്ധിയുള്ള എന്നാല്‍ ബുദ്ധിക്കനുസരിച്ച് എഴുത്ത്, വായന, ഗണിതം മുതലായ കഴിവുകളില്‍ ഏതെങ്കിലുമോ ഇല്ല എന്ന കാരണത്താല്‍ മുന്നോട്ടു മാനസിക സമ്മര്‍ദ്ദം കുറച്ചുകൊണ്ട് പഠിക്കാനുള്ള അവസരം കുട്ടിക്ക് നേടികൊടുക്കാതെ പോകുന്ന അവസ്ഥ ഒഴിവാക്കുക.
പഠന വൈകല്യം എന്നാല്‍ ബുദ്ധിക്കുറവ് എന്നല്ല. ബുദ്ധിമാന്ദ്യം അഥവാ mental retardation എന്നു പറയുന്നതും പഠന വൈകല്യം അഥവാ 'learning disability' എന്നു പറയുന്നതും വ്യത്യസ്തമാണ്. പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് 90 മുതല്‍ 110 വരെയുള്ള സാമാന്യ ബുദ്ധിയോ (Average Intelligence Quotient) അല്ലെങ്കില്‍ 110 ല്‍ മുകളില്‍ IQ ആണ് ഉണ്ടാവുക.
IQ 70 താഴെ ഉള്ള അവസ്ഥയാണ് mental retardation. ശരിയായ രോഗനിര്‍ണ്ണയം നടത്തി കുട്ടിക്ക് ആവശ്യമായ training തക്ക സമയം നല്‍കുക എന്നതാണ് പ്രധാനം. കുട്ടികളില്‍ പഠന വൈകല്യം, സ്വഭാവ പ്രശ്നങ്ങള്‍, ഭയം, മറ്റു മാനസിക പ്രശ്നങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞു ചികിത്സ നല്‍കാതെ പോകുന്ന അവസ്ഥ തടയാം. സാധാരണ കുട്ടികളെ പഠിപ്പിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി ചില പഠന മാര്‍ഗ്ഗങ്ങളിലൂടെ കുട്ടിയ്ക്ക് പഠനം എളുപ്പമാക്കലാണ് 'remedial training' ലൂടെ ചെയ്യുന്നത്.
മടി, ദേഷ്യം, വാശി, അടങ്ങി ഇരിക്കാന്‍ ബുദ്ധിമുട്ട്, ശ്രദ്ധക്കുറവ് എന്നിവ കുട്ടിക്കുണ്ട് എങ്കില്‍ അവ കണ്ടെത്തി മന:ശാസ്ത്ര ചികിത്സയായ 'ബിഹേവിയര്‍ തെറാപ്പിയി'ലൂടെ അവ മാറ്റിയെടുക്കാന്‍ കഴിയും.
എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,
Call: 8281933323.