ബാലികയുടെ മൃതദേഹം കരണ്ടുതിന്നുന്ന തെരുവുപട്ടി; യുപിയില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യം
അപകടം നടന്നയിടത്ത് നിന്ന് ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് തന്നെ പെണ്‍കുട്ടി മരിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം നടത്തേണ്ടെന്ന് കുടുംബം ആവശ്യപ്പെട്ടത് പ്രകാരം മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുനല്‍കിയെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിശദീകരണം
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാതശിശു മരിച്ചതായ സംഭവമുണ്ടായത്. ബന്ധുക്കള്‍ ഏറ്റുവാങ്ങുമ്പോള്‍ കുഞ്ഞിന്റെ ജീവനറ്റ ശരീരത്തില്‍ ഏതോ മൃഗത്തിന്റെ പല്ല് തട്ടി മുറിഞ്ഞ പാടുകളും ഉണ്ടായിരുന്നു. ആശുപത്രിയില്‍ കുഞ്ഞിന്റെ മൃതദേഹത്തിന് പോലും സംരക്ഷണം ലഭിച്ചില്ലെന്ന് കാട്ടി അന്ന് വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുമുണ്ടായത്.
ഏറെ വൈകാതെ തന്നെ സമാനമായൊരു സംഭവം കൂടി യുപിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. വാഹനാപകടത്തില്‍ മരിച്ച ബാലികയുടെ മൃതദേഹം തെരുവുപട്ടി കരണ്ടുതിന്നുന്ന ദൃശ്യമാണ് ഇപ്പോള്‍ യുപിയിലെ സംഭാലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രിക്കകത്തെ ഏതോ ആളൊഴിഞ്ഞ വാര്‍ഡില്‍ സ്‌ട്രെച്ചറില്‍ വെള്ളത്തുണി പുതപ്പിച്ച നിലയിലാണ് മൃതദേഹം. ആരും നോക്കാനില്ലെന്നത് പോലെ അനാഥമായി കിടത്തിയിരുന്ന മൃതദേഹം തെരുവുപട്ടി വന്ന് രുചിക്കുന്നതാണ് പിന്നീട് കാണുന്നത്. ആശുപത്രി അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നത്. സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ ദൃശ്യം ഇതിനോടകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
വലിയ തോതിലുള്ള പ്രതിഷേധമാണ് സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരായ്കയാണെന്നാണ് പ്രധാന വിമര്‍ശനം. സമാജ്വാദി പാര്‍ട്ടിയും സംഭവത്തിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്.
അപകടം നടന്നയിടത്ത് നിന്ന് ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് തന്നെ പെണ്‍കുട്ടി മരിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം നടത്തേണ്ടെന്ന് കുടുംബം ആവശ്യപ്പെട്ടത് പ്രകാരം മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുനല്‍കിയെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിശദീകരണം. ജീവനക്കാരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് തെരുവുപട്ടി ആശുപത്രിക്കകത്ത് കടന്നതെന്നും ഏതാനും നിമിഷങ്ങളുടെ അശ്രദ്ധയിലാണ് വിവാദപരമായ സംഭവം അരങ്ങേറിയതെന്നും അവര്‍ വിശദീകരിക്കുന്നു.
അതേസമയം മകള്‍ മരിച്ചെന്ന് അറിയിച്ച ശേഷം ഒന്നര മണിക്കൂറോളം മൃതദേഹം ആശുപത്രിക്കകത്ത് അനാഥമായി സൂക്ഷിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതിപ്പെടുന്നത്.
സംഭവത്തില്‍ വീഴ്ച പറ്റിയെന്നാരോപിച്ച് ഒരു ശുചീകരണ ജീവനക്കാരിയേയും വാര്‍ഡ് ബോയിയേയും ആശുപത്രി സസ്‌പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
Also Read:- മറഡോണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി; ശ്മശാന ജീവനക്കാര്‍ക്കെതിരെ വന്‍ പ്രതിഷേധം...