'ഇതെന്‍റെ അവസാനവീഡിയോ ആയിരിക്കും'; ഗാസയില്‍ നിന്നുള്ള നഴ്സിന്‍റെ വീഡിയോ...
കരഞ്ഞുകൊണ്ട് ഇവര്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയാണ്. ഇതെല്ലാം നടക്കുമ്പോള്‍ എവിടെയാണ് മനുഷ്യത്വമെന്ന് വിതുമ്പിക്കൊണ്ട് ഇവര്‍ ചോദിക്കുന്നു.
ഗാസയില്‍ ഇസ്രയേലിന്‍റെ വ്യോമാക്രമണം നടക്കുന്നതിന് മുമ്പായി ഇവിടെ നിന്ന് നഴ്സായ സ്ത്രീ പങ്കുവച്ച വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. സ്കോട്ട്‍ലൻഡ് സ്വദേശിയായ എലിസബത്ത് അല്‍ നക്‍ല സ്കോട്ട്ലൻഡ് മന്ത്രി ഹംസ യൂസഫിന്‍റെ ഭാര്യാമാതാവ് കൂടിയാണ്. ഹംസ യൂസഫ് ആണ് ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ഇത് തന്‍റെ അവസാനത്തെ വീഡിയോ ആകാമെന്ന മുഖവുരയോടെയാണ് എലിസബത്ത് സംസാരിച്ച് തുടങ്ങുന്നത്. ലക്ഷങ്ങള്‍ ഭക്ഷണവും വെള്ളവും പോലുമില്ലാതെ നരകിക്കുന്നുവെന്നും ആശുപത്രിയിലടക്കമുള്ളവരെ ഒന്നും മാറ്റാൻ സാധിക്കില്ല, അവര്‍ക്കെങ്ങും പോകാൻ കഴിയില്ലെന്നും എലിസബത്ത് പറയുന്നു.
തുടര്‍ന്ന് കരഞ്ഞുകൊണ്ട് ഇവര്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയാണ്. ഇതെല്ലാം നടക്കുമ്പോള്‍ എവിടെയാണ് മനുഷ്യത്വമെന്ന് വിതുമ്പിക്കൊണ്ട് ഇവര്‍ ചോദിക്കുന്നു. ഒടുവില്‍ ദൈവം ഞങ്ങളെ സഹായിക്കുമായിരിക്കും എന്ന ആത്മഗതത്തോടെയാണ് ഇവരുടെ വീഡിയോ അവസാനിക്കുന്നത്.
തന്‍റെ ഭാര്യാമാതാവ് അടക്കമുള്ളവര്‍ക്ക് ഗാസ വിടാൻ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റ് മനുഷ്യരെ പോലെ തന്നെ അവര്‍ക്കും എവിടേക്കും രക്ഷപ്പെട്ട് പോകാൻ കഴിയില്ല- അതിനുള്ള വഴിയില്ല എന്ന് കുറിച്ചുകൊണ്ടാണ് ഹംസ യൂസഫ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇതിന് ശേഷമാണ് ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി വാര്‍ത്ത വരുന്നത്. 70 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1900 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗാസയില്‍ നിന്ന് പാലായനം ചെയ്യുകയായിരുന്ന സംഘത്തിന് നേരെയാണത്രേ ആക്രമണം നടന്നത്. 24 മണിക്കൂറിനകം ഗാസ വിടണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് വന്ന ശേഷം പാലായനം ചെയ്തതായിരുന്നു സംഘം. പതിനായിരക്കണക്കിന് പേര്‍ ഇത്തരത്തില്‍ ഗാസ വിട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തിന്‍റെ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ലോകത്തിന്‍റെ പലയിടങ്ങളില്‍ നിന്നായി കടുത്ത പ്രതിഷേധമുയരുകയാണ്. ചേരി തിരിഞ്ഞ്- പക്ഷം പിടിച്ചുള്ള ചിന്തയല്ല- മറിച്ച് മനുഷ്യത്വത്തിന്‍റെ ഭാഷയാണ് തങ്ങള്‍ സംസാരിക്കുന്നതെന്നാണ് ഇവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്.
Also Read:- ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം; 70 പേർ കൊല്ലപ്പെട്ടു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-