Online Order : കുട്ടികളുടെ കയ്യില്‍ ഫോണും നല്‍കി മാറിയിരുന്നാല്‍ ഇതുതന്നെ വിധി
കുട്ടികളുമായി ബന്ധപ്പെട്ട് വരുന്ന വൈറല്‍ വാര്‍ത്തകളില്‍ നിന്ന് കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് പഠിക്കാനും മനസിലാക്കാനും ചിലത് കൂടി കാണും. അങ്ങനെയൊരു രസകരമായ സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്
നിത്യവും സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) രസകരമായ പല സംഭവവികാസങ്ങളും വാര്‍ത്തകളും വീഡിയോകളുമെല്ലാം ( Viral Video ) നാം കാണാറുണ്ട്. ഇവയില്‍ കുട്ടികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം കാഴ്ചക്കാരേറെയാണ്. അവരുടെ കുസൃതികളും കളികളുമെല്ലാം അല്‍പനേരത്തേക്ക് എങ്കിലും നമ്മെ മാനസിക സമ്മര്‍ദ്ദങ്ങളില്‍ ( Mental Stress ) നിന്നും വിരസതയില്‍ നിന്നുമെല്ലാം രക്ഷപ്പെടുത്തുന്നതാണ്.
പലപ്പോഴും ഇത്തരത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട് വരുന്ന വൈറല്‍ വാര്‍ത്തകളില്‍ നിന്ന് കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് പഠിക്കാനും മനസിലാക്കാനും ചിലത് കൂടി കാണും. അങ്ങനെയൊരു രസകരമായ സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്.
അമ്മയുടെ ഫോണ്‍ അല്‍പനേരത്തേക്ക് കളിക്കാന്‍ വേണ്ടി കയ്യിലാക്കിയ കുഞ്ഞ് ചെയ്ത കാര്യമാണ് വാര്‍ത്തയായിരിക്കുന്നത്. അമ്മ തന്നെയാണ് ഇക്കാര്യം ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
യുഎസിലെ ടെക്സാസ് സ്വദേശിനിയാണ് കെല്‍സി ഗോള്‍ഡന്‍. ഇവര്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്ന കെല്‍സി ജോലിയിലായിരിക്കെ രണ്ട് വയസുകാരനായ മകന് കളിക്കാനായി ഫോണ്‍ നല്‍കിയതാണ്. പിന്നീട് അല്‍പസമയം കഴിഞ്ഞപ്പോഴേക്ക് അവിടെ അടുത്തുള്ള മെക് ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റില്‍ നിന്ന് കെല്‍സിക്ക് ഒരു സന്ദേശം ലഭിച്ചു.
വലിയ ഓര്‍ഡര്‍ ആയതിനാല്‍ പതിവിലും അധികം സമയമെടുക്കുമെന്നായിരുന്നു സന്ദേശം. അതിന് താന്‍ ഒന്നും ഓര്‍ഡര്‍ ചെയ്തില്ലല്ലോ എന്ന സംശയത്തിൽ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മെക് ഡൊണാള്‍ഡ്സില്‍ നിന്ന് 31 ചീസ് ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.
മകന് കളിക്കാന്‍ ഫോണ്‍ നല്‍കിയ സമയത്ത് അവന്‍ ഓര്‍ഡര്‍ ചെയ്തതാണ് ഇത്രയും ബര്‍ഗര്‍. ഓര്‍ഡര്‍ ക്യാൻസല്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ തന്നെ അത് വരട്ടെയെന്ന് കെല്‍സിയും കരുതി. 31 ബര്‍ഗറിന് തന്നെ ഒരു സംഖ്യയായിരുന്നു. ഇതിന് പുറമെ ഡെലിവെറി ബോയിക്ക് നല്ലൊരു ടിപ്പും മകന്‍ നല്‍കിയിരുന്നു.
എങ്കിലും കുഞ്ഞിനെ വഴക്ക് പറയാതെ ആ ബര്‍ഗറുകള്‍ക്ക് ആവശ്യക്കാരെ തേടുകയാണ് കെല്‍സി ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം കെല്‍സി അറിയിച്ചു. അങ്ങനെയാണ് കുട്ടിക്കുറുമ്പന്‍റെ കുസൃതി വൈറലായത്. ഓര്‍ഡര്‍ ചെയ്ത് എത്തിയ ബര്‍ഗറുകളുടെ കൂട്ടത്തിലിരുന്ന് സന്തോഷത്തോടെ ബര്‍ഗര്‍ കഴിക്കുന്ന കുഞ്ഞിന്‍റെ ചിത്രവും കെല്‍സി പങ്കുവച്ചിട്ടുണ്ട്.
കുസൃതികളായ കുരുന്നുകള്‍ക്ക് കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് ഈ സംഭവം നല്‍കുന്നത്. ഭാരിച്ച സംഖ്യക്ക് ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യല്‍ മാത്രമല്ല, പലവിധത്തിലുള്ള ഓണ്‍ലൈന്‍ ഇടപെടലുകളും കുഞ്ഞുങ്ങള്‍ നടത്തിയേക്കാം. സോഷ്യല്‍ മീഡിയയില്‍ ലൈവ് ക്യാമറ ഓണ്‍ ചെയ്യുന്നതടക്കം കുട്ടികള്‍ ചെയ്യുന്ന അപകടകങ്ങള്‍ പലതാണ്. ഇതെല്ലാം മാതാപിതാക്കള്‍ തന്നെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ഈ സംഭവം നടത്തുന്നു.
Also Read:- 'അങ്ങനെ കളിപ്പിക്കേണ്ട'; കുഞ്ഞിന്റെ രസകരമായ വീഡിയോ