Covid 19 India : കൊവിഡ് നിയന്ത്രണങ്ങള്‍ നോക്കാതെ വളര്‍ത്തുനായയുടെ പിറന്നാളാഘോഷിച്ചവര്‍ അറസ്റ്റില്‍
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ വളര്‍ത്തുനായയുടെ പിറന്നാള്‍ വിപുലമായി ആഘോഷിച്ച മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അഹമ്മദാബാദിലെ കൃഷ്ണ നഗറിലാണ് സംഭവം
രാജ്യത്ത് കൊവിഡ് കേസുകള്‍ ( Covid 19 India ) ഉയരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും ലോക്ഡൗണിന് ( Lockdown India ) സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിവേഗം രോഗവ്യാപനം നടത്തുന്ന വൈറസ് വകഭേദമായ ഒമിക്രോണ്‍ ( Omicron India ) ആശങ്ക പരത്തുന്ന പശ്ചാത്തലത്തില്‍ നാമോരോരുത്തരും നിര്‍ബന്ധമായും കൊവിഡ് പ്രതിരോധ നടപടികളില്‍ പങ്കാളികളാകേണ്ടതുണ്ട്.
എന്നാല്‍ ഇപ്പോഴും സാഹചര്യങ്ങളുടെ തീവ്രത മനസലിാക്കാതെ പലരും കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. അത്തരക്കാരെ കര്‍ശനമായി നിയന്ത്രിക്കുകയും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യേണ്ടത് അതത് സര്‍ക്കാരുകളുടെ ബാധ്യത തന്നെയാണ്.
അതിനാലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളാന്‍ പൊലീസും സര്‍ക്കാരുകളും ഒരുങ്ങുന്നത്. സമാനമായൊരു സംഭവമാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ വളര്‍ത്തുനായയുടെ പിറന്നാള്‍ വിപുലമായി ആഘോഷിച്ച മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അഹമ്മദാബാദിലെ കൃഷ്ണ നഗറിലാണ് സംഭവം. നാട്ടുകാരെ മുഴുവന്‍ വിളിച്ചുചേര്‍ത്ത്, ഗാനമേളയും കേക്ക് കട്ടിംഗുമെല്ലാമായി കാര്യമായ പിറന്നാളാഘോഷമാണ് യുവാക്കള്‍ നടത്തിയത്.
കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ഇത്. ചിരാഗ് പട്ടേല്‍, ഉര്‍വിശ് പട്ടേല്‍, ദിവ്യേഷ് മെഹ്രിയ എന്നീ യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ വളര്‍ത്തുനായയുടെ പിറന്നാളാഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഇത്തരം പ്രവണതകള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ് പൊലീസ് നടപടി. ഗുജറാത്തില്‍ പ്രതിദിന കൊവിഡ് കണക്ക് 5,500നടുത്ത് എത്തിനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതില്‍ തന്നെ പകുതിയോളം കേസുകളും അഹമ്മദാബാദില്‍ നിന്നാണ്.
Also Read:- 'വൈലന്റ്' ആയി പിറ്റ്ബുള്‍; രക്ഷയായി വനിതാ ഡ്രൈവര്‍