വ്യക്തിത്വവും ജീവിതവും മെച്ചപ്പെടുത്താം; സ്വയം ഈ മാറ്റങ്ങള്‍ വരുത്തിനോക്കൂ...
മുന്നോട്ട് പോകുംതോറും നാം സ്വയം പരിഷ്കരിക്കുകയും നമ്മുടെ വ്യക്തിത്വം മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് ഇത്തരത്തില്‍ സ്വയം മെച്ചപ്പെടുത്തിയെടുക്കാൻ സഹായകമാകുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഓരോ വ്യക്തിയും ജനിച്ച്, ജീവിച്ചുവളരുന്ന ചുറ്റുപാടുകള്‍ വ്യത്യസ്തമാണ്. വ്യക്തിത്വ രൂപീകരണത്തിലും ജീവിതത്തിലും ഇക്കാര്യങ്ങളെല്ലാം സ്വാധീനഘടകങ്ങളായി മാറും. ഇവയില്‍ പലതും നമുക്ക് ഗുണകരമായി വരാം. എന്നാല്‍ ചിലത് നമ്മെ ദോഷമായി ബാധിക്കുന്ന രീതിയിലും വരാം.
എന്തായാലും മുന്നോട്ട് പോകുംതോറും നാം സ്വയം പരിഷ്കരിക്കുകയും നമ്മുടെ വ്യക്തിത്വം മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് ഇത്തരത്തില്‍ സ്വയം മെച്ചപ്പെടുത്തിയെടുക്കാൻ സഹായകമാകുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ഇത് ഡിജിറ്റല്‍ യുഗമാണ്. എല്ലാവരിലും തങ്ങളുടെ മൊബൈല്‍ ഫോണ്‍ തുറന്നിടുന്ന വിശാലമായ ലോകത്താണ് ജീവിക്കുന്നത്. ഇതൊരു മോശം കാര്യമോ, തെറ്റോ അല്ല. എന്നാല്‍ ദിവസത്തില്‍ ഭൂരിഭാഗം സമയവും ഫോണില്‍ തന്നെ ചെലവിടുന്നത് ഒഴിവാക്കാം. നടത്തം പോലുള്ള കായികമായ കാര്യങ്ങള്‍- വര്‍ക്കൗട്ട്, കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ ഒപ്പം സമയം ചെലവിടല്‍ തുടങ്ങി പല കാര്യങ്ങളിലും പങ്കാളിയാകാൻ ശ്രമിക്കാം. ഇത് തീര്‍ച്ചയായും വളരെ പോസിറ്റീവ് ആയ മാറ്റം നിങ്ങളില്‍ കൊണ്ടുവരും.
രണ്ട്...
രാവിലെ വൈകി എഴുന്നേല്‍ക്കുന്ന ശീലവും രാത്രിയില്‍ വൈകി ഉറങ്ങുന്ന ശീലവും ഉണ്ടെങ്കില്‍ അത് മാറ്റുക. രാത്രി അല്‍പം വൈകുന്നതിലോ അവധി ദിവസങ്ങളില്‍ രാവിലെ അധികസമയം ഉറങ്ങുന്നതിലോ ഒന്നും മോശം കാണേണ്ടതില്ല. എന്നാല്‍ പതിവായി രാത്രി വൈകി ഉറങ്ങുന്നതും രാവിലെ വൈകി ഉണരുന്നതും വ്യക്തിയെ എല്ലാ രീതിയിലും ദോഷകരമായേ ബാധിക്കൂ.
മൂന്ന്...
മറ്റുള്ളവരോട് ഇടപെടുമ്പോള്‍ ചിന്തിക്കാതെ പെട്ടെന്ന് ചാടിക്കയറി സംസാരിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഈ ശീലം മാറ്റുക. ചിന്തിച്ച ശേഷം മാത്രം സംസാരിക്കുക. ഇതൊരുപാട് പ്രശ്നങ്ങളെ അകറ്റിനിര്‍ത്താൻ സഹായിക്കും.
നാല്...
കള്ളം പറയുന്ന ശീലം പാടെ ഉപേക്ഷിക്കാൻ ശ്രമിക്കണം. കള്ളം പറയുന്നത് വ്യക്തിയെ ഒരിക്കലും വളര്‍ച്ചയിലേക്ക് നയിക്കില്ലെന്ന് മനസിലാക്കുക. ഇത് മാനസികാരോഗ്യത്തിനും നല്ലതല്ല. കഴിവതും സത്യസന്ധമായി നില്‍ക്കുക. എന്നാല്‍ മറ്റുള്ളവരെ അലോസരപ്പെടുത്തുംവിധത്തിലോ, സ്വന്തം നിലനില്‍പിനെ അപകടപ്പെടുത്തുംവിധമോ ഉള്ള സത്യങ്ങള്‍ പറയാതിരിക്കാനും പഠിക്കണം.
അഞ്ച്...
മാനസികമായി മോശമായി തോന്നുന്ന സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് തന്നെ സ്വയം തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുക, കലാപരമായോ ക്രിയാത്മകമായോ ഉള്ള കഴിവുകള്‍ പരിപോഷിപ്പിച്ച് അതില്‍ സജീവമാവുക തുടങ്ങിയ കാര്യങ്ങള്‍ അവലംബിക്കാവുന്നതാണ്.
ആറ്...
ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന വ്യക്തിത്വമാണോ നിങ്ങളുടേത്? എങ്കില്‍ നിങ്ങള്‍ക്ക് ഭാവിയില്‍ വളര്‍ച്ചയുണ്ടാകില്ലെന്ന് തിരിച്ചറിയുക. ഒഴിവുകഴിവുകള്‍ (എക്സ്ക്യൂസുകള്‍) പറയുന്നത് നിര്‍ത്തി സമയത്തിന് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാൻ പരമാവധി ശ്രദ്ധിക്കുക. എല്ലാ കാര്യങ്ങളും ഭംഗിയായി- കൃത്യമായി ചെയ്യാൻ എല്ലാവര്‍ക്കും സാധിക്കില്ല. എന്നാല്‍ അലസത നിങ്ങളെ ഭരിച്ചുകീഴ്പ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക.
Also Read:- കുട്ടികളോട് ഇടപെടുമ്പോള്‍ ക്ഷമ നശിച്ച് ദേഷ്യപ്പെടുന്നത് പതിവാണോ?