സ്വന്തം മരണത്തെ കുറിച്ച് എഴുതാൻ കുട്ടികളോട് പറഞ്ഞു; അധ്യാപകനെതിരെ ശിക്ഷാനടപടി
അധ്യാപകൻ പറഞ്ഞതനുസരിച്ച് കുട്ടികള്‍ ഇത് ചെയ്തു. എന്നാല്‍ വൈകാതെ തന്നെ ഇക്കാര്യം സ്കൂളിലെ മറ്റ് അധ്യാപകരും ജീവനക്കാരും അറിയുകയും അവരില്‍ പലര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പ് തോന്നുകയുമായിരുന്നു. അങ്ങനെ ഇവരാണ് സംഭവം സ്കൂള്‍ അധികൃതരോട് പരാതിപ്പെട്ടത്.
സ്കൂളുകളില്‍ പാഠ്യേതര വിഷയങ്ങളിലും കുട്ടികള്‍ക്ക് ആവശ്യത്തിന് പരിശീലനവും അറിവുമെല്ലാം അധ്യാപകര്‍ പകര്‍ന്നുകൊടുക്കാറുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ശാരീരിക- മാനസികാരോഗ്യാവസ്ഥകളെ കുറിച്ച് മനസിലാക്കുന്നതിനുള്ള കാര്യങ്ങളും പ്രവര്‍ത്തനങ്ങളും അധ്യാപകര്‍ ചെയ്യാറുണ്ട്.
ഇത്തരത്തില്‍ കുട്ടികളുടെ മാനസികാരോഗ്യാവസ്ഥ പരിശോധിക്കുന്നതിന്‍റെ ഭാഗമായി അവര്‍ക്ക് നല്‍കിയൊരു അസൈൻമെന്‍റിന്‍റെ പേരില്‍ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് ഒരു അധ്യാപകന്. യുഎസിലെ ഫ്ളോറിഡയിലാണ് വ്യത്യസ്തമായ സംഭവമുണ്ടായിരിക്കുന്നത്.
ജെഫ്രി കീൻ എന്ന സൈക്കോളജി അധ്യാപകൻ, കുട്ടികള്‍ക്ക് നല്‍കിയ അസൈൻമെന്‍റാണ് വിവാദത്തിലായത്. സ്വന്തം ചരമക്കുറിപ്പ് എഴുതാനാണ് ഇദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടത്.
അധ്യാപകൻ പറഞ്ഞതനുസരിച്ച് കുട്ടികള്‍ ഇത് ചെയ്തു. എന്നാല്‍ വൈകാതെ തന്നെ ഇക്കാര്യം സ്കൂളിലെ മറ്റ് അധ്യാപകരും ജീവനക്കാരും അറിയുകയും അവരില്‍ പലര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പ് തോന്നുകയുമായിരുന്നു. അങ്ങനെ ഇവരാണ് സംഭവം സ്കൂള്‍ അധികൃതരോട് പരാതിപ്പെട്ടത്.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അധ്യാപകനെ പിരിച്ചുവിടുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു. ഇത്തരത്തിലൊരു അസൈൻമെന്‍റ് കുട്ടികള്‍ക്ക് നല്‍കുന്നത് ഉചിതമായ തീരുമാനമല്ലെന്നും അത് കുട്ടികളുടെ മാനസികാവസ്ഥയെ മോശമായി ബാധിക്കുമെന്നുമാണ് സ്കൂള്‍ അധികൃതര്‍ ഇതിന് നല്‍കിയ വിശദീകരണം.
അതേസമയം 11,12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മരണത്തെ കുറിച്ച് അറിവുണ്ടായിരിക്കുമെന്നും അതുകൊണ്ട് തന്നെ അതെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവരുടെ മനസിനെ മോശമായി ബാധിക്കുമെന്നല്ല, മറിച്ച് ജീവിതത്തെ കുറിച്ച് കുറെക്കൂടി അവബോധമുണ്ടാക്കാൻ അവരെ സഹായിക്കും- അതുതന്നെയായിരുന്നു തന്‍റെ ലക്ഷ്യമെന്നുമാണ് ജെഫ്രിൻ കീൻ അറിയിക്കുന്നത്.
എന്തായാലും അധ്യാപകന്‍റെ വ്യത്യസ്തമായ അസൈൻമെന്‍റും അതിന് പിന്നാലെ അദ്ദേഹം നേരിട്ട നടപടിയുമെല്ലാം വാര്‍ത്തകളില്‍ വലിയ രീതിയിലാണ് ഇടം നേടിയിരിക്കുന്നത്. ഒരു വിഭാഗം പേര്‍ അധ്യാപകനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിക്കുമ്പോള്‍ മറുവിഭാഗം അധ്യാപകന്‍റെ വ്യത്യസ്തമായ പരീക്ഷണത്തിന് പിന്തുണ അറിയിക്കുകയാണ് ചെയ്യുന്നത്. പരമ്പരാഗത രീതികളില്‍ നിന്ന് മാറിക്കൊണ്ട് കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകര്‍ കാലത്തിനാവശ്യമാണെന്നും ഇവര്‍ വാദിക്കുന്നു.