കാനഡയ്ക്കുള്ള വിസ വൈകിയതിൽ നിരാശ; വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന്‍റെ പിറ്റേന്ന് വിസയെത്തി

വിസയ്ക്ക് അപേക്ഷിച്ച് ഏറെ നാളായിട്ടും ഇതില്‍ വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അസ്വസ്ഥനായിരുന്നു വികാസ്. ഇതിനിടെ സുഹൃത്തിന് വിസ ലഭിക്കുക കൂടി ചെയ്തതോടെ വികാസ് നിരാശയിലേക്ക് വീണു. കൂട്ടത്തില്‍ പഞ്ചാബില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിഷേധിക്കപ്പെട്ടതായ വാര്‍ത്തയും വന്നതോടെ വികാസ് കൂടുതല്‍ നിരാശനായി എന്നാണ് കരുതപ്പെടുന്നത്.

student committed suicide after visa delayed but visa arrived just after his death

പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമ്പോള്‍, നിരാശ കയറുമ്പോള്‍ ഉടൻ തന്നെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഈ ചിന്ത എത്രമാത്രം ബുദ്ധിശൂന്യമാണെന്ന് തിരിച്ചറിയാൻ പലപ്പോഴും അപ്പോഴത്തെ മാനസികാവസ്ഥയില്‍ നമുക്ക് സാധിക്കണമെന്നില്ല. ഇങ്ങനെ ജീവൻ നഷ്ടപ്പെടുത്തിയവര്‍ എത്രയോ ഉണ്ട് നമുക്കിടയില്‍.

അത്തരത്തില്‍ ദാരുണമായൊരു വാര്‍ത്തയാണ് ഹരിയാനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഉന്നതപഠനത്തിനായി കാനഡയിലേക്ക് പോകാനൊരുങ്ങിയിരുന്ന ഒരു വിദ്യാര്‍ത്ഥി വിസ വൈകിയതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തിരിക്കുന്നു. ഇതില്‍ ഏറ്റവും ദുഖകരമായ സംഗതിയെന്തെന്നാല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന്‍റെ പിറ്റേന്ന് വിസയെത്തി എന്നതാണ്. 

ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശിയായ വികേഷ് സായിനി എന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ഡിഗ്രി പഠനത്തിന് ശേഷം തുടര്‍പഠനത്തിനായി കാനഡയില്‍ പോകാനായിരുന്നു വികാസിന്‍റെ ആഗ്രഹം. സര്‍ക്കാര്‍ ജോലിക്കാരനായ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും ഒരു സഹോദരനും അടങ്ങുന്നതാണ് വികാസിന്‍റെ കുടുംബം. പഠനത്തിനായി അനുകൂലമായ സാഹചര്യമായിരുന്നു വികാസിനുണ്ടായിരുന്നത്.

എന്നാല്‍ വിസയ്ക്ക് അപേക്ഷിച്ച് ഏറെ നാളായിട്ടും ഇതില്‍ വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അസ്വസ്ഥനായിരുന്നു വികാസ്. ഇതിനിടെ സുഹൃത്തിന് വിസ ലഭിക്കുക കൂടി ചെയ്തതോടെ വികാസ് നിരാശയിലേക്ക് വീണു. കൂട്ടത്തില്‍ പഞ്ചാബില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിഷേധിക്കപ്പെട്ടതായ വാര്‍ത്തയും വന്നതോടെ വികാസ് കൂടുതല്‍ നിരാശനായി എന്നാണ് കരുതപ്പെടുന്നത്.

ഇതോടെയാണ് യുവാവ് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നത്. സമീപത്തുള്ള കനാലിലേക്ക് ചാടിയായിരുന്നു വികാസ് മരണം വരിച്ചത്. ബുധനാഴ്ച രാത്രി മുതല്‍ വികാസിനെ കാണാതായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് വീട്ടുകാര്‍ ഇക്കാര്യം മനസിലാക്കുന്നത്. തുടര്‍ന്ന് പൊലീസും വീട്ടുകാരും ചേര്‍ന്ന് അന്വേഷിച്ചെങ്കിലും ആദ്യം വിവരമൊന്നും ലഭിച്ചില്ല. പിന്നീട് കനാലിന് സമീപത്തായി വികാസിന്‍റെ മോട്ടോര്‍ബൈക്കും ചെരുപ്പും കണ്ടെത്തി. എന്നാല്‍ ആളെ കണ്ടെത്താൻ സാധിച്ചില്ല. വെള്ളിയാഴ്ചയോടെ കനാലില്‍ മൃതദേഹം പൊങ്ങുകയായിരുന്നു. ഇതിന് മുമ്പ് തന്നെ കാനഡയിലേക്കുള്ള വിസ വീട്ടിലെത്തിയിരുന്നു. 

തീര്‍ത്തും ദുഖകരമായ സംഭവം യുവാക്കള്‍ക്കെല്ലാം ഒരു ഓര്‍മ്മപ്പെടുത്തലാണ്. കരിയറിലോ പഠനത്തിലോ പ്രണയബന്ധത്തിലോ എല്ലാം തോല്‍വികളും തടസങ്ങളും നേരിടുന്നത് സ്വാഭാവികമാണ്. എന്നാല്‍ താല്‍ക്കാലികമായ ഈ നിരാശയില്‍ ജീവിതം അവസാനിപ്പിക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് എത്തരുത്. 

ആത്മഹത്യയെന്ന ചിന്ത മനസില്‍ ഉടലെടുക്കുന്നതില്‍ തെറ്റ് പറയാൻ സാധിക്കില്ല. എന്നാല്‍ അതിലേക്ക് പ്രായോഗികമായി കടക്കുന്നതിന് മുമ്പെ ബുദ്ധിപൂര്‍വം ചിന്തിക്കുക. വൈകാരികമായി തീരുമാനങ്ങളെടുക്കുന്നത് എല്ലായ്പോഴും മണ്ടത്തരമാണ്. നാം പ്രതീക്ഷിക്കുന്നതോ ആഗ്രഹിക്കുന്നതോ ആയ ജീവിതം ലഭിച്ചില്ലെങ്കിലും പരമാവധി നമുക്ക് നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്തിയെടുക്കാനുള്ള ശ്രമം നടത്താം. എന്തെന്നാല്‍ അത്രമാത്രം അമൂല്യമാണ് ജീവിതമെന്ന് മനസില്‍ ഉറപ്പിച്ച്, സന്തോഷപൂര്‍വം അതിനായി സ്വയം സമര്‍പ്പിക്കുക. 

Also Read:- ഒരേ സിനിമ 20 തവണ കണ്ട ശേഷം അനുകരിച്ചു; യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു

Latest Videos
Follow Us:
Download App:
  • android
  • ios