Home Interior : ചുവര് പൊളിയുന്നതും പൂപ്പല്‍ പിടിക്കുന്നതും എന്തുകൊണ്ട്?; അറിഞ്ഞിരിക്കേണ്ടത്...
''നമ്മുടെ നാട്ടിലെ ചുവരുകളില്‍ തറയോട് ചേര്‍ന്ന ഏതാനും അടി ഉയരത്തില്‍ പെയിന്റ് പൊളിഞ്ഞ് പോവുകയും വെളുത്ത നിറത്തില്‍ പൂപ്പല്‍ പിടിച്ചതുപോലെ ഒരു പൊടി കാണപ്പെടുകയും ചെയ്യുന്നത് സര്‍വ്വ സാധാരണമാണ്. ഇതിന്റെ കാരണങ്ങള്‍ കോണ്ട്രാക്റ്റര്‍മ്മാരോടോ നാടന്‍ മേസ്തിരിമാരോടോ എന്നു വേണ്ട എഞ്ചിനീയര്‍മ്മാരോട് വരെ ചോദിച്ചാല്‍ പല തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്നത് കേള്‍ക്കാം...''
നമ്മുടെയെല്ലാം വീടുകളില്‍ പതിവായി ( Home Interior ) കാണുന്നൊരു പ്രശ്‌നമാണ് ചുവരില്‍ ഈര്‍പ്പം കാണുന്നതും, ( Wall Fungus ) ചുവര് വിണ്ട് പൂപ്പല്‍ പിടിക്കുന്നതുമെല്ലാം. ഇതിന് പിന്നില്‍ പല കാരണങ്ങളും ഉള്ളതായി പറയപ്പെടുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
ഈ പ്രതിഭാസത്തെ കുറിച്ച് ശാസ്ത്രീയമായി വിശദീകരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും യൂട്യൂബറുമായ സുജിത് കുമാര്‍. നിരവധി പേരാണ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കപ്പെട്ട ഈ കുറിപ്പ് വായിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതും ഷെയര്‍ ചെയ്യുന്നതും.
സുജിത്തിന്റെ കുറിപ്പ് വായിക്കാം...
നമ്മുടെ നാട്ടിലെ ചുവരുകളില്‍ തറയോട് ചേര്‍ന്ന ഏതാനും അടി ഉയരത്തില്‍ പെയിന്റ് പൊളിഞ്ഞ് പോവുകയും വെളുത്ത നിറത്തില്‍ പൂപ്പല്‍ പിടിച്ചതുപോലെ ഒരു പൊടി കാണപ്പെടുകയും ചെയ്യുന്നത് സര്‍വ്വ സാധാരണമാണ്. ഇതിന്റെ കാരണങ്ങള്‍ കോണ്ട്രാക്റ്റര്‍മ്മാരോടോ നാടന്‍ മേസ്തിരിമാരോടോ എന്നു വേണ്ട എഞ്ചിനീയര്‍മ്മാരോട് വരെ ചോദിച്ചാല്‍ പല തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്നത് കേള്‍ക്കാം. പക്ഷേ സൊലൂഷനുകള്‍ മിക്കവാറും ഫലപ്രദവും ആകാറില്ല. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?
ചിലര്‍ പറയും തറയില്‍ നിന്ന് നനവ് കയറുന്നതുകൊണ്ടാണെന്ന് പക്ഷേ ബഹുനില വീടൂകളുടെയും ഫ്‌ലാറ്റുകളുടെയുമൊക്കെ ചുവരുകളില്‍ ഇത് കാണാം. ചിലര്‍ പറയും ഉപ്പുള്ള മണല്‍ കൊണ്ട് വീട് പണിതിട്ടാണെന്ന്, മറ്റ് ചിലര്‍ പറയും വീടീന്റെ പ്ലംബിംഗില്‍ തകരാറുണ്ട് എവിടെയെങ്കിലും വെള്ളം കിനിയുന്നുണ്ടാകുമെന്ന് അങ്ങനെ പല അഭിപ്രായങ്ങള്‍ കേള്‍ക്കാം. വാട്ടര്‍ പ്രൂഫിംഗ് ബിസിനസ് ചെയ്യുന്നവരാകട്ടെ അവരുടെ കയ്യിലുള്ള ഒരേ ഒരു സൊലൂഷന്‍ ആയ വാട്ടര്‍ പ്രൂഫിംഗ് ആണ് ഏക പരിഹാരം എന്നൊക്കെ നിര്‍ദ്ദേശിച്ച് കളയും.
ഈ പറഞ്ഞ അഭിപ്രായങ്ങളിലൊക്കെ വസ്തുതകളുടെ അംശം ഉണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരുമിച്ച് ചേരുന്നതാണ് പ്രശ്‌നകാരണമെന്നാലും ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത തരം പ്രശ്‌നങ്ങള്‍ ഉള്ളതിനാലും ഇക്കാര്യത്തില്‍ ഒരു സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തുന്നതുപോലെയുള്ളതോ ശാശ്വതമായതോ ആയ പരിഹാരം ഇല്ല എന്നതാണ് വസ്തുത. സ്വന്തം വീട്ടീല്‍ കറന്റ് പോയാല്‍ ജനല്‍ തുറന്ന് നോക്കുമ്പോള്‍ അടുത്ത വീട്ടിലും പോയിട്ടുണ്ടെന്ന് കാണുമ്പോള്‍ ഒരു ആശ്വാസം ലഭിക്കുന്നതുപോലെ ആശ്വാസം ലഭിക്കാനായി പറയാം , ഇത് നിങ്ങളുടെ വീട്ടീലെ മാത്രം പ്രശ്‌നമല്ല, ലോകത്തെല്ലായിടത്തും ഏറിയും കുറഞ്ഞുമൊക്കെ പല തരത്തില്‍ കാണപ്പെടൂന്ന ഒരു പ്രതിഭാസം ആണ്. എന്തായാലും ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കാം.
ശാസ്ത്രീയ ഭാഷയില്‍ പറഞ്ഞാല്‍ 'എഫ്‌ലോറസെന്‍സ്' ' എന്ന പ്രതിഭാസം ആണ് ഈ പറഞ്ഞ കുഴപ്പങ്ങള്‍ക്ക് കാരണം. എന്താണ് എഫ്‌ലോറസന്‍സ് ? കോണ്‍ക്രീറ്റിനകത്തുള്ള ലവണാംശം (saline) ഉള്ള ഈര്‍പ്പം ബാഷ്പീകരിക്കപ്പെടുമ്പോള്‍ വെള്ളം ബാഷ്പമായിപ്പോവുകയും ബാക്കിയുള്ള ലവണങ്ങള്‍ പൊടിയായി പ്രതലങ്ങളില്‍ അവശേഷിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് എഫ്‌ലൊറസെന്‍സ്. സംഗതി വളരെ ലളിതമാണെങ്കിലും അതിന്റെ കാരണങ്ങള്‍ സങ്കീര്‍ണ്ണമായതിനാല്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ മിക്കപ്പോഴും യാതൊരു ഫലവും നല്‍കാറില്ല.
എഫ്‌ലോറസന്‍സ് രണ്ട് തരത്തില്‍ ഉണ്ട്. ഒന്ന് പ്രൈമറി എഫ്‌ലോറസന്‍സ്, രണ്ടാമത്തേത് സെക്കന്ററി എഫ്‌ലോറസന്‍സ്.
കോണ്‍ക്രീറ്റും പ്ലാസ്റ്ററിംഗും എല്ലാം സെറ്റാകുന്ന ക്യൂറിംഗ് സ്റ്റെജില്‍ ഉള്ളതാണ് പ്രൈമറി എഫ്‌ലോറസന്‍സ്. അതായത് കോണ്‍ക്രീറ്റിന്റെയും തേപ്പിന്റെയുമൊക്കെ അകത്തുള്ള അമിത ജലാംശം പുറത്ത് വന്ന് ബാഷ്പീകരിക്കപ്പെടുമ്പോള്‍ അവശേഷിക്കുന്ന ലവണങ്ങള്‍ മൂലം ഉണ്ടാകുന്നതാണ് ഇത്. സെക്കന്ററി എഫ്‌ലോറസന്‍സ് ആകട്ടെ പുറത്തു നിന്നുള്ള ജലാംശവും ലവണാംശവുമൊക്കെ സെറ്റായിക്കഴിഞ്ഞ കോണ്‍ക്രീറ്റിലേക്കും ചുവരിലേക്കുമൊക്കെ കടന്നു കയറി പിന്നീട് കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് പുറത്ത് വന്ന് ബാഷ്പീകരിക്കപ്പെടുമ്പോള്‍ ലവണാംശങ്ങള്‍ അവശേഷിപ്പിക്കുന്നത്.
പൊതുവേ പുതിയതായി നിര്‍മ്മിക്കപ്പെടുന്ന കെട്ടിടങ്ങളില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ ഇതിനെ 'new building bloom' എന്നും വിളിക്കാറുണ്ട്. കാരണം വ്യക്തമാണല്ലോ . അകത്തുള്ള ലവണാംശത്തിലെ നല്ലൊരു ശതമാനം ഇതുപോലെ എഫ്‌ലോറസെന്‍സ് വഴി പുറത്ത് പോയിക്കഴിഞ്ഞാല്‍ കാലക്രമേണ ഇത് കുറഞ്ഞ് കുറഞ്ഞ് വരും. പക്ഷേ നിര്‍മ്മാണ സാമഗ്രികളുടെ പ്രത്യേകതകള്‍ക്കനുസരിച്ച് ഇതില്‍ മാറ്റങ്ങളും കണ്ടേക്കാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് വീടൂപണി തീര്‍ക്കുന്നത് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ഇക്കാലത്ത് ചുവരുകള്‍ക്കുള്ളില്‍ അകപ്പെട്ടിരിക്കുന്ന ഈര്‍പ്പത്തിനു പുറത്ത് പോകാനുള്ള സമയം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നു. അങ്ങനെ നിര്‍മ്മാണ ഘട്ടത്തിലെ ഓരോ സ്റ്റേജിലും ആവശ്യമായ ചുരുങ്ങിയ ഇടവേളകള്‍ പോലും ലഭിക്കാത്തതിനാല്‍ പ്ലാസ്റ്റര്‍ ചെയ്ത് പുട്ടിയും ഇട്ട് അതിനു മുകളില്‍ പെയിന്റും അടിച്ച് പണി തീര്‍ക്കുമ്പോള്‍ അകത്ത് അകപ്പെട്ടിരിക്കുന്ന ഈര്‍പ്പത്തിന് എങ്ങിനെ എങ്കിലും പുറത്ത് വന്നേ മതിയാകൂ എന്നതിനാല്‍ അത് പുട്ടിയും പെയിന്റും പൊളിച്ച് തന്നെ പുറത്ത് വന്നിരിക്കും.
കോണ്‍ക്രിറ്റും പ്ലാസ്റ്ററിംഗും വേണ്ട രീതിയില്‍ നനച്ചു കൊടുത്ത് ക്യൂറീംഗ് നടത്താത്തതും ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന്റെ ആക്കം കൂട്ടുന്ന ഒരു ഘടകം ആണ്. അതായത് ശരിയായ രീതിയില്‍ ക്യൂറിംഗ് നടത്തിയാല്‍ കോണ്‍ക്രിറ്റും പ്ലാസ്റ്ററുമൊക്കെ നന്നായി സെറ്റാവുകയും അതിലെ സൂഷ്മ സുഷിരങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്നു. ഇത് തുടര്‍ന്നുള്ള വെള്ളത്തിന്റെ ആഗിരണത്തെ വലിയൊരളവ് വരെ കുറച്ച് കോണ്‍ക്രീറ്റിനെയും പ്ലാസ്റ്ററിംഗിനെയും വാട്ടര്‍ പ്രൂഫ് ആക്കി മാറ്റുന്നു. ഇത് പുറത്തുനിന്ന് ജലാംശം വലിച്ചെടൂക്കുന്നതു വഴി ഉണ്ടാകുന്ന 'സെക്കന്ററി എഫ്‌ലോറസന്‍സ്' കുറയ്ക്കുന്നു.
ഈ രണ്ട് തരം പ്രശ്‌നങ്ങളുടെയും കാരണങ്ങള്‍ വ്യത്യസ്തമായതിനാല്‍ അവയുടെ പ്രതിരോധവും പരിഹാരമാര്‍ഗ്ഗങ്ങളുമെല്ലാം വ്യത്യസ്തമാണ്.
നിര്‍മ്മാണ വസ്തുക്കളിലെ ലവണാംശം : സിമന്റ്, കട്ട, മണല്‍, വെള്ളം ഇവയൊക്കെയാണല്ലൊ നിര്‍മ്മാണ വസ്തുക്കള്‍. ഇവയിലൊക്കെ ലവണാംശം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തുക വളരെ പ്രയാസമായതിനാലും ഏതിലായിരിക്കാം അടങ്ങിയിരിക്കുക എന്ന് തിരിച്ചറിയാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നതിനാല്‍ പൂര്‍ണ്ണമായും ഒഴിവാക്കുക അസാദ്ധ്യമാണ്. അതുകൊണ്ട് മിക്കപ്പോഴും ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ഒരു തലവേദന ആയി ഇത് മാറാറുണ്ട്. എങ്കിലും ലവണാംശമുള്ള മണല്‍, ബോര്‍വെല്ലില്‍ നിന്നുള്ള ലവണാംശമുള്ള വെള്ളം തുടങ്ങിയവ ഒഴിവാക്കാന്‍ കഴിയുകയാണെങ്കില്‍ ഒഴിവാക്കുന്നത് നല്ലതാണ്. നിര്‍മ്മാണ ശേഷം പരിഹാരം കാണാന്‍ കഴിയുന്ന വിഷയം അല്ല ഇത്. ലവണങ്ങളെ ജലാംശവുമായി കൂടിക്കലരാതെ പൂട്ടി വയ്ക്കുന്ന കോണ്‍ക്രീറ്റ് അഡിറ്റീവുകളും വിപണിയില്‍ ഉണ്ടെങ്കിലും നമ്മുടെ നാട്ടില്‍ അതൊന്നും പൊതുവേ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല.
അതായത് നിര്‍മ്മാണ വസ്തുക്കളുടെ തെരഞ്ഞെടുപ്പും അവയൂടെ സ്റ്റോറേജും നിര്‍മ്മാണ രീതികളും കെട്ടിട നിര്‍മ്മാണത്തിലെ വിവിധ ഘട്ടങ്ങള്‍ക്കിടയില്‍ കൊടുക്കേണ്ട ഇടവേളകളും എല്ലാം വിവിധ തരത്തില്‍ പ്രൈമറി എഫ്‌ലോറസന്‍സിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ആണെന്നതിനാല്‍ എത്ര ശ്രമിച്ചാലും നൂറു ശതമാനം ഉണ്ടാകില്ല എന്ന് ആര്‍ക്കും ഉറപ്പ് നല്‍കാന്‍ കഴിയില്ല.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ തണുപ്പു കാലത്ത് ഈ പ്രശ്‌നം കൂടുതലായി കാണപ്പെടാറുണ്ട്. ഇതിനു കാരണം പൊതുവേ അന്തരീക്ഷ താപനില കുറവായതിനാല്‍ ചുവരുകളിലും തറയിലുമൊക്കെ ആഗിരണം ചെയ്യപ്പെട്ടിരിക്കുന്ന ജലാംശം വളരെ പതുക്കെ മാത്രമേ ബാഷ്പീകരിക്കപ്പെടൂ എന്നതിനാല്‍ ജലത്തിനു കൂടൂതല്‍ നേരം പ്രതലങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് ലവണാംശത്തെ ലയിപ്പിച്ച് ചേര്‍ക്കാനുള്ള അവസരം ലഭിക്കുന്നു. അങ്ങനെ ലവണാംശം കൂടൂതല്‍ ഉള്ള ഈര്‍പ്പം പ്രതലങ്ങളില്‍ എത്തി ബാഷ്പീകരിക്കപ്പെടുമ്പോള്‍ കൂടുതല്‍ ലവണങ്ങള്‍ അവിടെ നിക്ഷേപിക്കപ്പെടുന്നു. അങ്ങനെ തണുപ്പു കാലത്ത് ഈ വെളുത്ത പൊടിയുടെ ശല്ല്യം കൂടുതല്‍ ആയി കാണപ്പെടുന്നു.
ചൂടു കൂടുതല്‍ ഉള്ള കാലാവസ്ഥയില്‍ ഇതിനു നേര്‍ വിപരീത പ്രവര്‍ത്തനം നടക്കുന്നു. പ്രതലങ്ങളില്‍ എത്താതെ തന്നെ ജലത്തിനു ബാഷ്പീകരണവും ആഗിരണവുമൊക്കെ സംഭവിക്കുന്നതിനാല്‍ അവശേഷിക്കുന്ന ലവണങ്ങള്‍ പുറത്തെത്തുന്നില്ല.
എഫ്‌ലോറസന്‍സും പൂപ്പലും - എല്ലാ പൊളിഞ്ഞിളകലുകളും എഫ്‌ലോറസന്‍സ് ആകണമെന്നില്ല. ഈര്‍പ്പത്തിന്റെ ബാഷ്പീകരണത്തിലൂടെ ലവണാംശം അവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രമേ അത് എഫ്‌ലോറസന്‍സ് ആകുന്നുള്ളൂ. തൊട്ട് നോക്കിയാല്‍ വെളുത്ത പൊടിയുടെ സാന്നിദ്ധ്യം അറിയാന്‍ കഴിയും. അല്ലാതെ സ്ഥിരമായി ഈര്‍പ്പം നിലനില്‍ക്കുന്നതുകൊണ്ട് മാത്രം ലവണാംശമില്ലാതെ തന്നെ പുട്ടിയും മറ്റും പൊളിഞ്ഞിളകുന്നതും അവിടെ പൂപ്പല്‍ പിടിക്കുന്നതും കാണാവുന്നതാണ്. രണ്ടായാലും പ്രധാന വില്ലന്‍ ജലാംശം തന്നെ.
എഫ്‌ലോറസന്‍സിന്റെ മൂന്ന് അടിസ്ഥാന കാരണങ്ങള്‍ ആയ ഈര്‍പ്പം, ലവണാംശം, കോണ്‍ക്രീറ്റിലെയും ചുവരിലെയും പ്ലാസ്റ്ററിലെയും മറ്റുമുള്ള സൂഷ്മ സുഷിരങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിനെ തടഞ്ഞാല്‍ മാത്രം മതി പ്രതിവിധി ആയി. പക്ഷേ അതത്ര എളുപ്പമുള്ള കാര്യം അല്ല. കാരണം പ്രധാന പ്രതിരോധ മാര്‍ഗ്ഗങ്ങളില്‍ പലതും നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ചെയ്യേണ്ടി വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. അത്തരം കാര്യങ്ങള്‍ ചെയ്യാതെ പിന്നീട് ചെയ്യുന്ന പ്രവര്‍ത്തികള്‍ എല്ലാം കതിരില്‍ വളം വയ്ക്കുന്ന ഫലം മാത്രമേ ചെയ്യൂ. എന്തായാലും പുതിയ വീട് നിര്‍മ്മിക്കുന്നവര്‍ ഇക്കാര്യം ഒരു പരിധി വരെ എങ്കിലും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒന്ന് പരിശോധിച്ച് നോക്കാം.
1. നിര്‍മ്മാണ വസ്തുക്കളുടെ തെരഞ്ഞെടുപ്പ് - ലവണാംശം ഇല്ലാത്ത വെള്ളവും മണലും മറ്റ് നിര്‍മ്മാണ വസ്തുക്കളുമെല്ലാം ഉപയോഗിക്കുക - നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യം പലപ്പോഴും അപ്രായോഗികം ആണെന്ന് തന്നെ പറയേണ്ടി വരും.
2. Damping Proof Course (DPC) നിര്‍ബന്ധമായും ചെയ്തിരിക്കുക. എന്താണീ ഡാമ്പിംഗ് പ്രൂഫ് കോഴ്‌സ് എന്നായിരിക്കും. നമ്മുടെ നാട്ടിലെ പരമ്പരാഗത കെട്ടിട നിര്‍മ്മാണ രീതിയ്ക് അധികം പരിചയമില്ലാത്ത ഒന്നായിരിക്കും ഇത്. കെട്ടിടങ്ങളുടെ ഫൗണ്ടേഷനും ചുവരും ചേരുന്ന ഭാഗത്ത് തറയില്‍ നിന്നുള്ള ഈര്‍പ്പം മുകളിലേക്ക് പടര്‍ന്ന് കയറാതിരിക്കാനായി തറയ്ക്കും ചുവരിനും ഇടയിലായി പ്രത്യേക വാട്ടര്‍ പ്രൂഫിംഗ് ആവരണം കൊണ്ട് ഒരു അതിര്‍വരമ്പ് ഉണ്ടാക്കുന്ന രീതിയാണ് ഡാമ്പിംഗ് പ്രൂഫ് കോഴ്‌സ്. എല്ലായിടത്തും എല്ലാ കെട്ടിടങ്ങള്‍ക്കും ഇത് ആവശ്യമാണെന്നില്ല. പക്ഷേ വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍, എപ്പോഴും മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം നിര്‍ബന്ധമായും ചെയ്തിരിക്കേണ്ടതാണ്. മുന്‍പൊക്കെ നമ്മുടെ നാട്ടില്‍ വീടുകള്‍ വെള്ളക്കെട്ടില്ലാത്ത ഉയര്‍ന്ന പ്രദേശങ്ങളില്‍ ആയിരുന്നു നിര്‍മ്മിച്ചിരുന്നതെന്നതിനാല്‍ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല, അതിനാല്‍ ഇതിനെക്കുറിച്ചുള്ള അറിവുകളും ഉണ്ടായിരുന്നില്ല.
പക്ഷേ സ്ഥല ദൗര്‍ലഭ്യം മൂലം നിലം നികത്തിയ പ്രദേശങ്ങളിലൊക്കെ വീടൂകള്‍ ഉണ്ടാക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ പരമ്പരാഗത കെട്ടിട നിര്‍മ്മാണ രീതികളില്‍ നിന്ന് മാറി ഇതുപോലെയുള്ള സാങ്കേതിക വിദ്യകള്‍ കൂടി ഉപയോഗിക്കേണ്ടി വരുന്നു. പൊതുവേ നമ്മുടെ നാട്ടില്‍ മഴയുടെ അളവ് കൂടി വരുന്നതിനാല്‍ എല്ലാ കെട്ടിടങ്ങളിലും മാറിയ കാലാവസ്ഥയില്‍ ഡാമ്പിംഗ് പ്രൂഫ് കോഴ്‌സുകള്‍ കൂടി സ്ട്രക്ചറിന്റെ ഭാഗമാക്കുന്നത് അല്പം ചെലവ് കൂട്ടുമെങ്കിലും ഗുണം മാത്രമേ ചെയ്യൂ. ഡാമ്പിംഗ് പ്രൂഫ് കോഴ്‌സുകള്‍ സെക്കന്ററി എഫ്‌ലോറസന്‍സിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായ Rising Dampness നെ തടയുന്നു. നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ഇത് ചെയ്തില്ലെങ്കില്‍ പിന്നീട് എന്തെല്ലാം ചെയ്താലും മണ്ണില്‍ നിന്ന് ഈര്‍പ്പം മുകളിലോട്ട് കയറുന്ന പ്രതിഭാസമായ റൈസിംഗ് ഡാമ്പ്‌നെസ്സിനെ തടയിടാന്‍ കഴിയില്ല. ഇതുകൊണ്ട് തന്നെ പല വിദേശ രാജ്യങ്ങളിലും ഡാമ്പിംഗ് പ്രൂഫ് കോഴ്‌സുകള്‍ കെട്ടിട നിര്‍മ്മാണച്ചട്ടത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.
3. സിമന്റ് മിക്‌സിനോടൊപ്പം ചേര്‍ക്കുന്ന ആന്റി എഫ്‌ലോറസന്‍സ് ആഡ് മിക്‌സുകള്‍ - നിര്‍മ്മാണ വസ്തുക്കളിലെ ലവണാംശവുമായി പ്രതിപ്രവര്‍ത്തിച്ച് അവയെ നിര്‍വീര്യമാക്കുന്ന രാസവസ്തുക്കളും ലവണാംശത്തെ വെള്ളവുമാഇ പ്രതിപ്രവര്‍ത്തിക്കാതെ പൊതിഞ്ഞ് സൂക്ഷിക്കുന്ന എണ്ണമയമുള്ള ചില പ്രത്യേക മിക്‌സുകളും എല്ലാം എഫ്‌ലോറസന്‍സിനെ തടയാനായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഇവയ്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. വെള്ളത്തെ ആഗിരണം ചെയ്യുന്നത് തടയാനുള്ള വാട്ടര്‍ പ്രൂഫിംഗ് സൊലൂഷനുകള്‍ കോണ്‍ക്രീറ്റില്‍ ഉപയോഗിക്കുന്നത് മാത്രമാണ് പൊതുവേ കണ്ടിട്ടുള്ളത്.
4. ക്യൂറിംഗ് - നന്നായി സെറ്റായി തുടര്‍ന്നുള്ള ഈര്‍പ്പത്തിന്റെ ആഗിരണം തടയാനായി നന്നായി നനച്ചു കൊടുക്കുകയും നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കിടയില്‍ ഇടവേളകള്‍ നല്‍കിക്കൊണ്ട് അമിതമായി ആഗിരണം ചെയ്യപ്പെട്ട ജലാംശം പുറത്ത് പോകാനുള്ള അവസരം നല്‍കുകയും ചെയ്യുക. ഇതില്‍ ഇടവേളകള്‍ നല്‍കുന്നത് പലപ്പോഴും പ്രായോഗികമാകാറില്ല എങ്കിലും ചുരുങ്ങിയത് പ്ലാസ്റ്ററിംഗിന്റെയും പുട്ടി ഇടുന്നതിന്റെയും ഇടയില്‍ എങ്കിലും കൂടുതല്‍ സമയം നല്‍കുന്നത് നന്നായിരിക്കും.
5. മഴ കൂടുതല്‍ ആയ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക് ഒട്ടൂം അനുയോജ്യമല്ലെങ്കിലും ഇപ്പോള്‍ നാടോടുമ്പോള്‍ നടുവേ ഓടാനായി നിര്‍മ്മിക്കപ്പെടുന്ന ബോക്‌സ് ടൈപ്പ് കണ്ടപററി ശൈലിയിലുള്ള വീടുകളുടെ പുറം ചുവരുകള്‍ എപ്പോഴും നനഞ്ഞിരിക്കാനും ഈര്‍പ്പം അകത്തേയ്ക് വലിച്ചെടുക്കപ്പെടാനുമുള്ള സാഹചര്യങ്ങള്‍ ഉള്ളതിനാല്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പുറം ചുവരുകളില്‍ നല്ല ഗുണ നിലവാരമുള്ള , വെള്ളത്തെ പ്രതിരോധിക്കുന്ന പെയിന്റുകളൂം വാട്ടര്‍ പ്രൂഫിംഗ് സംവിധാനങ്ങളും ഒക്കെ ആവശ്യമായി വരുന്നു എന്ന് മാത്രവുമല്ല ഇവയില്‍ വിള്ളലുകള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും വേണ്ടി വരുന്നു. ഈ വിള്ളലുകളിലൂടെയെല്ലാം അകത്തേയ്ക്ക് കടക്കുന്ന ജലാംശം സെക്കന്ററി എഫ്‌ലോറസന്‍സസിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ചുവരുകള്‍ മഴയത്ത് നനയാത്ത രീതിയില്‍ ഉള്ള ഡിസൈന്‍ ആണ് നമ്മുടെ കാലാവസ്ഥയ്ക് ഏറ്റവും അനുയോജ്യം. അല്ലെങ്കില്‍ നല്ല രിതിയില്‍ വാട്ടര്‍ പ്രൂഫിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കുക.
6. ബാത്‌റൂമുകളുടെയും മറ്റും ചുവരുകളില്‍ ടൈല്‍സ് ഇടുന്നതിനു മുന്‍പ് വാട്ടര്‍ പ്രൂഫിംഗ് ചെയ്യുന്നത് ഈര്‍പ്പം ആഗിരണം ചെയ്ത് ചുവരിന്റെ മറുവശത്തെത്തി എഫ്‌ലോറസന്‍സ് ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു.
മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നും നിര്‍മ്മാണ ഘട്ടത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല പക്ഷേ ഇത് വലിയ ഒരു പ്രശ്‌നമായി തൂടരുന്നു. എന്താണ് പരിഹാര മാര്‍ഗ്ഗം?
1. എഫ്‌ലോറസന്‍സ് പൊതുവേ കാഴ്ചയ്ക് ഒരു ഭംഗികേട് എന്നതിനപ്പുറമായി വേറെ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും ഇതിന്റെ പ്രധാന കാരണമായ ഈര്‍പ്പത്തിന്റെ തുടര്‍ച്ചയായ ആഗിരണം പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണ്.
2. പെട്ടന്ന് പണീ കഴിച്ച പുതിയ കെട്ടിടം ആണെങ്കില്‍ എഫ്‌ലോറസന്‍സ് പ്രത്യക്ഷപ്പെട്ടല്‍ ഉടന്‍ തന്നെ ചുരണ്ടിക്കളഞ്ഞ് പെയിന്റടിക്കാന്‍ മിനക്കെടുന്നത് അബദ്ധമായിരിക്കും. കൂടുതല്‍ ഈര്‍പ്പം പൂറത്തു നിന്ന് അകത്തേയ്ക് കടക്കാന്‍ സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് വാട്ടര്‍ പ്രൂഫിംഗ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തടയുക. അതിനു ശേഷം അകത്ത് കുടുങ്ങിയിരിക്കുന്ന ഈര്‍പ്പത്തിനു പുറത്ത് പോകാന്‍ സമയം നല്‍കിക്കൊണ്ട് മാത്രം ഭംഗികേട് മറയ്കാനായി ആസിഡ് വാഷും മറ്റും ചെയ്ത് ഉരച്ച് കളഞ്ഞ് പുതിയ പെയിന്റടിക്കാവുന്നതാണ്.
3. പലപ്പോഴും എഫ്‌ലോറസന്‍സ് ഒഴിവാക്കാനുള്ള പെയിന്റിംഗ് പോലെയുള്ള പ്രതിവിധികള്‍ താല്‍ക്കാലികം മാത്രമായിരിക്കും. ഒഴിവാക്കാന്‍ കഴിയാത്ത കാരണങ്ങള്‍ അതേ പോലെ നിലനില്‍ക്കുന്നതിനാല്‍ നിശ്ചിത ഇടവേളകളില്‍ ഇത് ആവര്‍ത്തിക്കേണ്ടി വരുന്നു.
4. പൊതുവേ തറനിരപ്പില്‍ നിന്ന് നിശ്ചിത ഉയരത്തില്‍ മാത്രമേ ഇത് കാണാറുള്ളൂ എന്നതിനാല്‍ എന്തെല്ലാം ചെയ്തിട്ടൂം പരിഹാരം കാണാത്തവര്‍ പലപ്പോഴും ഒരു അന്തിമ പ്രതിവിധി എന്ന നിലയില്‍ ടൈല്‍സ് ഉപയോഗിച്ച് ക്ലാഡിംഗ് ചെയ്യാറുണ്ട്. ഇവിടെയും ഉള്ള പ്രശ്‌നം ചെറിയ ടൈല്‍സ് ഉപയോഗിച്ച് ക്ലാഡിംഗ് ചെയ്താല്‍ അവ വളരെ പെട്ടന്ന് തന്നെ പൊളിഞ്ഞ് പോകാന്‍ സാദ്ധ്യത ഉണ്ട് എന്നതാണ്. അതോടൊപ്പം തന്നെ വീടിന്റെ ഡിസൈനിനോട് ചേര്‍ന്ന് നില്‍കാത്ത രീതിയിലുള്ള ഇത്തരത്തിലുള്ള ക്ലാഡിംഗുകള്‍ പലപ്പോഴും ഏച്ച് കെട്ടലുകള്‍ ആയി തോന്നുകയും ചെയ്യും. വലിയ ടൈല്‍സുകള്‍ ഉപയോഗിച്ച് ക്ലാഡിംഗ് ചെയ്ത് എഫ്‌ലോറസന്‍സ് വഴി ഉണ്ടാകന്ന അഭംഗി മറയ്കാന്‍ കഴിയും എങ്കിലും ടൈല്‍സിനും ചുവരിനും ഇടയില്‍ ഉപ്പ് പാളി രൂപപ്പെട്ട് അടര്‍ന്നു പോകാതിരിക്കാനുള്ള സംവിധാനങ്ങള്‍ കൂടി ഒരുക്കേണ്ടി വരും. ചുവരില്‍ സ്‌കൂ ചെയ്ത് ഉറപ്പിക്കുന്ന പി വിസി ക്ലാഡിംഗുകളും മറ്റും ഭംഗികേട് ഒഴിവാക്കാനായി ഉപയോഗിച്ച് കണ്ടിട്ടുണ്ട്. വാള്‍ പേപ്പര്‍ ഉപയോഗിക്കുന്നതുകോണ്ട് പ്രയോജനമില്ല. പശ പോളിഞ്ഞ് ഇളകിപ്പോരും.
5. റൈസിംഗ് ഡാമ്പ്‌നെസ് ഒഴിവാക്കാനുള്ള ഡാമ്പിംഗ് പ്രൂഫ് കോഴ്‌സ് ഫൗണ്ടേഷനില്‍ ചെയ്തിട്ടീല്ലെങ്കില്‍ , അതാണ് കാരണമായി കണ്ടെത്തിയത് എങ്കില്‍ പിന്നീട് തറയില്‍ സുഷിരങ്ങള്‍ ഇട്ട് അതിലേക്ക് വാട്ടര്‍ പ്രൂഫിംഗ് കോമ്പൗണ്ട് ഇന്‍ജക്റ്റ് ചെയ്ത് കയറ്റുന്ന തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ ഒക്കെ നിലവിലുണ്ടെങ്കിലും നമ്മുടെനാട്ടിലെ സാഹചര്യങ്ങളില്‍ അവയൊക്കെ എത്രമാത്രം പ്രായോഗികമാണെന്നും ഫലം ചെയ്യുന്നതാണെന്നും ഉറപ്പില്ല.
എല്ലാവര്‍ക്കും പ്രായോഗികമാക്കാന്‍ കഴിയുന്ന രീതിയില്‍ ഉള്ള പ്രതിരോധ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഈ വിഷയത്തില്‍ ഇല്ല എങ്കിലും നിങ്ങള്‍ ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ടോ? അഭിമുഖീകരിച്ചിട്ടുണ്ടോ? കാരണമായി എന്താണ് കണ്ടെത്തിയത്? എങ്ങിനെയാണ് പരിഹരിക്കാന്‍ ശ്രമിച്ചത്? പൂര്‍ണ്ണമായി ഫലം കിട്ടിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ കമന്റായി ചേര്‍ത്താല്‍ പലര്‍ക്കും ഉപകാരപ്രദമായേക്കാം.
Also Read:- നഗരജീവിതത്തിലെ തലവേദന; മാലിന്യ സംസ്‌കരണത്തെ കുറിച്ച് ശ്രദ്ധേയമായ കുറിപ്പ്