'43 വർഷത്തിനിടെ 53 വിവാഹം' ചെയ്തയാൾ ; ഇതിന് വിചിത്രമായൊരു കാരണവും...
പരമാവധി എത്ര വിവാഹവും എത്ര വിവാഹമോചനങ്ങളും ഒരു വ്യക്തിക്ക് സാധ്യമാണ്! ഒന്നോ, രണ്ടോ, മൂന്നോ, നാലോ തവണയാണെങ്കിൽ പോലും അതിൽ നമുക്ക് അതിശയപ്പെടാൻ ഒന്നുമില്ലെന്ന് പറയാം. കാരണം അത്തരം സംഭവങ്ങൾ പലപ്പോഴും നമുക്ക് ചുറ്റും നടക്കാറുമുണ്ട്.
വിവാഹമെന്നത് വിവാഹത്തോട് അനുഭാവമുള്ള ഏവരെയും സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടൊരു വഴിത്തിരിവ് തന്നെയാണ് ജീവിതത്തിൽ. മിക്കവർക്കും ജീവിതത്തിൽ ഒരു വിവാഹം നടന്നാൽ മതിയെന്ന ചിന്തയായിരിക്കും ഉള്ളത്. എങ്കിൽ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ പതിവാണെങ്കിൽ വിവാഹമോചനം തേടുന്നതും മറ്റൊരു പങ്കാളിയിലേക്ക് പോകുന്നതുമെല്ലാം ഇന്ന് സാധാരണമാണ്.
എങ്കിലും പരമാവധി എത്ര വിവാഹവും എത്ര വിവാഹമോചനങ്ങളും ഒരു വ്യക്തിക്ക് സാധ്യമാണ്! ഒന്നോ, രണ്ടോ, മൂന്നോ, നാലോ തവണയാണെങ്കിൽ പോലും അതിൽ നമുക്ക് അതിശയപ്പെടാൻ ഒന്നുമില്ലെന്ന് പറയാം. കാരണം അത്തരം സംഭവങ്ങൾ പലപ്പോഴും നമുക്ക് ചുറ്റും നടക്കാറുമുണ്ട്.
എന്നാൽ അമ്പതിലധികം വിവാഹങ്ങൾ എന്ന് കേട്ടാലോ?
തീർച്ചയായും ഇത് നടക്കില്ലെന്ന് തന്നെ ഉറപ്പിക്കാം. പക്ഷേ തന്‍റെ ജീവിതത്തിൽ ഈ അപൂർവത സംഭവിച്ചിരിക്കുന്നുവെന്നാണ് സൌദി അറേബ്യക്കാരനായ ഒരു അറുപത്തിമൂന്നുകാരൻ അവകാശപ്പെടുന്നത്. അബു അബ്ദുള്ള എന്ന ഇദ്ദേഹത്തിന്‍റെ കഥ 'ഗൾഫ് ന്യൂസ്' ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിന്നീട് പല ദേശീയ- അന്തർദേശീയ മാധ്യമങ്ങളിലും അബുവിന്‍റെ വിചിത്രമായ ജീവിതകഥ വാർത്താശ്രദ്ധ നേടുകയായിരുന്നു.
43 വർഷത്തിനുള്ളിൽ താൻ 53 വിവാഹം ചെയ്തുവെന്നാണ് ഇദ്ദേഹമറിയിക്കുന്നത്. ആദ്യ വിവാഹം ഇരുപത് വയസിലായിരുന്നുവത്രേ. അതും ആറ് വയസ് തന്നെക്കാൾ അധികമുള്ള സ്ത്രീയുമായി. ഇവരെ വിവാഹം ചെയ്യുന്ന സമയത്ത് മറ്റൊരു വിവാഹത്തെ കുറിച്ച് താൻ ചിന്തിച്ചിരുന്ന് പോലുമില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ഇവരുമായി അഭിപ്രായവ്യത്യാസങ്ങൾ പതിവായപ്പോഴാണത്രേ രണ്ടാമതൊരു വിവാഹം ചെയ്തത്. അവിടെയും സമാനമായ അനുഭവമായപ്പോൾ മൂന്നാമതും വിവാഹം ചെയ്തു. ഇവരിൽ നിന്നെല്ലാം മുറയ്കക്ക് വിവാഹമോചനം തേടിയിരുന്നുവെന്നുമാണ് ഇദ്ദേഹം അറിയിക്കുന്നത്.
അങ്ങനെ വിവാഹം ചെയ്തുചെയ്ത് എണ്ണം കൂടിവന്നു. അധികവും സൌദിയിൽ നിന്നുതന്നെയായിരുന്നു വിവാഹങ്ങളത്രേ. എന്നാൽ ഇതിനിടെ പുറംരാജ്യങ്ങളിൽ യാത്രകൾ നടത്തവേ, അവിടെ വച്ചും വിവാഹങ്ങളുണ്ടായി. ഏറ്റവും കുറവ് കാലമുണ്ടായ വിവാഹജീവിതം ഒരു രാത്രിയാണെന്നും ഇദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നു.
ഇത്രയധികം വിവാഹം കഴിച്ചതിന് വളരെ വ്യത്യസ്തമായൊരു ന്യായവും അബുവിന് പറയാനുണ്ട്. ഓരോ വിവാഹത്തിലും താൻ പ്രതീക്ഷിക്കുന്നത് മനസമാധാനമുള്ളൊരു ജീവിതമാണ്. സന്തോഷവും സമാധാനവും നിലനിൽക്കുന്നൊരു ദാമ്പത്യം ഓരോ തവണയും ആഗ്രഹിക്കും, എന്നാൽ അത് ലഭിക്കാതെ വരുമ്പോഴാണത്രേ അടുത്തതിലേക്ക് പോകുന്നത്. സമീപകാലത്തും ഇദ്ദേഹം ഒരു വിവാഹം ചെയ്തുവത്രേ. എന്നാലിനി വിവാഹത്തിനില്ലെന്നാണ് അബു വ്യക്തമാക്കുന്നത്.
വിവാഹിതരല്ലാത്ത പുരുഷന്മാർക്ക് വിവാഹവുമായി ബന്ധപ്പെട്ട് ഒരു ടിപ്പും അബു പങ്കുവയ്ക്കുന്നുണ്ട്. തങ്ങളെക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളിൽ നിന്ന് സമാധാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും പ്രായം കൂടിയ സ്ത്രീകളാണ് വിവാഹത്തിന് നല്ലതെന്നുമാണ് ഇദ്ദേഹം പറയുന്നത്. ഏതായാലും അബു അബ്ദുള്ളയുടെ വിവാഹപരമ്പരയുടെ കഥ ഇതിനോടകം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞിരിക്കുകയാണിപ്പോൾ. എന്നാൽ ഇദ്ദേഹത്തിന്‍റെ ഭാര്യമാരെ കുറിച്ചുള്ള യാതൊരു വിശദാംശങ്ങളും എങ്ങും വന്നിട്ടുമില്ല.
Also Read:- അച്ഛന്‍റെ അഞ്ചാം വിവാഹത്തിന് ഏഴ് മക്കളും അമ്മമാരുമെത്തി ബഹളം; 'വിവാഹവീരൻ' പിടിയിൽ