പരമ്പരാഗത വസ്ത്രങ്ങളിലൂടെ മോഡലിംഗില്‍ പുതുപാത സൃഷ്ടിച്ച് അസമില്‍ നിന്നുള്ള വനിതാ മോഡല്‍
പരമ്പരാഗത വസ്ത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്ക് നിരവധി പുരസ്കാരങ്ങളാണ് റോസി റഹ്മാന്‍ ഇതിനോടകം നേടിയിട്ടുള്ളത്. രാഷ്ട്രീയത്തിലും സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവമായിട്ടുള്ള വ്യക്തി കൂടിയാണ് റോസി.
ഗുവാഹത്തി: പരമ്പരാഗത വസ്ത്രങ്ങളിലൂടെ മോഡലിംഗില്‍ പുതുപാത സൃഷ്ടിച്ച് അസമില്‍ നിന്നുള്ള വനിതാ മോഡല്‍. റാംപില്‍ കൃത്യമായി നടക്കുന്നത് മാത്രമല്ല മോഡലിംഗ് എന്നാണ് റോസി റഹ്മാനെന്ന അസമീസ് മോഡലിന് പറയാനുള്ളത്. പരമ്പരാഗത വസ്ത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്ക് നിരവധി പുരസ്കാരങ്ങളാണ് റോസി റഹ്മാന്‍ ഇതിനോടകം നേടിയിട്ടുള്ളത്. രാഷ്ട്രീയത്തിലും സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവമായിട്ടുള്ള വ്യക്തി കൂടിയാണ് റോസി.
ഗുവാഹത്തി സ്വദേശിയാണ് റോസി റഹ്മാന്‍. ഫാഷനില്‍ കാര്യമായ താല്‍പര്യമില്ലെങ്കിലും ഭംഗിയായി ഒരുങ്ങാനുള്ള താല്‍പര്യമാണ് റോസിയെ മോഡലിംഗിലേക്ക് അടുപ്പിച്ചതെന്നാണ് ഇവര്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. ഒരു മോഡലെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. റിതും ഗോഗോയി, ഹേമലത എന്നീ സുഹൃത്തുക്കളാണ് റോസി റഹ്മാനിലെ മോഡലിനെ പൊടി തട്ടിയെടുത്തത്. സുഹൃത്തുക്കളുടെ പ്രോത്സാഹനത്തോടെ അസമിലെ ഒരു മാഗസിനിലേക്ക് ചിത്രമയച്ചത് കവര്‍ ചിത്രമായി വന്നത് തീരുമാനത്തിന് പിന്തുണയായി.
അസമിലെ നിരവധി മാഗസിനുകളില്‍ കവര്‍ മോഡലായതിന് പിന്നാലെ കൈത്തറി തുണികളുടേയും പരുത്തി വസ്ത്രങ്ങളുടേയും നിരവധി മോഡലിംഗ് അവസരങ്ങളാണ് റോസിയെ തേടി വന്നത്. ദേശീയ തലത്തില്‍ നിരവധി സൌന്ദര്യ മത്സരങ്ങളിലും റോസി റഹ്മാന്‍ നേട്ടങ്ങളുണ്ടാക്കി. അസമിലെ പരമ്പരാഗത വസ്ത്രമായ മേഖല ഛാദറിലും റോസിയെ തേടി അംഗീകാരമെത്തി.
നിലവില്‍ അസമിലെ ബിഹു സുരക്ഷാ മഞ്ച്, സാംസ്കൃതിക് മഹാസഭ അസാം, റംഗ്ദാലി സാംസ്കൃതിക് സന്‍സ്ത തുടങ്ങിയ സംഘടനകളുമായി ചേര്‍ന്നാണ് റോസിയുടെ പ്രവര്‍ത്തനം. സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സഹേലി കല്യാണ്‍ സമിതിയിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് റോസി റഹ്മാന്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം