പിസ ഷോപ്പിന് മുന്നില്‍ വ്യത്യസ്തമായ അറിയിപ്പ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
'റെഡ്ഡിറ്റ്' എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു ചിത്രത്തിലൂടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. തന്റെ റെസ്റ്റോറന്റില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു നേരത്തെ വിശപ്പടക്കാനുള്ള ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുന്ന ദരിദ്രനായ ഒരാളെ കണ്ട ഉടമസ്ഥന്‍, തുടര്‍ന്ന് എടുത്ത തീരുമാനമാണ് ചിത്രത്തിലുള്ളത്
വലിയ റെസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലുമെല്ലാം ദിവസേന ധാരാളം ഭക്ഷണം ബാക്കിയായി വരാറുണ്ട്. ചിലപ്പോള്‍ ചില ആഘോഷപരിപാടികളുടെ ഭാഗമായോ മറ്റോ ആകാം ഇത്തരത്തില്‍ വലിയ പങ്ക് ഭക്ഷണം ബാക്കിയായി വരാറ്. മിക്കവരും ഇത് വേസ്റ്റ് ബോക്‌സിലേക്ക് കൊട്ടിക്കളയുക തന്നെയാണ് പതിവ്.
ചിലര്‍ ഈ ഭക്ഷണം നിര്‍ധനരായ ആളുകള്‍ക്കോ തെരുവില്‍ കഴിയുന്നവര്‍ക്കോ എത്തിച്ചുനല്‍കും. എങ്കിലും ഈ പ്രവണത വളരെ കുറവ് തന്നെയാണ് കാണാനാകൂ. ഭക്ഷണം വെറുതെ നല്‍കി ശീലിപ്പിക്കുന്നത് റെസ്റ്റോറന്റുകാര്‍ക്ക് നല്ലതല്ല എന്ന് തന്നെയാണ് പൊതുവിലുള്ള കാഴ്ചപ്പാട്.
ഏതായാലും ഭക്ഷണം വെറുതെ വേസ്റ്റാക്കി കളയുന്നത് കുറ്റകരം തന്നെയാണ്. ലക്ഷക്കണക്കിന് മനുഷ്യര്‍ ഇപ്പോഴും പട്ടിണിയിലൂടെയും ദുരിതത്തിലൂടെയും മുന്നോട്ടുപോകുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിന് മുന്നിലാണ് ഇത് കുറ്റകരമാകുന്നത്.
ആദ്യമേ സൂചിപ്പിച്ചത് പോലെ ചിലരെങ്കിലും ബാക്കിയാകുന്ന ഭക്ഷണം അത് അര്‍ഹിക്കുന്നവരിലേക്ക് എത്തിക്കാന്‍ പ്രയത്‌നിക്കാറുണ്ട്. ഏറെ അഭിനന്ദനമര്‍ഹിക്കുന്ന പ്രവര്‍ത്തിയാണിത്. അത്തരമൊരു സംഭവത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
'റെഡ്ഡിറ്റ്' എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു ചിത്രത്തിലൂടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. തന്റെ റെസ്റ്റോറന്റില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു നേരത്തെ വിശപ്പടക്കാനുള്ള ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുന്ന ദരിദ്രനായ ഒരാളെ കണ്ട ഉടമസ്ഥന്‍, തുടര്‍ന്ന് എടുത്ത തീരുമാനമാണ് ചിത്രത്തിലുള്ളത്. അദ്ദേഹം, തന്റെ തീരുമാനം ഒരു അറിയിപ്പിന്റെ രൂപത്തില്‍ റെസ്റ്റോറന്റിന്റെ മുന്‍വാതിലിന് മുകളില്‍ പതിച്ചുവച്ചു.
'എന്റെ റെസ്റ്റോറന്റില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുന്നവരോട്, നിങ്ങള്‍ കരുതുന്നതിനെക്കാളേറെ സ്‌നേഹം എനിക്ക് നിങ്ങളോടുണ്ട്. ദയവായി നിങ്ങള്‍ അകത്തേക്ക് വരിക. വിശക്കുന്നുണ്ടെങ്കില്‍ അതെന്നോട് പറയുക. നിങ്ങളുടെ വിശപ്പടക്കാന്‍ ഒരു കഷ്ണം പിസയും വെള്ളവും ഞാന്‍ നല്‍കും. ദൈവം അനുഗ്രഹിക്കട്ടെ...'- എന്നായിരുന്നു കുറിപ്പ്.
ഇത് എവിടെയുള്ള റെസ്റ്റോറന്റ് ആണെന്നത് വ്യക്തമല്ല. ചിത്രത്തിന്റെ ആധികാരികതയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ചിത്രം നല്‍കുന്ന സന്ദേശം ചെറുതല്ല. അതിന് കയ്യടി നല്‍കുകയാണ് സോഷ്യല്‍ മീഡിയ. റെഡ്ഡിറ്റില്‍ മാത്രമല്ല, മറ്റ് പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഇന്ന് പല റെസ്റ്റോറന്റുകളും ചെയ്യാന്‍ മടിക്കുന്ന കാര്യമാണിതെന്നും അത്തരമൊരു പശ്ചാത്തലത്തില്‍ മാതൃകാപരമാണ് ഈ തീരുമാനമെന്നും നിരവധി പേര്‍ കമന്റ് ചെയ്യുന്നു.