വാഹനാപകടം നടന്ന സ്ഥലത്ത് മുഴുവന്‍ ചുവന്ന ദ്രാവകം; ആശങ്ക പിന്നെ തമാശയായി...
അധികം വൈകാതെ അപകടം നടന്നയിടത്തെ റോഡ് മുഴുവനായി ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകം പരക്കാന്‍ തുടങ്ങി. ഇത് എന്താണെന്നറിയാതെ ഒരു പറ്റം ആളുകളും പൊലീസുമെല്ലാം ആദ്യം കുഴങ്ങി. ഇതിനിടെ ട്രാഫിക് പ്രശ്‌നങ്ങള്‍ വേറെയും
ലണ്ടനിലെ കേംബ്രിഡ്ജ്‌ഷെയറില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹൈവേയില്‍ ഒരു വാഹനാപകടം നടന്നു. നിയന്ത്രണം വിട്ട രണ്ട് ലോറികള്‍ കൂട്ടിമുട്ടിയാണ് അപകടം നടന്നത്. അപകടം സംഭവിച്ച് ഏതാനും മിനുറ്റുകള്‍ക്കകം തന്നെ പൊലീസും രക്ഷാസേനയുമെല്ലാം സ്ഥലത്തെത്തി. ആര്‍ക്കും സാരമായ പരിക്കോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല.
എന്നാല്‍ അധികം വൈകാതെ അപകടം നടന്നയിടത്തെ റോഡ് മുഴുവനായി ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകം പരക്കാന്‍ തുടങ്ങി. ഇത് എന്താണെന്നറിയാതെ ഒരു പറ്റം ആളുകളും പൊലീസുമെല്ലാം ആദ്യം കുഴങ്ങി. ഇതിനിടെ ട്രാഫിക് പ്രശ്‌നങ്ങള്‍ വേറെയും.
റോഡിന് മുകളിലായി പരന്ന ദ്രാവകം വഴുവഴുപ്പുള്ളതായിരുന്നതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് നീങ്ങുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നു. അപകടം വെറുതെ കണ്ട് മടങ്ങിയ ചിലരാകട്ടെ സംഭവസ്ഥലത്ത് ചോരപ്പുഴയാണെന്ന് വരെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു.
എന്തായാലും അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഗതിയുടെ നിജസ്ഥിതി പുറത്തായി. അപകടത്തില്‍ പെട്ട ഒരു ലോറിയില്‍ തക്കാളി സോസിന്റെയും ഒലിവ് ഓയിലിന്റെയും ലോഡ് ആയിരുന്നു ഉണ്ടായിരുന്നത്. അപകടം സംഭവിച്ചപ്പോള്‍ ലോഡിന്റെ വലിയൊരു ഭാഗം മുഴുവന്‍ റോഡിലാവുകയും എല്ലാം തമ്മില്‍ യോജിച്ച് കൊഴുപ്പുള്ള ദ്രാവകം പോലെ ആയിത്തീരുകയുമാണുണ്ടായത്.
ഇക്കാര്യം ഒടുവില്‍ സോഷ്യല്‍ മീഡിയയിലൂടെ പൊലീസിനും വിശദീകരിക്കേണ്ടതായി വന്നു. കാര്യമിതാണെന്ന് അറിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ തമാശ ചര്‍ച്ചയും തുടങ്ങി. സോസും ഒലിവ് ഓയിലും ആയ സ്ഥിതിക്ക് അല്‍പം പാസ്തയോ, പെസ്റ്റോയോ, ബേസിലോ ചേര്‍ത്താല്‍ മതി എന്നെല്ലാം ഉള്ള തരത്തിലേക്കായി ചര്‍ച്ചകള്‍.
എന്തായാലും അപകടം നടന്ന സമയത്ത് അത്ര തമാശ തോന്നിയിരുന്നില്ല എന്ന് തന്നെയാണ് അവിടെ കുടുങ്ങിപ്പോയവര്‍ പിന്നീട് പറയുന്നത്. വ്യാജ അടിക്കുറിപ്പുകളോടെ പലയിടത്തും അപകടസ്ഥലത്തിന്റെ ചിത്രങ്ങള്‍ പരന്നിരുന്നതായും ആരോപണങ്ങളുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona