ലൈറ്റുകള്‍ കൊണ്ട് അലങ്കാരമൊന്നുമല്ല; ജീവനുള്ള അത്ഭുതമാണിത്, വീഡിയോ...
ഒറ്റനോട്ടത്തില്‍ എവിടെയോ അലങ്കാരവെളിച്ചങ്ങള്‍ തൂക്കിയിട്ടതാണെന്ന് തോന്നാം. അതല്ലെങ്കില്‍ മനോഹരമായ പെയിന്‍റിംഗ് പോലെയും തോന്നാം. സംഗതി, ഇതൊന്നുമല്ല- ജീവനുള്ള ഒരത്ഭുതം തന്നെയാണെന്ന് അടിക്കുറിപ്പ് വായിക്കുമ്പോഴാണ് വ്യക്തമാവുക.
പ്രകൃതിയില്‍ ഒളിഞ്ഞിരിക്കുന്ന അത്ഭുതക്കാഴ്ചകള്‍ എന്നും മനുഷ്യര്‍ക്ക് പുതുമയും കൗതുകവുമുള്ളതാണ്. നമ്മുടെ അറിവുകള്‍ക്കും അപ്പുറത്ത് ഒരു ലോകമുണ്ടെന്ന തോന്നല്‍ ഒരുപക്ഷെ ഇത്തരം കാഴ്ചകള്‍ നമ്മളിലുണ്ടാക്കും. അത്തരത്തിലൊരു ദൃശ്യമാണിപ്പോള്‍ ട്വിറ്ററില്‍ ഏറെ ശ്രദ്ധ നേടുന്നത്.
ഒറ്റനോട്ടത്തില്‍ എവിടെയോ അലങ്കാരവെളിച്ചങ്ങള്‍ തൂക്കിയിട്ടതാണെന്ന് തോന്നാം. അതല്ലെങ്കില്‍ മനോഹരമായ പെയിന്‍റിംഗ് പോലെയും തോന്നാം. സംഗതി, ഇതൊന്നുമല്ല- ജീവനുള്ള ഒരത്ഭുതം തന്നെയാണെന്ന് അടിക്കുറിപ്പ് വായിക്കുമ്പോഴാണ് വ്യക്തമാവുക.
'ദ ഓക്സിജൻ പ്രോജക്ട്' എന്ന ട്വിറ്റര്‍ പേജാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഗ്ലാസ് ഒക്ടോപസ്' എന്നറിയപ്പെടുന്ന ഒരിനം നീരാളിയാണ് വീഡിയോയില്‍ കാണുന്നത്. വളരെ അപൂര്‍വമായി കാണാൻ സാധിക്കുന്ന കടല്‍ജീവിയാണിത്. അതുകൊണ്ട് തന്നെ ഗ്ലാസ് ഒക്ടോപസിനെ പലരും വീഡിയോകളില്‍ പോലും കണ്ടിട്ടില്ലെന്നതാണ് സത്യം.
കടലിന്‍റെ ആഴങ്ങളില്‍ ആണത്രേ സാധാരണനിലയില്‍ ഇതിന്‍റെ വാസം. സൂര്യപ്രകാശം പോലും എത്താത്തയിടത്താണ് ഇവ ജീവിക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു. ഇക്കാരണം കൊണ്ടാകാം അപൂര്‍ലമായാണ് ഇവരെ കാണാനാവുന്നത്. 1918 വരെ ഇങ്ങനെയൊരു ഇനം നീരാളിയുള്ളതായി കണ്ടെത്തപ്പെട്ടിട്ടുണ്ടായിരുന്നില്ലത്രേ. അതിന് ശേഷമാണ് ഇവയെ കുറിച്ച് ഗവേഷകര്‍ മനസിലാക്കുന്നത്.
സുതാര്യമായ ശരീരമാണ് പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ആന്തരീകാവയവങ്ങളെല്ലാം പുറത്തുനിന്ന് കാണാവുന്ന തരത്തില്‍ അത്രയും സുതാര്യമായിരിക്കും ശരീരം. അതിനാലാണ് ഇതിനെ ഗ്ലാസ് ഒക്ടോപസ് എന്ന് വിളിക്കുന്നത്. ഇത് ഇവയുടെ ശാസ്ത്രനാമം അല്ല.
ശത്രുക്കളില്‍ നിന്ന് ഒളിച്ചിരിക്കാനും രക്ഷ നേടാനുമാണ് ഇവരുടെ ശരീരപ്രകൃതി ഇവരെ പ്രധാനമായും സഹായിക്കുന്നത്. ദൂരെ നിന്ന് നോക്കുമ്പോള്‍ കടലിനടയിലെ ലോകത്തിന്‍റെ ഒരു കുഞ്ഞ് ഛേദം പോലെ മാത്രമെ ഇവയെ തോന്നൂ. ഇങ്ങനെയാണിവ ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നതത്രേ. രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയൊക്കെയാണ് ഇവയുടെ ശരാശരി ആയുസ്. മുതിര്‍ന്ന നീരാളിയാണെങ്കില്‍ അവയ്ക്ക് പതിനെട്ട് ഇഞ്ചോളം നീളമെല്ലാം വരും. ടെന്‍റക്കിള്‍സ് എന്നറിയപ്പെടുന്ന ഇവയുടെ നീണ്ട ഭാഗങ്ങളാണെങ്കില്‍ അത് എട്ടെണ്ണമാണ് വരുന്നത്.
എന്തായാലും അപൂര്‍വമായ കാഴ്ചയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. വേള്‍ഡ് ഒക്ടോപസ് ഡേയുടെ ഭാഗമായാണ് 'ദ ഓക്സിജൻ പ്രോജക്ട്'ഈ വീഡിയോ പങ്കുവച്ചിരുന്നത്. പതിനായിരക്കണക്കിന് പേരാണ് ഇപ്പോള്‍ വീഡിയോ കണ്ടിരിക്കുന്നത്. പലരും കൗതുകപൂര്‍വം ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നു.
Also Read:- 'പുകവലിക്കുന്ന പക്ഷി'?; ശരിക്കും പുക വരുന്നതാണോ എന്ന് സംശയിച്ച് വീഡിയോ കണ്ടവര്‍...