Exam Stress : സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാസമ്മര്‍ദ്ദം; സൈക്കോളജിസ്റ്റ് പറയുന്നത്...

നെഗറ്റീവ് ആയി സ്വയം സംസാരിക്കുന്ന രീതി ഒഴിവാക്കി വളരെ പോസിറ്റീവ് ആയി ചിന്തിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കാം. പഠിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് പരീക്ഷാഹാളില്‍ എത്തിയതിനുശേഷവും അല്പസമയം ശാന്തമായി ശ്വാസത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ച് മനസ്സിനെ ശാന്തമാക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കാം

psychologist shares tips to parents to take care of children during exams

സ്‌കൂള്‍ പഠനവും പരീക്ഷയുമായി ( Students Exams ) ബന്ധപ്പെട്ട ഭയം ഇന്നു കുട്ടികളില്‍ കൂടിവരികയാണ്. എപ്പോഴും പഠിക്കാന്‍ മാത്രം നിര്‍ബന്ധിക്കപ്പെടുകയും കുട്ടികള്‍ക്ക് കളിക്കാന്‍ സമയം അനുവദിക്കാതെ ഇരിക്കുകയും ചെയ്യുന്ന രീതി കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും( Exam Stress ).

ധാരാളം കുട്ടികളില്‍ പഠനവൈകല്യം, ശ്രദ്ധക്കുറവ്, വിഷാദം, ടെന്‍ഷന്‍ എന്നിങ്ങനെ തിരിച്ചറിയാതെ പോകുന്ന പല പ്രശ്‌നങ്ങളുമാകാം പഠനത്തില്‍ പിന്നാക്കം പോകുന്ന അവസ്ഥയുടെ യഥാര്‍ത്ഥ കാരണം. ഇവ മന:ശാസ്ത്ര പരിശോധനയിലൂടെ തിരിച്ചറിയുന്നതിലൂടെ മാത്രമേ ഇതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ.

ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ കുട്ടികള്‍ക്ക്  അമിത സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ടോ?. മാനസിക സമ്മര്‍ദ്ദം തന്നെ, ഗുണകരമായ മാനസിക സമ്മര്‍ദ്ദം, ദോഷകരമായ മാനസിക സമ്മര്‍ദ്ദം  എന്നിങ്ങനെ രണ്ടു തരത്തിലാണ് ഉള്ളത്. ആദ്യത്തേത് മികച്ച വിജയം കൈവരിക്കാന്‍ കുട്ടികളെ സഹായിക്കുന്നതാണെങ്കില്‍  രണ്ടാമത്തേത് പഠനത്തെ ദോഷകരമായാണ് ബാധിക്കുന്നത്. ലക്ഷ്യബോധം ഇല്ലാത്ത അവസ്ഥ, അമിത ടെന്‍ഷന്‍ എന്നീ രണ്ടവസ്ഥകളും ഒഴിവാക്കേണ്ടത് നല്ല വിജയം കരസ്ഥമാക്കാന്‍ കുട്ടികളെ സഹായിക്കുന്നു.

ചില വിദ്യാര്‍ത്ഥികളില്‍ പരീക്ഷ അടുക്കുമ്പോള്‍ തലവേദന, വയറിന് അസ്വസ്ഥത എന്നിങ്ങനെ പല ശാരീരിക അസ്വസ്ഥതകളുടെ രൂപത്തിലാവും പരീക്ഷ പേടി പ്രകടമാവുക. പരിശോധനയില്‍ കാരണങ്ങള്‍ കണ്ടെത്താനാവാതെ വരുന്ന അവസ്ഥയുണ്ടാകുന്നുവെങ്കില്‍ കുട്ടിക്ക് ടെന്‍ഷന്‍ ഉണ്ടോ എന്നു കൂടി കണ്ടത്തേണ്ടതായുണ്ട്. മറ്റു ചില കുട്ടികളിലാകട്ടെ പരാജയഭയം, പ്രതീക്ഷയില്ലായ്മ, പഠനകാര്യങ്ങളില്‍ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ആത്മവിശ്വാസക്കുറവ് എന്നീ ലക്ഷണങ്ങളാവും പ്രകടമാക്കുക.

നമ്മള്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാ പരീക്ഷപ്പേടി എന്ന വാക്കാണ് സാധാരണയായി ഉപയോഗിക്കാറുള്ളത് എങ്കിലും യഥാര്‍ത്ഥത്തില്‍ അത് പരീക്ഷയെപ്പറ്റിയുള്ള അമിത ഉത്ക്കണ്ഠ/ ആകുലത ആണെന്ന് തിരിച്ചറിയണം. നിലവില്‍ ഇല്ലാത്തതും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മാത്രം എഴുതാന്‍ പോകുന്നതുമായ പരീക്ഷയുടെ ഫലത്തെ ചൊല്ലി അമിതമായി ചിന്തിച്ച് ആകുലതപ്പെടുന്ന അവസ്ഥ.

ഭാവിയില്‍ വരാന്‍ പോകുന്ന കാര്യങ്ങളെപ്പറ്റി അമിതമായി ഉത്ക്കണ്ഠപ്പെടുകയല്ല മറിച്ച് ഈ നിമിഷം എന്തുചെയ്യാം എന്നു ചിന്തിക്കുകയാണ് വേണ്ടത്. പരീക്ഷയ്ക്ക് നല്ല മാര്‍ക്ക്  നേടാന്‍ കഴിയുമോ എന്ന് ആകുലപ്പെടുന്നതുകൊണ്ട് പഠിക്കാനുള്ള സമയം നഷ്ടമാകുകയാണ് ചെയ്യുന്നത്.

സമയം ക്രമീകരിച്ചു പാഠഭാഗങ്ങള്‍ പഠിക്കാന്‍ കഴിയുക എന്നതാണ് ഏറ്റവും പ്രധാനം. കുട്ടികളില്‍ ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ് പരീക്ഷയെപ്പറ്റിയുള്ള ആകുലതകള്‍ വര്‍ധിക്കുന്നത്. ചിലപ്പോള്‍ മുന്‍കാലങ്ങളില്‍ ഏതെങ്കിലും പരീക്ഷയില്‍ തോല്‍വി സംഭവിച്ചതും അവരുടെ മനസ്സിലെ ഉത്കണ്ഠയ്ക്കു കാരണമാകാം. ഇത് മനസ്സിലാക്കി എങ്ങനെ ഇനിയുള്ള സമയം ഫലപ്രദമായി ഉപയോഗിക്കാം എന്നു ചിന്തിക്കാന്‍ കുട്ടികളെ സഹായിക്കുകയാണ് നാം ചെയ്യേണ്ടത്.

തോല്‍വി സംഭവിച്ചാല്‍ എന്തു ചെയ്യും എന്ന രീതിയില്‍ അമിതമായ നെഗറ്റീവ് ചിന്തകളെ അവസാനിപ്പിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് പരീക്ഷ അടുക്കുന്ന സമയത്ത് അവര്‍ക്ക് വേണ്ടത്. ഉത്കണ്ഠ കുറയ്ക്കാന്‍ 'റിലാക്‌സേഷന്‍ ട്രെയിനിംഗ്' ഫലപ്രദമാണ്. മനസ് ശാന്തമല്ല എങ്കില്‍ നന്നായി ഉറങ്ങാന്‍ കഴിയാതെ വരികയും, വിശപ്പില്ലായ്മയും എല്ലാം അനുഭവപ്പെടാം.

നെഗറ്റീവ് ആയി സ്വയം സംസാരിക്കുന്ന രീതി ഒഴിവാക്കി വളരെ പോസിറ്റീവ് ആയി ചിന്തിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കാം. പഠിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് പരീക്ഷാഹാളില്‍ എത്തിയതിനുശേഷവും അല്പസമയം ശാന്തമായി ശ്വാസത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ച് മനസ്സിനെ ശാന്തമാക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കാം. പരീക്ഷാഫലത്തെപ്പറ്റി അമിതമായി ചിന്തിച്ച് മനസ് വിഷമിപ്പിക്കാതെ ധൈര്യമായി ഇനിയുള്ള സമയം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്നു കൊടുക്കുക.

കടപ്പാട്: പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (RCI Registered)
റാന്നി, പത്തനംതിട്ട
For consultation and awareness classes
Call: 8281933323

Also Read:- കുട്ടികളിലെ പരീക്ഷപ്പേടി; രക്ഷിതാക്കള്‍ ചെയ്യേണ്ടത്...

Latest Videos
Follow Us:
Download App:
  • android
  • ios