മൂക്കിന്‍റെ ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വിഷാദത്തിലേക്ക് പോകാൻ കാരണം: പ്രിയങ്ക ചോപ്ര പറയുന്നു...

പല താരങ്ങളുടെയും സര്‍ജറി വലിയ പരാജയമാവുകയും ഇത് പിന്നീട് ഇവരുടെ കരിയറിനെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വിവാദങ്ങളില്‍ ഉയര്‍ന്നുകേട്ടിട്ടുള്ള പേരാണ് നടി പ്രിയങ്ക ചോപ്രയുടേതും.

priyanka chopra remember about the depression that she suffered after nose surgery hyp

ബോളിവുഡ് താരങ്ങളില്‍ പ്രായ- ലിംഗ ഭേദമെന്യേ കോസ്മെറ്റിക് സര്‍ജറിയുടെ പേരില്‍ വിവാദത്തിലാകാത്തവര്‍ അപൂര്‍വമാണെന്ന് പറയാം. മിക്ക താരങ്ങളും ശരീരത്തിലെ ഏതെങ്കിലുമൊരു അവയവത്തെ, പ്രത്യേകിച്ച് മുഖത്ത് ചെറിയ രീതിയിലെങ്കിലുമൊരു കോസ്മെറ്റിക് സര്‍ജറി ചെയ്തിട്ടുള്ളവരാണ്. 

പല താരങ്ങളുടെയും സര്‍ജറി വലിയ പരാജയമാവുകയും ഇത് പിന്നീട് ഇവരുടെ കരിയറിനെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വിവാദങ്ങളില്‍ ഉയര്‍ന്നുകേട്ടിട്ടുള്ള പേരാണ് നടി പ്രിയങ്ക ചോപ്രയുടേതും. പ്രിയങ്ക മൂക്കിന് ചെയ്ത സര്‍ജറി പരാജയപ്പെട്ടു, ഇതോടെ സിനിമകള്‍ കയ്യില്‍ നിന്ന് നഷ്ടമായി എന്ന തരത്തിലായിരുന്നു ഗോസിപ്പുകള്‍ വന്നിരുന്നത്.

എന്നാല്‍ ആസ്ത്മ അധികരിച്ചതോടെ മൂക്കിനകത്ത് ചെയ്യേണ്ടി വന്ന സര്‍ജറിയില്‍ പിഴവ് സംഭവിക്കുകയും പിന്നീട് വീണ്ടും സര്‍ജറിക്ക് വിധേയയാകേണ്ടി വരികയുമായിരുന്നു തനിക്കെന്നാണ് പ്രിയങ്ക ഇതെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. താനെഴുതിയ പുസ്തകത്തിലും പ്രിയങ്ക ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. 

ഇതെക്കുറിച്ച് കൂടുതല്‍ വിശദമായി അടുത്തിടെ പ്രിയങ്ക ഒരു ഷോയില്‍ സംസാരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വീണ്ടും ശ്രദ്ധ നേടുകയാണിപ്പോള്‍. മൂക്കിന്‍റെ സര്‍ജറിയില്‍ പിഴവ് സംഭവിച്ചതോടെ മൂക്കിന്‍റെ ഘടന തന്നെ മാറിപ്പോയി എന്നും ഇതോടെ താൻ കടുത്ത വിഷാദത്തിലേക്ക് വീണുപോയി എന്നുമാണ് പ്രിയങ്ക വിശദമാക്കുന്നത്.

'മുഖത്ത് നിന്ന് ബാൻഡേജ് എടുത്ത് ആദ്യമായി കണ്ണാടി നോക്കിയപ്പോള്‍ ഞാനും അമ്മയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തകര്‍ന്നുപോയി. എന്‍റെ മൂക്കിന്‍റെ സ്ഥാനത്ത് ഒന്നുമില്ലാത്ത് പോലെയാണ് തോന്നിയത്. മുഖം തന്നെ ആകെ മാറിയിരുന്നു. ഞാനേ അല്ലാതായ പോലെ. ഇതോടെ വളരെ കടുത്തൊരു വിഷാദത്തിലേക്കാണ് ഞാൻ വീണുപോയത്. എന്‍റെ കരിയര്‍ തുടങ്ങും മുമ്പ് തന്നെ അവസാനിക്കുന്ന അവസ്ഥയുമായി. ഓരോ തവണയും കണ്ണാടി നോക്കുമ്പോള്‍ അപരിചിതയായ ഒരാള്‍ എന്നെ തന്നെ നോക്കുംപോലെ എനിക്ക് തോന്നും. ഭയങ്കര ആത്മവിശ്വാസ പ്രശ്നമായിരുന്നു അന്നൊക്കെ. പ്ലാസ്റ്റിക് ചോപ്ര എന്നാണ് അന്ന് പല ഗോസിപ്പ് കോളങ്ങളും എന്നെ വിശേഷിപ്പിച്ചത്. മൂന്ന് പടങ്ങളില്‍ നിന്ന് എന്നെ പുറത്താക്കി...'- പ്രിയങ്ക പറയുന്നു.

പിന്നീട് അച്ഛൻ നല്‍കിയ ആത്മവിശ്വാസത്തിന്‍റെ ബലത്തിലാണ് അടുത്ത സര്‍ജറിക്ക് ഒരുങ്ങിയതെന്നും, പതിയെ പതിയെ നഷ്ടപ്പെട്ടതെല്ലാം താൻ തിരിച്ചെടുത്തുവെന്നും പ്രിയങ്ക പറയുന്നു. നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന ചെറുതല്ലാത്ത മാറ്റങ്ങള്‍ തീര്‍ച്ചയായും നമ്മുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുതന്നെയാണ് പ്രിയങ്കയ്ക്കും സംഭവിച്ചിരുന്നത് എന്നത് വ്യക്തം. എങ്കിലും നിലവില്‍ പലര്‍ക്കും പ്രചോദനമാകാൻ പ്രിയങ്കയ്ക്ക് കഴിയുന്നുണ്ട്. 

Also Read:- 'ഷേവിംഗ് ക്രീം ആണോ?'; ഫാഷൻ മേളയില്‍ ധരിച്ച വസ്ത്രത്തിന് 'ട്രോള്‍' ഏറ്റുവാങ്ങി റിഹാന...

 

Latest Videos
Follow Us:
Download App:
  • android
  • ios