പിറന്നാളിന് കേക്ക് 'വെട്ടിയതിന്' പതിനേഴുകാരനെ പൊലീസ് പിടിച്ചു!
ആഘോഷങ്ങളെല്ലാം നല്ലതിന് തന്നെയാണ്. അത് സുഹൃത്തുക്കൾക്കൊപ്പമാണ് കുട്ടികൾ ആഗ്രഹിക്കുന്നതെങ്കിൽ അതിലും പരാതി കാണേണ്ടതില്ല. എന്നാലിത്തരത്തിലുള്ള മോശം പ്രവണതകളിലേക്ക് കൌമാരക്കാർ നീങ്ങുന്നത് തീർച്ചയായും വീട്ടുകാർ ശ്രദ്ധിക്കണം.
വ്യത്യസ്മായ എന്തെല്ലാം വാർത്തകളും ചിത്രങ്ങളും വീഡിയോകളുമാണ് നാം ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. ഇവയിൽ പലതും താൽക്കാലികമായ ആസ്വാദനങ്ങൾക്ക് മാത്രം ഉപകരിക്കുന്നതാകാം. മറ്റ് ചിലതാകട്ടെ, നമ്മെ ഒരുപാട് കാര്യങ്ങൾ ഓർമ്മിപ്പിക്കുകയോ ചിന്തിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നതുമാകാം.
സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടി പല കസർത്തുകളും നടത്തുന്നവരുണ്ട്. ഇത്തരത്തിൽ പ്രശസ്തിക്ക് വേണ്ടി നിയമലംഘനം പോലും നടത്തുന്നവരുണ്ട്. ചിലപ്പോഴെങ്കിലും ഇത്തരക്കാർ പൊലീസിന്‍റെ പിടിയിൽ കുടുങ്ങാറുമുണ്ട്.
സമാനമായൊരു സംഭവമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ കേക്ക് 'വെട്ടിയതിന്' പൊലീസ് പിടിയിലായിരിക്കുകയാണ് ഒരു പതിനേഴുകാരൻ. കേക്ക് മുറിച്ചതിന് എന്തിനാണ് പൊലീസെന്ന് ആർക്കും സംശയം തോന്നാം. എന്നാൽ കേക്ക് മുറിക്കുകയല്ല പകരം അക്ഷരാർത്ഥത്തിൽ വാള് കൊണ്ട് വെട്ടുകയാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്.
ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് സംഭവത്തിൽ ഇടപെട്ടത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച രാത്രിയായിരുന്നു പിറന്നാളാഘോഷം. നിരത്തിവച്ചിരിക്കുന്ന 21 കേക്കുകളാണ് വെട്ടുന്നത്. ഒരു വാള് കൊണ്ട് നീളത്തിൽ എല്ലാ കേക്കിലും വെട്ടി വരികയാണ്. ബോറിവലിയിൽ നടന്ന ആഘോഷത്തിന്‍റെ വീഡിയോ ശ്രദ്ധയിൽ പെട്ടതോടെ ആയുധം കൈവശം വച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇത്തരം സംഭവങ്ങൾ അടുത്തിടെയായി ആവർത്തിച്ചുവരുന്നുണ്ടെന്നും നടപടിയെടുത്തില്ലെങ്കിൽ ഈ മോശം പ്രവണത ഇനിയും തുടരുമെന്നും മുംബൈ പൊലീസ് അറിയിച്ചു. മുംബൈയിൽ തന്നെ 2020ൽ പിറന്നാൾദിനത്തിൽ 25 കേക്കുകൾ വാളുപയോഗിച്ച് വെട്ടിയ ഒരാൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. അന്ന് മുപ്പതുകാരനും ഇദ്ദേഹത്തിന്‍റെ ഇരുപതിലധികം സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലായിരുന്നു.
ആഘോഷങ്ങളെല്ലാം നല്ലതിന് തന്നെയാണ്. അത് സുഹൃത്തുക്കൾക്കൊപ്പമാണ് കുട്ടികൾ ആഗ്രഹിക്കുന്നതെങ്കിൽ അതിലും പരാതി കാണേണ്ടതില്ല. എന്നാലിത്തരത്തിലുള്ള മോശം പ്രവണതകളിലേക്ക് കൌമാരക്കാർ നീങ്ങുന്നത് തീർച്ചയായും വീട്ടുകാർ ശ്രദ്ധിക്കണം. സോഷ്യൽ മീഡിയയുടെ മോശം സ്വാധീനവും ഇതിൽ വലിയ ഭാഗവാക്കാകുന്നുണ്ട്.
Also Read:- റീല്‍സിനായി റോഡിലിരുന്ന് മദ്യപിച്ച ഇൻസ്റ്റഗ്രാം താരത്തിനെതിരെ അറസ്റ്റ് വാറണ്ട്