മാട്രിമോണിയല്‍ സൈറ്റില്‍ ആളുകള്‍ ആദ്യം ശ്രദ്ധിക്കുന്നതെന്ത്?
സൈറ്റുകളിലൂടെ പങ്കാളിയെ അന്വേഷിക്കുമ്പോള്‍ ആളുകള്‍ ആദ്യം പ്രാധാന്യം കൊടുക്കുന്നത് ഏത് ഘടകത്തിനായിരിക്കും? സൗന്ദര്യം, മതം, ജാതി, ജോലി, ശമ്പളം എന്നിങ്ങനെ പല ഘടകങ്ങളും ഇതിലുള്‍പ്പെടാം
അനുയോജ്യരായ ജീവിതപങ്കാളിയെ ( Life Partner ) അന്വേഷിക്കുന്നതിന് ഇന്ന് മാട്രിമോണിയല്‍ സൈറ്റുകളെ ( Matrimonial Site ) ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഓരോരുത്തരും അവരവരുടെ താല്‍പര്യങ്ങളും അഭിരുചികളുമെല്ലാം രേഖപ്പെടുത്തുകയും അതിന് യോജിക്കുന്ന വ്യക്തികളെ അതത് സൈറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്.
എന്നാല്‍ ഇത്തരം സൈറ്റുകളിലൂടെ പങ്കാളിയെ അന്വേഷിക്കുമ്പോള്‍ ആളുകള്‍ ആദ്യം പ്രാധാന്യം കൊടുക്കുന്നത് ഏത് ഘടകത്തിനായിരിക്കും? സൗന്ദര്യം, മതം, ജാതി, ജോലി, ശമ്പളം എന്നിങ്ങനെ പല ഘടകങ്ങളും ഇതിലുള്‍പ്പെടാം.
ഇവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സൗന്ദര്യം തന്നെയാണെന്നാണ് അടുത്തിടെ നടന്നൊരു സര്‍വേ ഫലം വ്യക്തമാക്കുന്നത്. Betterhalf.ai എന്ന മാട്രിമോണിയല്‍ ആപ്പാണ് ഈ വിഷയത്തില്‍ സര്‍വേ നടത്തിയത്. ഇതില്‍ പങ്കെടുത്തവരില്‍ 43 ശതമാനം പേരും സൗന്ദര്യത്തിനാണ് ആദ്യം പ്രാധാന്യം കൊടുക്കുന്നതെന്ന് രേഖപ്പെടുത്തി.
മറ്റ് വിശദാംശങ്ങളെല്ലാം അറിയും മുമ്പ് കാണാന്‍ ഇഷ്ടമാകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുമെന്നാണ് ഇവരെല്ലാം ചൂണ്ടിക്കാട്ടുന്നത്. സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം പേര്‍ ആദ്യം പ്രായത്തിന് പ്രാധാന്യം നല്‍കുമെന്നും 19 ശതമാനം പേര്‍ ജോലിക്ക് പ്രാധാന്യം നല്‍കുമെന്നും 16 ശതമാനം പേര്‍ ശമ്പളത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും അഭിപ്രായപ്പെട്ടു.
'ഏതൊരു വ്യക്തിക്കും സാമൂഹികമായൊരു വ്യക്തിത്വമുണ്ടായിരിക്കും. ഓണ്‍ലൈന്‍ സൈറ്റുകള്‍ മുഖാന്തരം നമുക്ക് യോജിച്ച ഒരു വ്യക്തിയെ തെരഞ്ഞെടുക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. ഫോട്ടോ കണ്ട് സൗന്ദര്യം വിലയിരുത്തുമ്പോള്‍ അത് എല്ലായ്‌പോഴും കൃത്യമാകണമെന്നില്ല. ഫോട്ടോയുടെ ക്വാളിറ്റി, എങ്ങനെ എടുത്തിരിക്കുന്നു, എങ്ങനെ വച്ചിരിക്കുന്നു എന്നതെല്ലാം നമ്മളെ എളുപ്പത്തില്‍ ആകര്‍ഷിപ്പിക്കുന്ന ഘടകങ്ങളാകാം...' - ബെറ്റര്‍ഹാഫ് ആപ്പ് പ്രതിനിധി പവന്‍ ഗുപ്ത പറയുന്നു.
ഗ്രാമങ്ങളില്‍ ഇപ്പോഴും മതം, ജാതി എന്നിവയ്‌ക്കെല്ലാം ഏറെ പ്രാധാന്യമുണ്ടെന്നും എന്നാല്‍ നഗരപ്രദേശങ്ങളില്‍ ഈ ചിന്താഗതിയില്‍ കാര്യമായ മാറ്റമുണ്ടാകുന്നുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നുണ്ട്.
Also Read:- താലിയില്ലാ കല്യാണം! രണ്ടൊപ്പുകളുടെ ബലത്തിൽ ജീവിതം തുടങ്ങുന്നു; കുറിപ്പ് വൈറല്‍