'ഇത് അനീതിയാണ്'; ഫ്ളാറ്റില്‍ പതിച്ച നോട്ടീസിനെതിരെ പ്രതിഷേധം
നേരത്തെ ഹൈദരാബാദിലെ ഒരു ഹൗസിംഗ് സൊസാറ്റിയില്‍ സമാനമായ രീതിയില്‍ പതിച്ച നോട്ടീസ് ഇതുപോലെ വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ഡെലിവെറി ബോയ്സ് എന്നിവര്‍ ലിഫ്റ്റ് ഉപയോഗിക്കരുതെന്നും ഉപയോഗിച്ചുകണ്ടാല്‍ മുന്നൂറ് രൂപ പിഴ ചുമത്തുമെന്നുമായിരുന്നു ആ നോട്ടീസ്.
ഇന്ന് ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ഏറെ സജീവമാണ്. തിരക്കിട്ട ജോലിക്കിടയിലും ട്രാഫിക്കിനിടയിലുമെല്ലാം ഭക്ഷണം വീട്ടുവാതില്‍ക്കല്‍ വരെ എത്തിക്കുന്ന ഇത്തരം സര്‍വീസുകള്‍ വലിയ രീതിയിലാണ് നഗരജീവിതത്തില്‍ ഉപഭോക്താക്കള്‍ക്ക് സഹായകരമാവുക.
എന്നാല്‍ ഈ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തുമ്പോഴും ഇങ്ങനെ ഫുഡ് ഡെലിവെറി ജോലികള്‍ ചെയ്യുന്ന ആളുകളോടെല്ലാം മോശം കാഴ്ചപ്പാട് സൂക്ഷിക്കുന്നവര്‍ ഇപ്പോഴുമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഫുഡ് ഡെലിവെറി ഏജന്‍റുമാരോട് മാത്രമല്ല, ചില തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരോടെല്ലാം അയിത്തം പാലിക്കുകയോ അവരെ മാറ്റിനിര്‍ത്തുകയോ ചെയ്യുന്ന പ്രവണത ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു.
ഇതിന് തെളിവാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു ഫോട്ടോ. ദില്ലിയില്‍ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ പതിച്ച നോട്ടീസ് ആണ് ചിത്രത്തിലുള്ളത്.
ബില്‍ഡിംഗില്‍ താമസിക്കുന്നവര്‍ അല്ലാത്തവര്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിന് എതിരെയാണ് നോട്ടീസ്. സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഫുഡ് ഡെലിവെറികളില്‍ പ്രവര്‍ത്തിക്കുന്ന ഡെലിവെറി ഏജന്‍റുമാരൊന്നും ലിഫ്റ്റ് ഉപയോഗിക്കരുതെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഇവിടെ താമസിക്കുന്നവര്‍ കൂട്ടായി എടുത്ത തീരുമാനമായിരുന്നിരിക്കണം.
എന്നാല്‍ ഒരുപാട് നിലകളുള്ള കെട്ടിടത്തില്‍ ഭക്ഷണം ഡെലിവെറി ചെയ്യാൻ പോകുമ്പോള്‍ ലിഫ്റ്റ് ഉപയോഗിക്കരുതെന്ന് പറയുന്നത് തീര്‍ത്തും മനുഷ്യത്വവിരുദ്ധമാണല്ലോ. ഇത് ചൂണ്ടിക്കാട്ടി വലിയ രീതിയിലാണ് നോട്ടീസിനെതിരെ പ്രതിഷേധം വന്നിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ പങ്കുവച്ച ട്വീറ്റില്‍ ഇത്തരത്തില്‍ നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇങ്ങനെ ലിഫ്റ്റ് സൗകര്യം നിഷേധിക്കുന്ന കെട്ടിടങ്ങളില്‍ ഭക്ഷണം സെക്യൂരിറ്റിയെ ഏല്‍പിച്ച് മടങ്ങണമെന്നും വേണ്ടവര്‍ അവിടെ വന്ന് ഭക്ഷണം വാങ്ങട്ടെയെന്നുമെല്ലാമാണ് ഏവരും പറയുന്നത്. അല്ലാത്തപക്ഷം ഡെലിവെറി ഏജന്‍റുമാര്‍ ഒരു ഓര്‍ഡറിന് വേണ്ടി എത്രയോ പടികള്‍ കയറേണ്ട അവസ്ഥ വരാം.
ഇങ്ങനെയുള്ള അവസ്ഥ പലയിടത്തും ഉണ്ട് എന്നുകൂടി ചൂണ്ടിക്കാട്ടുന്നവരുണ്ട്.
നേരത്തെ ഹൈദരാബാദിലെ ഒരു ഹൗസിംഗ് സൊസാറ്റിയില്‍ സമാനമായ രീതിയില്‍ പതിച്ച നോട്ടീസ് ഇതുപോലെ വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ഡെലിവെറി ബോയ്സ് എന്നിവര്‍ ലിഫ്റ്റ് ഉപയോഗിക്കരുതെന്നും ഉപയോഗിച്ചുകണ്ടാല്‍ മുന്നൂറ് രൂപ പിഴ ചുമത്തുമെന്നുമായിരുന്നു ആ നോട്ടീസ്.