മുംബൈയിലെ 'ലഞ്ച് ബോക്‌സ്' സംവിധാനം പ്രതിസന്ധിയില്‍; 'ഡബ്ബാവാല'കള്‍ക്ക് ആശ്വാസമായി പുതിയ സംരംഭകര്‍

നഗരത്തില്‍ ഏതാണ്ട് 130 വര്‍ഷത്തോളമായി മുടങ്ങാതെ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഈ സംവിധാനം. കൗമാരകാലം മുതല്‍ക്ക് തന്നെ 'ഡബ്ബാവാല'യായി പ്രവര്‍ത്തിക്കുന്നവരുണ്ട് ഇവരുടെ കൂട്ടത്തില്‍. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ലോക്ഡൗണ്‍ ആയതോടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടായത്

mumbai citys lunch box men lost job during pandemic

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് നിരവധി പേര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട സാഹചര്യമുണ്ടായി. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നവര്‍, വഴിയോരക്കച്ചവടക്കാര്‍, തട്ടുകടക്കാര്‍ എന്നിങ്ങനെ ലോക്ഡൗണ്‍ പ്രതിസന്ധിയിലാക്കിയ കുടുംബങ്ങളേറെയാണ്. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടൊരു വിഭാഗമാണ് മുംബൈയിലെ 'ഡബ്ബാവാലാ'കള്‍ അഥവാ ലഞ്ച് ബോക്‌സ് വിതരണക്കാര്‍. 

രാജ്യത്തിനകത്ത് മാത്രമല്ല, ആഗോളതലത്തില്‍ തന്നെ പ്രശസ്തമായിരുന്നു മുംബൈ നഗരത്തിലെ ഈ ലഞ്ച് ബോക്‌സ് സംവിധാനം. ഓഫീസ് ജീവനക്കാരടക്കമുള്ളവര്‍ക്ക് വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണം ഉച്ചസമയത്തേക്ക് എത്തിച്ചുനല്‍കുകയെന്നതായിരുന്നു ഇവരുടെ ജോലി. 

നഗരത്തില്‍ ഏതാണ്ട് 130 വര്‍ഷത്തോളമായി മുടങ്ങാതെ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഈ സംവിധാനം. കൗമാരകാലം മുതല്‍ക്ക് തന്നെ 'ഡബ്ബാവാല'യായി പ്രവര്‍ത്തിക്കുന്നവരുണ്ട് ഇവരുടെ കൂട്ടത്തില്‍. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ലോക്ഡൗണ്‍ ആയതോടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടായത്.

'വര്‍ക്ക് ഫ്രം ഹോം' രീതിയിലേക്ക് മിക്ക ഓഫീസ് ജോലികളും മാറിയതോടെ 'ഡബ്ബാവാല'കളുടെ ഉച്ചഭക്ഷണം കാത്തിരിക്കാന്‍ ആളുകളില്ലാതായി. ഇതോടെ ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് നഗരത്തിലെ ലഞ്ച് ബോക്‌സ് സംവിധാനമായ 'ഡബ്ബാവാല'കള്‍ ഉച്ചഭക്ഷണമെത്തിച്ചിരുന്നത്. 

നേരത്തേ ബുക്ക് ചെയ്യുന്നത് പ്രകാരം പതിവായി ഉപഭോക്താക്കള്‍ക്ക് വീടുകളില്‍ തയ്യാറാക്കുന്ന ഭക്ഷണം സൈക്കിളിലും ട്രെയിനുകളിലുമെല്ലാം സഞ്ചരിച്ച്, നഗരത്തിലെ ട്രാഫിക്കിനെയെല്ലാം അതിജീവിച്ച് എത്തിച്ചുനല്‍കുകയെന്നതായിരുന്നു ഇവരുടെ ജോലി. 

'ലോക്ഡൗണ്‍ ആയതോടെ വലിയ ബുദ്ധിമുട്ടിലായി. ജോലി ഇല്ലാതായി. കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി. കിട്ടാവുന്ന ചെറിയ ജോലികളെല്ലാം ചെയ്തുനോക്കി. എന്നിട്ടും പ്രതിസന്ധികളെ അതിജീവിക്കാനായില്ല...'- 20 വര്‍ഷമായി നഗരത്തില്‍ 'ഡബ്ബാവാല'യായി ജോലി ചെയ്യുന്ന കൈലാഷ് ഷിന്‍ഡെ പറയുന്നു. 

എന്നാലിപ്പോള്‍ 'ഡബ്ബാവാല'കള്‍ക്ക് തണലായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളെ പോലെ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയിരിക്കുകയാണ് ചിലര്‍. ഏറെ വെല്ലുവിളികളും മത്സരവും നിറഞ്ഞ മേഖലയാണിത്. എങ്കിലും പ്രതീക്ഷയിലാണ് സംരംഭകര്‍. ലോക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട 'ഡബ്ബാവാല'കളെയാണ് ഡെലിവെറിക്കായി അധികവും തെരഞ്ഞെടുക്കുന്നത്. 

നഗരത്തിലെ തന്നെ ചില റെസ്റ്റോറന്റുകാരാണ് ഈ സംരംഭങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വീട്ടില്‍ തയ്യാറാക്കിയിരുന്ന 'ഹോംലി' ഭക്ഷണമാണ് ഡബ്ബാവാലകള്‍ വിതരണം ചെയ്തിരുന്നതെങ്കില്‍ ഇനി, അതത് റെസ്‌റ്റോറന്റുകളില്‍ തയ്യാറാക്കുന്ന ഭക്ഷണമാണ് ഓര്‍ഡറിനനുസരിച്ച് ഇവര്‍ വിതരണം ചെയ്യേണ്ടത്. 

ഡബ്ബാവാലകളില്‍ ഒരു വിഭാഗം പേര്‍ വിദ്യാസമ്പന്നരല്ല എന്നതാണ് ഇതില്‍ വലിയ വെല്ലുവിളിയാകുന്നത്. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തങ്ങളില്‍ പലര്‍ക്കും അറിയില്ലെന്നും എങ്കിലും പട്ടിണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ലഭിക്കുന്ന അവസരം വിനിയോഗിക്കാന്‍ തന്നെയാണ് തീരുമാനമെന്നും ഇവര്‍ പറയുന്നു. നിലവില്‍ വളരെ ചെറിയൊരു വിഭാഗത്തിനാണ് ഇത്തരത്തില്‍ ജോലി ലഭിച്ചിരിക്കുന്നത്. സമീപഭാവിയില്‍ തന്നെ കൂടുതല്‍ ഡബ്ബാവാലകള്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംരംഭകര്‍.

ഫോട്ടോ കടപ്പാട്: അലിസൺ ജോയ്സ്, ദ വാഷിംഗ്ടൺ പോസ്റ്റ്

Also Read:- വെള്ളക്കെട്ടിലൂടെ നടന്ന് കസ്റ്റമര്‍ക്ക് ഭക്ഷണമെത്തിച്ച ഡെലിവറി ബോയ്ക്ക് അഭിനന്ദനമറിയിച്ച് കമ്പനി

Latest Videos
Follow Us:
Download App:
  • android
  • ios