ബഹിരാകാശത്ത് സൂക്ഷിക്കപ്പെട്ട എലികളുടെ ബീജം; ഒടുവിലിതാ ഉശിരന്‍ കുഞ്ഞുങ്ങള്‍...

ബഹിരാകാശത്തെ കോസ്മിക് കിരണങ്ങളേല്‍ക്കുന്ന ബീജങ്ങള്‍ക്ക് പിന്നീട് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കാനാകുമോ എന്ന ഗവേഷകരുടെ പഠനത്തിന്റെ ഭാഗമായാണ് ബീജങ്ങള്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ ആറ് വര്‍ഷത്തോളം സൂക്ഷിച്ചത്. ഭാവിയില്‍ മനുഷ്യന്റെ പുതിയ തലമുറയ്ക്ക് ബഹിരാകാശത്ത് കഴിയാനുള്ള സാധ്യതകള്‍ കൂടി ഭാഗവാക്കാക്കിയാണ് ഗവേഷകര്‍ ഈ പഠനം രൂപകല്‍പന ചെയ്തത്
 

mouse sperm stored in space gives birth to healthy pups

ബഹിരാകാശത്ത് ആറ് കൊല്ലത്തോളം സൂക്ഷിക്കപ്പെട്ട എലികളുടെ ബീജങ്ങള്‍ ഒടുവില്‍ കുഞ്ഞ് ജീവനുകള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നു. ഭൂമിയില്‍ തിരികെയെത്തിച്ച ശേഷം പെണ്ണെലികളില്‍ ബീജം കുത്തിവച്ചായിരുന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ജലാംശം മുഴുവനായി വറ്റിച്ചെടുത്ത് 'ഡ്രൈ' രൂപത്തിലായിരുന്ന ബീജങ്ങള്‍ 'ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷ'നിലായിരുന്നു സൂക്ഷിക്കപ്പെട്ടിരുന്നത്. 

ബഹിരാകാശത്തെ കോസ്മിക് കിരണങ്ങളേല്‍ക്കുന്ന ബീജങ്ങള്‍ക്ക് പിന്നീട് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കാനാകുമോ എന്ന ഗവേഷകരുടെ പഠനത്തിന്റെ ഭാഗമായാണ് ബീജങ്ങള്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ ആറ് വര്‍ഷത്തോളം സൂക്ഷിച്ചത്.

ഭാവിയില്‍ മനുഷ്യന്റെ പുതിയ തലമുറയ്ക്ക് ബഹിരാകാശത്ത് കഴിയാനുള്ള സാധ്യതകള്‍ കൂടി ഭാഗവാക്കാക്കിയാണ് ഗവേഷകര്‍ ഈ പഠനം രൂപകല്‍പന ചെയ്തത്. ഇതനുസരിച്ച് 2013ലാണ് ഗവേഷകര്‍ എലികളുടെ ബീജം 'ഫ്രീസ് ഡ്രൈഡ്' രൂപത്തിലാക്കി സ്‌പെയ്‌സ് സ്റ്റേഷനിലെത്തിച്ചത്. 48 ആംപ്യൂളുകളടങ്ങുന്ന മൂന്ന് പെട്ടികളിലായി ബീജം സൂക്ഷിച്ചു. 

കാലാവധിക്ക് ശേഷം ഭൂമിയിലെത്തിച്ച്, അവയില്‍ വീണ്ടും ജലാംശം നിറച്ച് ഉത്പാദനക്ഷമമാക്കി പെണ്ണെലികളില്‍ കുത്തിവയ്ക്കുകയായിരുന്നു. 166 കുഞ്ഞുങ്ങളാണ് ഉണ്ടായിരിക്കുന്നത്. എല്ലാം ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഒരു കുഞ്ഞിന് പോലും പ്രതീക്ഷിച്ചത് പോലുളള ജനിതക തകരാറുകള്‍ ഇല്ലെന്നും ഗവേഷകര്‍ അറിയിച്ചു.

'ഭാവിയില്‍ നമുക്ക് മറ്റ് ഗ്രഹങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കേണ്ടി വരുമ്പോള്‍ നമ്മുടെ ജനിതക സ്രോതസിന്റെ വൈവിധ്യങ്ങളെല്ലാം നമ്മള്‍ സൂക്ഷിക്കേണ്ടിവരും. മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെയും. ചെലവ് ചുരുക്കുന്നതിന്റെയും സുരക്ഷയുടെയുമെല്ലാം ഭാഗമായി ജീവനുള്ള മനുഷ്യരെയും മൃഗങ്ങളെയും കൊണ്ടുപോകുന്നതിന് പകരം സ്‌പെയ്‌സ്ഷിപ്പുകളില്‍ നമ്മള്‍ കടത്താന്‍ പോകുന്നത് ഇത്തരത്തില്‍ സ്‌റ്റോര്‍ ചെയ്ത് വയ്ക്കാവുന്ന കോശങ്ങളായിരിക്കും...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡെവലപ്‌മെന്റല്‍ ബയോളജിസ്റ്റ് ടെറൂഹികോ വകയാമ പറയുന്നു.

Also Read:- ശരീരത്തിന് പുറത്തെത്തിയാല്‍ പുരുഷബീജത്തിന് എത്ര ആയുസുണ്ട്?; ഒപ്പം ഗര്‍ഭധാരണ സാധ്യതകളും...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios