17 മണിക്കൂറിനുള്ളില്‍ 67 ബാറുകളില്‍ നിന്ന് മദ്യപിച്ചു; ലോകറെക്കോര്‍ഡിട്ട് യുവാവ്
കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പബുകളിലെത്തി മദ്യപിച്ചയാള്‍ എന്ന പേരിലുള്ള റെക്കോര്‍ഡാണ് നതാൻ തകര്‍ത്തത്. 17 മണിക്കൂറിനുള്ളില്‍ 67 പബുകളിലെത്തിയാണ് ഇദ്ദേഹം മദ്യപിച്ചത്.
എന്തെല്ലാം വിഷയങ്ങളിലെ മികവിന്‍റെ പേരില്‍ ലോകറെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നവരുണ്ട്. ഇവിടെയിതാ വിചിത്രമായ ഒരു കാര്യത്തില്‍ ലോകറെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണൊരു യുവാവ്. ഇംഗ്ലണ്ട് സ്വദേശിയായ നതാൻ ക്രിംപ് എന്ന ഇരുപത്തിരണ്ടുകാരനാണ് അസാധാരണമായ ലോകറെക്കോര്‍ഡ് തകര്‍ത്തത്.
കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പബുകളിലെത്തി മദ്യപിച്ചയാള്‍ എന്ന പേരിലുള്ള റെക്കോര്‍ഡാണ് നതാൻ തകര്‍ത്തത്. 17 മണിക്കൂറിനുള്ളില്‍ 67 പബുകളിലെത്തിയാണ് ഇദ്ദേഹം മദ്യപിച്ചത്. നേരത്തെ 17 മണിക്കൂറിനുള്ളില്‍ 56 പബുകളില്‍ നിന്ന് മദ്യപിച്ച ഒരാള്‍ക്കായിരുന്നു ഈ റെക്കോര്‍ഡ് സ്വന്തമായിരുന്നത്.
സംഗതി എളുപ്പമുള്ള കാര്യമായിരിക്കുമെന്ന ചിന്തയിലാണത്രേ നതാൻ ഇതിനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങിത്തിരിച്ചത്. ആദ്യത്തെ 25 പബുകളില്‍ കയറിയിറങ്ങുമ്പോഴും 'ഫിറ്റ്' ആകരുതെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ 15 പബുകള്‍ കഴിഞ്ഞപ്പോഴേക്ക് ആ തീരുമാനം 'വെള്ളത്തിലായി'.
ഇതിന് ശേഷം സുഹൃത്തുക്കളുടെ കൂടി സഹായത്തോടെയാണ് നതാൻ മറ്റ് പബുകളിലേക്ക് പോയത്. എല്ലായിടത്ത് നിന്നും ഓരോ ഡ്രിങ്കെങ്കിലും കഴിച്ച് ഇതിന്‍റെ റെസീപ്റ്റും വാങ്ങി, സാക്ഷികളുടെ ഒപ്പും ശേഖരിച്ച ശേഷമാണ് അടുത്ത പബിലേക്ക് തിരിക്കുക.
'ഞാനിത് വളരെ എളുപ്പമുള്ളൊരു കാര്യമായിരിക്കും എന്നാണ് ചിന്തിച്ചത്. പക്ഷേ വിചാരിച്ചതിനെക്കാളെല്ലാം വലിയ പ്രയാസമായിരുന്നു ഇത് ചെയ്തുതീര്‍ക്കാൻ. ഒരു കയ്യില്‍ മദ്യവും മറ്റേ കയ്യില്‍ ആല്‍ക്കഹോളില്ലാത്ത ഡ്രിങ്കും ഒരുമിച്ച് വച്ച് കഴിച്ച് ബാലൻസ് ചെയ്യാനെല്ലാം ഒരുപാട് ശ്രമിച്ചു. എന്നിട്ടും 15 പബുകള്‍ കഴിഞ്ഞപ്പോള്‍ ബോധം മറിയുന്ന അവസ്ഥയായി. പക്ഷേ എങ്കിലും ശ്രമം ഞാൻ പാതിവഴിക്ക് ഉപേക്ഷിച്ചില്ല...'- നതാൻ ഒരു പ്രാദേശികമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
നിര്‍ത്താതെ മദ്യപിക്കുമ്പോള്‍ ഏറ്റവുമധികം പ്രയാസമനുഭവിച്ചത് ടോയ്‍ലറ്റില്‍ പോകുന്നതിനായിരുന്നുവെന്നും, ഇതിന് വേണ്ടിയാണ് കൂടുതല്‍ സമയം പോയതെന്നും നതാൻ രസകരമായി പറയുന്നു.
മദ്യപിക്കുന്നത് ആരോഗ്യത്തെ പല രീതിയില്‍ ദോഷകരമായി ബാധിക്കാമെന്ന് നമുക്കറിയാം. മദ്യം അമിതമായി അകത്തുചെല്ലുന്നതും വലിയ പ്രശ്നമാണ്. മദ്യപാനശീലം സമയമെടുത്താണ് നമ്മെ ബാധിക്കുകയെങ്കില്‍ പെട്ടെന്ന് ഒരുപാട് മദ്യം കഴിക്കുന്നത് പെടുന്നനെയുള്ള ശാരീരികമാറ്റങ്ങള്‍ക്ക് തന്നെ കാരണമാകാം. ഇത് ജീവന് വരെ വെല്ലുവിളിയാകാം. അതിനാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അനുകരിക്കാതിരിക്കുക. വാര്‍ത്താകൗതുകത്തില്‍ അധികം അനാരോഗ്യകരമായ ഇത്തരം പ്രവണതകളില്‍ താല്‍പര്യം കാണിക്കുകയും അരുത്.
Also Read:- ഭീമൻ കോണ്ടം മുതൽ നീളൻ മീശ വരെ; വിചിത്രമായ റെക്കോർഡുകൾ