'ഞങ്ങള്‍ക്കും വേണം ലെഗ്ഗിങ്‌സ്'; ആവശ്യക്കാരായി പുരുഷന്മാരും...
ധരിക്കുമ്പോള്‍ ശരീരത്തിന് ആയാസം തോന്നാത്ത തരത്തില്‍ 'റിലാക്‌സ്ഡ്' ആയിരിക്കുന്ന വസ്ത്രമെന്നാണ് പൊതുവേ പെണ്‍കുട്ടികള്‍ 'ലെഗ്ഗിങ്‌സ്'നെ വിശേഷിപ്പിക്കാറ്. കാഴ്ചയ്ക്കുള്ള ഭംഗിയോ അഭംഗിയോ വ്‌സ്ത്രധാരണത്തിലെ 'കംഫര്‍ട്ടബിള്‍' എന്ന അവസ്ഥയ്ക്ക് മുന്നില്‍ അപ്രസക്തമാവുകയായിരുന്നു
ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ 'ലെഗ്ഗിങ്‌സ്' എന്ന വസ്ത്രം നമ്മള്‍ കണ്ടുതുടങ്ങിയിട്ട്. കൂര്‍ത്തയ്‌ക്കൊപ്പവും, ടോപ്പുകള്‍ക്കൊപ്പവുമെല്ലാം സ്ത്രീകള്‍ സര്‍വസാധാരണമായി ധരിക്കുന്ന വസ്ത്രമായി 'ലെഗ്ഗിങ്‌സ്' ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറി.
ഇതിനിടെ ഇന്ത്യയില്‍ പലയിടങ്ങളിലും 'ലെഗ്ഗിങ്‌സ്' ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ആക്രമിക്കപ്പെട്ടു. പ്രധാനമായും അതിന്റെ ഡിസൈനിലായിരുന്നു പലര്‍ക്കും എതിര്‍പ്പുണ്ടായത്. കാലുകളോട് ഒട്ടിക്കിടക്കുന്നതായതിനാല്‍, ആകാരത്തെ പുറത്തേക്ക് എടുത്തുകാണിക്കുന്ന വസ്ത്രമാണെന്നും, ഇത് സംസ്‌കാരത്തിന് യോജിക്കുന്നതല്ലെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം.
എന്നാല്‍ എല്ലാ ആരോപണങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് വിപണിയില്‍ 'ലെഗ്ഗിങ്‌സ്' താരമായി. കോളേജ് വിദ്യാര്‍ത്ഥികളും മദ്ധ്യവയസ്‌കര്‍ വരെയുള്ള വീട്ടമ്മമാരും, ഉദ്യോഗസ്ഥകളുമെല്ലാം 'ലെഗ്ഗിങ്‌സ്' ആരാധകരായി. ചുരുക്കം ചിലര്‍ മാത്രമേ ഇതിനോട് 'നോ' പറഞ്ഞുള്ളൂ. അതുവരെ ജീന്‍സിനുണ്ടായിരുന്ന പ്രചാരത്തിന്റെ ഒരു പങ്ക് പോലും 'ലെഗ്ഗിങ്‌സ്' അടിച്ചോണ്ടുപോയി എന്നതാണ് സത്യം.
ധരിക്കുമ്പോള്‍ ശരീരത്തിന് ആയാസം തോന്നാത്ത തരത്തില്‍ 'റിലാക്‌സ്ഡ്' ആയിരിക്കുന്ന വസ്ത്രമെന്നാണ് പൊതുവേ പെണ്‍കുട്ടികള്‍ 'ലെഗ്ഗിങ്‌സ്'നെ വിശേഷിപ്പിക്കാറ്. കാഴ്ചയ്ക്കുള്ള ഭംഗിയോ അഭംഗിയോ വ്‌സ്ത്രധാരണത്തിലെ 'കംഫര്‍ട്ടബിള്‍' എന്ന അവസ്ഥയ്ക്ക് മുന്നില്‍ അപ്രസക്തമാവുകയായിരുന്നു.
ഈ ഒരൊറ്റക്കാരണം കൊണ്ടുതന്നെ ഇപ്പോള്‍ പുരുഷന്മാരും 'ലെഗ്ഗിങ്‌സ്'ന്റെ ആരാധകരായി മാറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി 'ലെഗ്ഗിങ്‌സ്' രൂപപ്പെടുത്തി പല വന്‍കിട ബ്രാന്‍ഡുകളും ഇപ്പോള്‍ പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള 'ലെഗ്ഗിങ്‌സ്'ന്റെ പണിപ്പുരയിലാണ്. ഇതിനോടകം തന്നെ ഇന്ത്യയിലുള്‍പ്പെടെയ പലയിടങ്ങളിലും പുരുഷന്മാര്‍ക്കുള്ള 'ലെഗ്ഗിങ്‌സ്' ഇറങ്ങിക്കഴിയുകയും ചെയ്തിട്ടുണ്ട്.
സ്ത്രീകളുടെ 'ലെഗ്ഗിങ്‌സ്'ല്‍ നിന്ന് വലിയ വ്യത്യാസമില്ലാത്ത ഡിസൈനുകളാണ് പുരുഷന്മാരുടെ 'ലെഗ്ഗിങ്‌സ്'ന് വേണ്ടിയും ചെയ്തിരിക്കുന്നത്. പ്രധാനമായും യോഗ, വര്‍ക്കൗട്ട്, കാഷ്വല്‍ വെയര്‍ എന്നീ ആവശ്യങ്ങള്‍ക്കാണ് ഇപ്പോള്‍ പുരുഷന്മാര്‍ 'ലെഗ്ഗിങ്‌സ്'നെ ആശ്രയിക്കുന്നത്. വൈകാതെ ഓഫീസ് ഉപയോഗങ്ങള്‍ക്കും തെരഞ്ഞെടുക്കാവുന്ന തരം 'ലെഗ്ഗിങ്‌സ്' വിപണിയിലെത്തിക്കാനാണ് പല ബ്രാന്‍ഡുകളുടെയും പദ്ധതി. കോട്ടണില്‍ അല്‍പം കട്ടിയുള്ള മെറ്റീരിയലില്‍ ചെറിയ പോക്കറ്റെല്ലാം ചെയ്ത് കുട്ടപ്പനാക്കിയ 'ലെഗ്ഗിങ്‌സ്' ആയിരിക്കും അത്തരത്തില്‍ ഇനി മാര്‍ക്കറ്റുകള്‍ കീഴടക്കുക.
നിലവില്‍ വലിയ രീതിയിലാണ് 'ലെഗ്ഗിങ്‌സ്' പുരുഷന്മാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇക്കാരണം കൊണ്ട് മാത്രമാണ് വീണ്ടും പുതിയ ഡിസൈനുകളില്‍ 'ലെഗ്ഗിങ്‌സ്'കളെ അവതരിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഫാഷന്‍ പ്രസിദ്ധീകരണമായ 'WWD' റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ സ്ത്രീകള്‍ക്ക് വേണ്ടി 'ലെഗ്ഗിങ്‌സ്' ഡിസൈന്‍ ചെയ്ത വന്‍കിട നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇതിന്റെ മുന്‍നിരയിലുള്ളതെന്നും 'WWD' റിപ്പോര്‍ട്ട് ചെയ്യുന്നു. പാന്റ്‌സുകളുടെ കാര്യത്തില്‍ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും ഇപ്പോള്‍ പുരുഷന്മാര്‍ തയ്യാറാകുന്നുണ്ടെന്നും ഈ തുറന്ന സമീപനമാണ് 'ലെഗ്ഗിങ്‌സ്' കൂടി പരീക്ഷിക്കാന്‍ പുരുഷനെ താല്‍പര്യപ്പെടുത്തുന്നതെന്നും ഫാഷന്‍ മേഖലയിലെ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.