ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചായപ്പാത്രം; ഇതിന്‍റെ പ്രത്യേകത അറിയാമോ?
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചായപ്പാത്രമെന്ന ബഹുമതി ഇതിന് ഗിന്നസ് ലോക റെക്കോര്‍ഡ് ആണ് നല്‍കിയിരിക്കുന്നത്,കെട്ടോ. എന്താണ് ഇതിനിത്ര വില വരാൻ എന്ന് ഈ ചായപ്പാത്രത്തിന്‍റെ ചിത്രം കണ്ടവര്‍ ആരും ചോദിക്കില്ല.
ഏറെ സവിശേഷതകളുള്ളതും ചരിത്രപ്രാധാന്യമുള്ളതുമായ വസ്തുക്കള്‍ കാണാൻ തന്നെ ഒരു കൗതുകമാണ്, അല്ലേ? കാണാൻ മാത്രമല്ല, മിക്കവര്‍ക്കും ഇവയെ കുറിച്ചെല്ലാം അറിയാൻ കൗതുകവും കാണും. ഓ, ഇത് പഴകിയ സാധനമല്ലോ, പുരാവസ്തുവല്ലേ എന്നെല്ലാം പരിഹസിക്കുന്നവരെ കുറിച്ചല്ല- മറിച്ച് പുതിയത് എന്തും അറിയാൻ ആകാംക്ഷ കാണിക്കുന്നവരെ കുറിച്ചാണ് പറയുന്നത്.
അത്തരക്കാര്‍ക്ക് ഏറെ ഇഷ്ടമാകുന്ന ഒരു സവിശേഷമായ സംഗതിയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല- ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചായപ്പാത്രം. അതിനെ കുറിച്ചാണ് പറയാനുള്ളത്.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചായപ്പാത്രമെന്ന ബഹുമതി ഇതിന് ഗിന്നസ് ലോക റെക്കോര്‍ഡ് ആണ് നല്‍കിയിരിക്കുന്നത്,കെട്ടോ. എന്താണ് ഇതിനിത്ര വില വരാൻ എന്ന് ഈ ചായപ്പാത്രത്തിന്‍റെ ചിത്രം കണ്ടവര്‍ ആരും ചോദിക്കില്ല. കാരണം വജ്രം പതിച്ച, സ്വര്‍ണ്ണത്തിന്‍റെയൊരു പാത്രമാണിതെന്ന് കാണുമ്പോഴേ വ്യക്തമാകും.
എന്നാലിത് മാത്രമൊന്നുമല്ല ചായപ്പാത്രത്തിന്‍റെ പ്രത്യേകത. ഒരുപാട് സവിശേഷതകള്‍ അമൂല്യമായ ഈ പാത്രത്തിനുണ്ട്. ഇറ്റാലിയൻ ആഭരണനിര്‍മ്മാതാവായ ഫുല്‍വിയോ സ്കാവിയ ആണത്രേ പാത്രം രൂപകല്‍പന ചെയ്തത്. യുകെയിലുള്ള 'സേതിയ ഫൗണ്ടേഷ'ന്‍റെ ഉടമസ്ഥതയിലാണ് അപൂര്‍വമായ ചായപ്പാത്രമുള്ളത്. ഇവരുടെ ആവശ്യപ്രകാരമാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇതിന്‍റെ മൂല്യം കണക്കാക്കിയത്. ആകെ 25 കോടിക്ക് (ഇന്ത്യൻ മണി) അടുത്ത് വരും ഇതിന്‍റെ വില.
വില കേള്‍ക്കുമ്പോള്‍ ആരായാലും ഒന്ന് ഞെട്ടാതിരിക്കില്ല. സംഭവം സ്വര്‍ണവും വജ്രവുമൊക്കെയാണെങ്കിലും ഇത്രയും വില എന്തിനാണിതിന് എന്ന് പലരും സംശയിക്കാം. ഇത്രയും കടുപ്പത്തിലുള്ള വിലയ്ക്ക് പിന്നില്‍ കാര്യമുണ്ടെന്നേ.
ആകെ 1658 വജ്രങ്ങള്‍ പാത്രത്തില്‍ പതിപ്പിച്ചിട്ടുണ്ടത്രേ. ഇത് വെറുതെ പതിപ്പിക്കുക മാത്രമല്ല, എവിടെ നിന്ന് നോക്കിയാലും ഒരേ രീതിയില്‍ കാണുംവിധം പതിപ്പിച്ചിരിക്കുന്നു. ബേസ് ആയി 18 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിച്ചിരിക്കുന്നത്. ചില ഭാഗങ്ങളില് വെള്ളിയും ഉപയോഗിച്ചിട്ടുണ്ട്.
പാത്രത്തിന്‍റെ നടുക്കായി വലിയൊരു മാണിക്യക്കല്ലും പതിപ്പിച്ചിട്ടുണ്ട്. 6.67 കാരറ്റുള്ള മാണിക്യം ആണിത്. ഇതിന് പുറമെ തായ്‍ലാൻഡില്‍ നിന്നും ബര്‍മയില്‍ നിന്നും എത്തിച്ച 386ഓളം മാണിക്യക്കല്ലുകളില്‍ പതിച്ചതാണ് പാത്രത്തിന്‍റെ മൂടി. ഇതൊന്നും കൂടാതെ മറ്റൊരു വലിയ പ്രത്യേകത കൂടി ഈ ചായപ്പാത്രത്തിനുണ്ട്.
ഇതിന്‍റെ വളഞ്ഞിരിക്കുന്ന പിടി ശ്രദ്ധിച്ചോ? വംശനാശം സംഭവിച്ച പ്രാചീന ആനയുടെ കൊമ്പാണത്രേ ഇത്. 'മാമ്മോത്ത്' എന്നറിയപ്പെടുന്ന ആന ഇന്ന് ഭൂമിയില്‍ ഇല്ലാത്ത മൃഗമാണ്. വളഞ്ഞ് 'റ' പോലിരിക്കുന്ന കൊമ്പും ദേഹം നിറയെ രോമങ്ങളും ആണ് 'മാമ്മോത്തി'ന്‍റെ പ്രത്യേകത. ഈ കൊമ്പാണ് പാത്രത്തില്‍ പിടിപ്പിച്ചിരിക്കുന്നതത്രേ. ഇതോടെയാണ് പാത്രത്തിന് പുരാവസ്തു മൂല്യം വരുന്നത്.
എന്തായാലും ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചായപ്പാത്രം വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഗിന്നസ് ലോകറെക്കോര്‍ഡിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് നോക്കൂ..
Also Read:- എന്തുകൊണ്ട് ജീൻസ് അധികവും നീല നിറത്തില്‍?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-