Viral Video| പാല്‍ തിളച്ചുതൂകുന്നത് ഒഴിവാക്കാം; വൈറലായി കിടിലന്‍ 'ടിപ്'
പാല്‍ തിളപ്പിക്കാന്‍ വയ്ക്കുമ്പോള്‍ അശ്രദ്ധ മൂലം അത് തിളച്ചുതൂകി പോകാതിരിക്കാന്‍ ചെയ്യാവുന്നൊരു പൊടിക്കൈ അറിയാന്‍ കഴിഞ്ഞാലോ? ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ഈ പൊടിക്കൈ ആണ് പങ്കുവയ്ക്കപ്പെടുന്നത്
അടുക്കളയില്‍ തിരക്ക് പിടിച്ച ജോലികള്‍ക്കിടയില്‍ ( Cooking and Cleaning )പാല്‍ തിളപ്പിക്കാന്‍ വച്ചാല്‍ (Boiling Milk ) പലപ്പോഴും അത് തിളച്ചുതൂകുന്നത് വരെ നമ്മള്‍ ശ്രദ്ധിക്കില്ല. തിളച്ചുപോകുമ്പോഴാകട്ടെ, പാല്‍ നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല, അടുപ്പ് അടക്കം പാചകം ചെയ്യുന്ന ഭാഗം മുഴുവനും വൃത്തികേടാവുകയും ചെയ്യുന്നു.
ഇതേ അബദ്ധം തന്നെ എത്ര തവണ സംഭവിച്ചാലും വീണ്ടും വീണ്ടും സംഭവിക്കാറുമുണ്ട്, അല്ലേ? ഇതൊഴിവാക്കാന്‍ ആവശ്യമെങ്കില്‍ മില്‍ക്ക് ബോയിലര്‍ ഉപയോഗിക്കാം. എന്നാല്‍ ഇപ്പോഴും മിക്കവരും പാല്‍ തിളപ്പിക്കാന്‍ സാധാരണ പാത്രങ്ങള്‍ തന്നെയാണ് ഉപയോഗിക്കാറ്.
ഇങ്ങനെ പാല്‍ തിളപ്പിക്കാന്‍ വയ്ക്കുമ്പോള്‍ അശ്രദ്ധ മൂലം അത് തിളച്ചുതൂകി പോകാതിരിക്കാന്‍ ചെയ്യാവുന്നൊരു പൊടിക്കൈ അറിയാന്‍ കഴിഞ്ഞാലോ? ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ഈ പൊടിക്കൈ ആണ് പങ്കുവയ്ക്കപ്പെടുന്നത്.
നന്ദിത അയ്യര്‍ എന്ന ട്വിറ്റര്‍ യൂസറാണ് കിടിലന്‍ പൊടിക്കൈ പങ്കുവച്ചത്. പാല്‍ തിളച്ചുതൂകാതിരിക്കാന്‍ പാത്രത്തിന് മുകളില്‍ തിരശ്ചീനമായി മരത്തിന്റെ ഒരു തവി വച്ചാല്‍ മാത്രം മതിയെന്നാണ് ഇവര്‍ പറയുന്നത്. ഇത് വിശദമാക്കാന്‍ വീഡിയോ സഹിതമാണ് പൊടിക്കൈ പങ്കുവച്ചിരിക്കുന്നത്.
പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. ഇത്രയും 'സിമ്പിള്‍' ആയ 'ടിപ്' കൊണ്ട് പതിവ് ശല്യമായ പ്രശ്‌നം പരിഹരിക്കാമെന്ന് അറിഞ്ഞില്ലെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു.
മരത്തിന്റെ തവിക്ക് പകരം സ്റ്റീല്‍ തവിയോ മറ്റോ വയ്ക്കരുത്. ഇത് പെട്ടെന്ന് ചൂട് പിടിക്കും. മരമാകുമ്പോള്‍ ചൂട് പിടിക്കില്ല. തിള വന്ന് അത് പൊട്ടി പുറത്തേക്ക് പോകാതെ നീരാവിയായി മുകളിലേക്ക് പോവുകയും, താഴെ സമ്മര്‍ദ്ദം കുറയുകയും ചെയ്യുന്നതോടെ പാല്‍ പാത്രത്തിനുള്ളില്‍ തന്നെ തുടരുകയാണ് ചെയ്യുന്നത്.
ഏതായാലും അടുക്കളയില്‍ നിത്യവും ജോലി ചെയ്യുന്നവരെ സംബന്ധിച്ച് രസികനൊരു 'ടിപ്' തന്നെയാണ് ഇതെന്ന് നിസംശയം പറയാം. ഇനി ഈ വീഡിയോ കൂടി ഒന്ന് കണ്ടുനോക്കൂ...
Also Read:- തലമുടിയുടെ സംരക്ഷണത്തിന് കോഫി കൊണ്ടൊരു പൊടിക്കൈ!