ഏറ്റവും കുറവ് വിവാഹമോചനങ്ങൾ ഇന്ത്യയിൽ; വിവാഹിതർക്കിടയിലെ ആത്മഹത്യയിലും ഇന്ത്യ ഒന്നാമത്

ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരേക്കാൾ അധികം സ്ത്രീകളാണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 

india tops the list of weddings as well as marital suicides due to dowry divorce

ഇന്ത്യയിലെ വിവാഹബന്ധങ്ങൾക്ക് (marriages) പാശ്ചാത്യലോകത്തിലേക്കതിനേക്കാൾ ഈടുറപ്പുണ്ട് എന്നാണ് പൊതുവെയുള്ള വിശ്വാസം. നമ്മുടെ നാട്ടിലെ ദാമ്പത്യങ്ങളുടെ ഇഴയടുപ്പത്തെ സാധൂകരിക്കാൻ പലരും കണക്കുകൾ വരെ എടുത്തുദ്ധരിക്കുക പതിവാണ്. ഉദാ. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് വിമെൻ റിപ്പോർട്ടിലെ (UN World women report) കണക്കുകൾ പ്രകാരം ഏറ്റവും കുറവ് വിവാഹമോചനങ്ങൾ(divorce) നടക്കുന്നത് നമ്മുടെ നാട്ടിലാണ്. 2020 -ലെ 45-49 പ്രായപരിധിയിലുള്ള ദമ്പതികളിൽ വിവാഹമോചന നിരക്കുകൾ ലോകത്തിൽ ഏറ്റവും കുറവ് ഇന്ത്യയിലാണ്, 1.1. എന്നാൽ ഈ കണക്കുകളുടെ അർഥം ഇന്ത്യയിൽ വിവാഹിതരെല്ലാം സംതൃപ്തരാണ് എന്നല്ല. 

നാഷണൽ ക്രൈം റിപ്പോർട്ട്സ് ബ്യൂറോ (NCRB) കഴിഞ്ഞ മാസം പുറത്തിറക്കിയ Accidental Deaths and Suicides റിപ്പോർട്ട് പ്രകാരം, വിവാഹത്തിലെ അസ്വാരസ്യങ്ങൾ കാരണം   2016 നും 2020 നുമിടയിൽ ആത്മഹത്യ ചെയ്തിട്ടുള്ളത്  37,591 പേരാണ്. അതായത് ദിവസം 20 ലേറെ ആത്മഹത്യകൾ. ഇത്രയും പേരിൽ വെറും  2,688 പേർ മാത്രമാണ്  പങ്കാളി വിവാഹമോചനം നേടി എന്നതിന്റെ പേരിൽ ജീവനൊടുക്കിയിട്ടുള്ളത്, ബാക്കിയുള്ളതെല്ലാം തന്നെ അസംതൃപ്തമായ ദാമ്പത്യത്തിൽ നിന്ന് ഒരു മോചനം തേടി, വിവാഹത്തിൽ തുടരവേ തന്നെ ചെയ്തിട്ടുള്ളവയാണ്. അതായത് വിവാഹത്തിൽ തുടരവേ ആത്മഹത്യ ചെയ്തവരുടെ എണ്ണം, വിവാഹമോചനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തവരുടെ ഏഴിരട്ടിയോളമാണ് എന്നർത്ഥം. ഇങ്ങനെ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരേക്കാൾ അധികം സ്ത്രീകളാണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 21,570 സ്ത്രീകൾ ആത്മഹത്യ ചെയ്തപ്പോൾ ഇതേ കാലയളവിൽ 16,021 പുരുഷന്മാർ മാത്രമാണ് വിവാഹത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി മരണത്തെ പുല്കിയിട്ടുള്ളത്. 

ഈ കണക്കുകളുടെ കുറേക്കൂടി ആഴത്തിലുള്ള വിശകലനത്തിൽ വെളിപ്പെടുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് സ്ത്രീധന പീഡനം തന്നെയാണ്.  10,282 ആത്മഹത്യകളാണ് സ്ത്രീധനത്തിന്റെ പേരിൽ നടന്നിട്ടുള്ളത്. സ്വരച്ചേർച്ചയില്ലായ്മ 10,584 പേരെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടു. ആത്മഹത്യകൾക്കുള്ള മറ്റൊരു കാരണം പങ്കാളിയുടെ വിവാഹേതര ബന്ധങ്ങളാണ്. വാർഷിക കണക്കെടുത്താൽ മൂന്നിലൊന്ന് ആത്മഹത്യകളും സ്ത്രീധനപീഡനത്തിന്റെ പേരിൽ നടക്കുന്നവയാണ്. അഞ്ചിലൊന്ന് സ്വരച്ചേർച്ചയില്ലായ്‌ക കൊണ്ടും, അഞ്ചിലൊന്ന് വിവാഹേതര ബന്ധങ്ങൾ കാരണവും നടക്കുന്നുണ്ട്. വിവാഹ മോചനം നടന്നു എന്നത് ഏഴു ശതമാനം ആത്മഹത്യകൾക്കു മാത്രമാണ് ഹേതുവാകുന്നത്.  നമ്മുടെ രാജ്യത്ത് വിവാഹാനന്തരം വേണ്ടത്ര കൗൺസിലിംഗ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതാണ് ഇങ്ങനെ ആത്മഹത്യകൾ പെരുകാനുള്ള കാരണം എന്ന് വിദഗ്ധർ പറയുന്നു. 

 

Latest Videos
Follow Us:
Download App:
  • android
  • ios