Hrithik Roshan : ഹൃത്വിക് റോഷന്‍റെ പരസ്യം വിവാദമായി; വിശദീകരണവുമായി സൊമാറ്റോ

മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലുള്ള മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രസാദമായി ഥാലി മീല്‍സ് നല്‍കാറുണ്ട്. ഉജ്ജയിനിയില്‍ തന്നെയുള്ള 'മഹാകല്‍' എന്ന റെസ്റ്റോറന്‍റിലാണെങ്കില്‍ പ്രധാന മെനുവാണ് ഥാലി. ഇതുദ്ദേശിച്ചായിരുന്നു പരസ്യം ചെയ്തത്. എന്നാല്‍ ക്ഷേത്രത്തിലെ താലിയായി ഇത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. 

hrithik roshans zomato advertisement in controversy

ഓണ്‍ലൈൻ ഫുഡ് ഡെലിവറി കമ്പനികള്‍ തങ്ങളുടെ പരസ്യങ്ങള്‍ക്കായി പല പുതുമകളും പരീക്ഷിക്കാറുണ്ട്. ഉപഭോക്താക്കളുടെ ശ്രദ്ധയില്‍ പതിയുക, അവരെക്കൊണ്ട് ഭക്ഷണം ഓര്‍ഡര്‍ ചെയ്യിക്കുക എന്ന ഏകലക്ഷ്യം മാത്രമായിരിക്കും ഇതിന് പിന്നില്‍. എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇവരുടെ പരസ്യങ്ങള്‍ ചര്‍ച്ചകളില്‍ നിറയാറുണ്ട്. തമാശയോ ട്രോളോ എല്ലാമായിരിക്കും മിക്കവാറും ഇത്തരം പരസ്യങ്ങളെ ചുറ്റിപ്പറ്റി വരുന്നത്.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി വളരെ ഗൗരവത്തോടെ ചര്‍ച്ചകളില്‍ നിറയുകയാണ് ഒരു സൊമറ്റോ പരസ്യം. ഹൃത്വിക് റോഷൻ അഭിനയിച്ച പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. രാജ്യത്തെ വിവിധയിടങ്ങളിലുള്ള വൈവിധ്യമാര്‍ന്ന രുചികളെ പരിചയപ്പെടുത്തുന്ന പരസ്യത്തിലെ ഒരു ഭാഗമാണ് വിവാദമായിരിക്കുന്നത്. 

മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലുള്ള മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രസാദമായി ഥാലി മീല്‍സ് നല്‍കാറുണ്ട്. ഉജ്ജയിനിയില്‍ തന്നെയുള്ള 'മഹാകല്‍' എന്ന റെസ്റ്റോറന്‍റിലാണെങ്കില്‍ പ്രധാന മെനുവാണ് ഥാലി. ഇതുദ്ദേശിച്ചായിരുന്നു പരസ്യം ചെയ്തത്. എന്നാല്‍ ക്ഷേത്രത്തിലെ ഥാലിയായി ഇത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. 

ഉജ്ജയിനിയിലെ ഥാലി കഴിക്കാൻ ആഗ്രഹം തോന്നി, അപ്പോള്‍ മഹാകലില്‍ നിന്നും അത് ഓര്‍ഡര്‍ ചെയ്തു എന്നാണ് പരസ്യത്തില്‍ ഹൃത്വിക് റോഷൻ പറയുന്നത്. ക്ഷേത്രത്തിലെ പ്രസാദം വില്‍പനയ്ക്ക് ഉള്ളതല്ലെന്നും ഇത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കാണിച്ച് മഹാകലേശ്വര്‍ ക്ഷേത്രത്തിലെ പൂജാരികള്‍ തന്നെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പരസ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കളക്ടറെയും സമീപിച്ചു. പിന്നാലെ പരസ്യത്തിനും സൊമാറ്റോയ്ക്കും എതിരായി കാര്യമായ ക്യാംപയിൻ തന്നെ നടന്നു. ഇതോടെ പരസ്യം പിൻവലിച്ച് വിശദീകരമവുമായി എത്തിയിരിക്കുകയാണ് സൊമാറ്റോ. 

തങ്ങള്‍ ഉദ്ദേശിച്ചത് മഹാകല്‍ റെസ്റ്റോറന്‍റ് ആണെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ആഗ്രഹിച്ചിട്ടില്ല, അങ്ങനെ സംഭവിച്ചെങ്കില്‍ അതില് ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് കമ്പനി വിശദീകരിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ഉജ്ജയിനിയില്‍ ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിക്കാറുള്ളൊരു റെസ്റ്റോറന്‍റ്  ആണ് മഹാകല്‍ എന്നും അവിടെ തന്നെ ഥാലിയാണ് കൂടുതല്‍ പേര്‍ ആവശ്യപ്പെടാറെന്നും സൊമാറ്റോ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു.

 

 

പരസ്യം വിവാദമായതോടെ സംഭവം അന്വേഷിക്കുമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ പരസ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഉജ്ജയിൻ പൊലീസ് സൂപ്രണ്ടിനോട് വിഷയത്തിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. 

Also Read:- ഈ ഡെലിവെറി ബോയിക്ക് സോഷ്യൽ മീഡിയയിൽ കയ്യടിയാണ്...

Latest Videos
Follow Us:
Download App:
  • android
  • ios