മാസ്‌കും കണ്ണടയും ഒരുമിച്ചാകുമ്പോള്‍; ഡോക്ടറുടെ ട്വീറ്റ് വൈറല്‍

ഇപ്പോഴും മാസ്‌കുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ചില വിഭാഗങ്ങളുണ്ട്. ശ്വാസതടസമുള്ളവര്‍, അലര്‍ജിയുള്ളവര്‍ അങ്ങനെ അസുഖങ്ങളെ തുടര്‍ന്ന് മാസ്‌ക് ശല്യമായിത്തീര്‍ന്നവര്‍. ഒപ്പം തന്നെ പതിവായി കണ്ണട വയ്ക്കുന്നവരും മാസ്‌ക് ധരിക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്

how to wear glasses and mask together doctors tweet goes viral

കൊവിഡ് ( Covid 19 ) പ്രതിരോധമാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് മാസ്‌ക് ധരിക്കുക ( Wearing Mask ) എന്നത്. ഉമിനീരിലൂടെയാണ് ഏറ്റവും വേഗത്തില്‍ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്. ഇത് വായുവിലൂടെ സഞ്ചരിച്ച് എത്തുന്നതോ നേരിട്ട് ബന്ധപ്പെടുന്നതുവഴിയോ ആകാം. എന്തായാലും മാസ്‌ക് ധരിക്കുന്നതിലൂടെ തന്നെയാണ് വലിയൊരു പരിധി വരെ കൊവിഡ് വ്യാപനം നാം പിടിച്ചുകെട്ടിയത്. 

ആദ്യഘട്ടത്തില്‍ മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് പലരും പല സംശയങ്ങളും ആശയക്കുഴപ്പങ്ങളും പരിചയക്കുറവുമെല്ലം നേരിട്ടിരുന്നവെങ്കിലും ഇപ്പോള്‍ മിക്കവാറും പേരും മാസ്‌ക് എന്ന പുതിയ ശീലവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. 

എന്നാല്‍ ഇപ്പോഴും മാസ്‌കുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ചില വിഭാഗങ്ങളുണ്ട്. ശ്വാസതടസമുള്ളവര്‍, അലര്‍ജിയുള്ളവര്‍ അങ്ങനെ അസുഖങ്ങളെ തുടര്‍ന്ന് മാസ്‌ക് ശല്യമായിത്തീര്‍ന്നവര്‍. ഒപ്പം തന്നെ പതിവായി കണ്ണട വയ്ക്കുന്നവരും മാസ്‌ക് ധരിക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. 

കണ്ണട വയ്ക്കുന്നവരെ സംബന്ധിച്ച് മാസ്‌ക് വരുമ്പോള്‍ ശ്വാസം മുകളിലേക്ക് വന്ന് കണ്ണടച്ചില്ലില്‍ പുക കയറിയ മട്ടിലേക്കായി മാറുകയാണ് ചെയ്യുന്നത്. ഇത് കാഴ്ചയെ പാടെ മറയ്ക്കുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നു. ജോലി ചെയ്യുമ്പോഴും, നടക്കുമ്പോഴും, ഡ്രൈവ് ചെയ്യുമ്പോഴുമെല്ലാം ഈ പ്രശ്‌നം രൂക്ഷമായി മാറുന്നു. കൂടെക്കൂടെ കണ്ണട ഊരിമാറ്റി തുടച്ച് വൃത്തിയാക്കുന്നത് ഇവര്‍ക്ക് ശീലമായിക്കഴിഞ്ഞെന്ന് തന്നെ പറയാം. 

എങ്കിലും ഇപ്പോഴും ഈ പ്രശ്‌നത്തിന് പരിഹാരം തേടുന്നവര്‍ ഏറെയാണ്. അത്തരക്കാര്‍ക്ക് ആശ്വാസമേകുന്നൊരു ട്വീറ്റിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇലിനോയിസില്‍ നിന്നുള്ളൊരു ഡോക്ടറുടേതാണ് വൈറലായ ഈ ട്വീറ്റ്. 

 


കണ്ണട വയ്ക്കുന്നവര്‍ മാസ്‌ക് ധരിക്കുമ്പോള്‍ മൂക്കിന് മുകളിലായി മാസ്‌കിനെ ഒട്ടിച്ചുനിര്‍ത്താന്‍ ഒരു ബാന്‍ഡ്-എയിഡ് ഉപയോഗിക്കുക. ശേഷം കണ്ണട വയ്ക്കുകയാണെങ്കിലും ഉച്ഛ്വാസവായു മുകളിലേക്ക് വന്ന് കണ്ണടയില്‍ മൂടുകയില്ലെന്ന് ഡോ. ഡാനിയേല്‍ എ ഹെയ്ഫര്‍മാന്‍ തന്റെ ട്വീറ്റിലൂടെ അവകാശപ്പെടുന്നു. ഇത് കാട്ടിത്തരുന്നൊരു ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

ഏറെ നാളായി താന്‍ ഈ 'ടിപ്' പരീക്ഷിക്കുന്നുണ്ടെന്നും തന്റെ നിര്‍ദേശപ്രകാരം ഇത് പരീക്ഷിച്ച പലരിലും ഫലം കണ്ടെന്നും ട്വീറ്റിന് ലഭിച്ച മറുപടികള്‍ക്കുള്ള പ്രതികരണത്തിനിടെ ഡോക്ടര്‍ പറയുന്നുണ്ട്. അറുപത്തി അയ്യായിരത്തിലധികം പേരാണ് ഈ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. അത്രമാത്രം പ്രധാനപ്പെട്ടൊരു വിഷയമായി ഇപ്പോഴും ഇത് നിലനില്‍ക്കുന്നുവെന്ന് തന്നെയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

Also Read:- വധൂവരന്മാർക്കായി പൂക്കൾ കൊണ്ടുള്ള മാസ്കുകൾ തയ്യാർ

Latest Videos
Follow Us:
Download App:
  • android
  • ios