തലമുടിയുടെ അറ്റം പിളർന്നുപോകുന്നുണ്ടോ? പരീക്ഷിക്കാം ഈ അഞ്ച് മാര്‍ഗങ്ങള്‍...
തലമുടിയുടെ അറ്റം പിളര്‍ന്നുപോകുന്നതാണ് ചിലരുടെ പ്രശ്നം. ഇതിന് പരിഹാരം തലമുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്നതുമാത്രമാണ്.
തലമുടി കൊഴിച്ചിലും താരനും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. എന്നാല്‍ തലമുടിയുടെ അറ്റം പിളര്‍ന്നുപോകുന്നതാണ് മറ്റുചിലരുടെ പ്രശ്നം. ഇതിന് പരിഹാരം തലമുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്നതുമാത്രമാണ്.
തലമുടിയുടെ അറ്റം പിളരുന്ന അവസ്ഥ ഒറ്റയടിക്ക് മാറ്റാന്‍ കഴിയുന്നതല്ല. മിക്കപ്പോഴും അത് ഓരോരുത്തരുടേയും മുടിയുടെ പ്രകൃതം അനുസരിച്ചും ജീവിതശൈലിയുടെ ഭാഗമായിട്ടുമായിരിക്കും സംഭവിക്കുന്നത്. ചില ഹെയര്‍ മാസ്കുകള്‍ക്ക് ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കും.
അത്തരത്തില്‍ തലമുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം.
ഒന്ന്...
തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. കൂടാതെ ഇവ പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരു കൊണ്ടുള്ള ഹെയര്‍ മാസ്ക് തലമുടിയുടെ അറ്റം പിളരുന്നത് തടയാനും മുടി വളരാനും സഹായിക്കും. അതിനായി ഒരു മുട്ടയുടെ മഞ്ഞക്കരുവിലേയ്ക്ക് നാല് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി മസാജ് ചെയ്യാം. അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
രണ്ട്...
ഒരു കപ്പ് പഴുത്ത പപ്പായ ഉടച്ചതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തൈര് ചേര്‍ക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. അര മണിക്കൂറിന് ശേഷം കഴുകാം. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വരെയൊക്കെ പരീക്ഷിക്കാം.
മൂന്ന്...
കഴിക്കാന്‍ മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും തലമുടിയുടെ സംരക്ഷണത്തിനും പഴം ഉത്തമമാണ്. താരനകറ്റാനും മുടിവളരാനും വരണ്ടമുടിയെ മാര്‍ദവമുള്ളതാക്കാനും തലമുടിയുടെ അറ്റം പിളരുന്നത് തടയാനും പഴം സഹായിക്കും. ഇതിനായി പഴുത്ത പഴം നന്നായി ഉടച്ച് തലമുടിയുടെ അറ്റത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം കഴുകാം.
നാല്...
തലമുടിയുടെ സംരക്ഷണത്തിന് ഏറേ നല്ലതാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ജെല്‍ തലമുടിയിലും അറ്റത്തും പുരട്ടാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
അഞ്ച്...
തേനും തലമുടിയുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇതിനായി രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് മൂന്ന് കപ്പ് ചെറുചൂടുവെള്ളം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഇവ തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
Also Read: താരന്‍ അകറ്റാന്‍ പരീക്ഷിക്കാം ഈ നാല് ഹെയര്‍ മാസ്കുകള്‍...