Skin Care : ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കാം; അടുക്കളയിലുണ്ട് ഏഴ് വഴികള്‍...

പ്രായമാകുമ്പോള്‍​ ചർമ്മത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാം.​ ശരീരത്തിൽ ചുളിവുകളും വരകളും വീഴാം. അത് സ്വാഭാവികമാണ്.  

home remedies for skin care

മുഖക്കുരു, കറുത്തപാടുകൾ, കണ്ണിന് ചുറ്റിലുമുള്ള കറുപ്പ്, കരുവാളിപ്പ്, ചുളിവുകള്‍ തുടങ്ങിയ പല ചര്‍മ്മ പ്രശ്നങ്ങളും ഇന്ന് പലരെയും അലട്ടുന്നുണ്ട്. പ്രായമാകുമ്പോള്‍​ ചർമ്മത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാം.​ ശരീരത്തിൽ ചുളിവുകളും വരകളും വീഴാം. അത് സ്വാഭാവികമാണ്.  നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാവുകയും ചെയ്യും.

ചർമ്മ സംരക്ഷണത്തിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

മിക്ക വീടുകളിലും കാണുന്ന ഒന്നാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. ഇതിനായി ആദ്യം പഴുത്ത പപ്പായ പേസ്റ്റ് പരുവത്തിലാക്കാം. ശേഷം ഇവ തേനും കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും. 

രണ്ട്...

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖത്തെ കറുത്തപാടുകള്‍, മുഖക്കുരു എന്നിവ അകറ്റാനും കറ്റാർവാഴ സഹായിക്കും. ഇതിനായി കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

മഞ്ഞളും കടലമാവും ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. ഇതിനായി ആദ്യം അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ്, അര ടീസ്പൂണ്‍ പാല്‍ എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. പതിവായി ഇത് ചെയ്യുന്നത് മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സഹായിക്കും. 

നാല്...

ഉരുളക്കിഴങ്ങും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ഇതിനായി ആദ്യം ഒരു ഉരുളക്കിഴങ്ങ് പകുതിയായി മുറിക്കുക. മുറിച്ചതില്‍ ചെറിയ ഭാഗം വെളളത്തില്‍ ഇടുക. കുതിര്‍ന്നതിന് ശേഷം ഉരുളക്കിഴങ്ങ് മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം മുഖം നന്നായി കഴുകാം. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് ഗുണം ചെയ്യും. 

അഞ്ച്...

തൈരും ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് വെള്ളിച്ചെണ്ണയും ചേര്‍ക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

ആറ്...

ഓട്സ് ചർമ്മത്തി​ന് നിറം നല്‍കുകയും തിളക്കം കൂട്ടാനും സഹായിക്കും​. തേനു​മായോ ബദാം പാലുമായോ ചേർത്ത് ഓട്സ് ഉപയോഗിക്കാം​. മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമ്മത്തി​ന്‍റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇത് സഹായിക്കും​.  

ഏഴ്...

വാഴപ്പഴം മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. ഇതിനായി പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. 

Also Read: തലമുടി അമിതമായി കൊഴിയുന്നുണ്ടോ? ചെയ്യേണ്ട പത്ത് കാര്യങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios