'ഹിറ്റ്‍ലറുടെ വാച്ച്'; കോടികള്‍ക്ക് ലേലത്തില്‍ വില്‍പന
ഹിറ്റ്ലറുടെ മരണശേഷം ഫ്രഞ്ച് പട്ടാളക്കാര്‍ കണ്ടെടുത്തതാണ് വാച്ച് എന്നാണ് രേഖകള്‍ പറയുന്നത്. എന്നാലിത് ഹിറ്റ്ലറുടേതാണ് എന്നതിന് വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെയില്ല.
ചരിത്രപ്രാധാന്യമുള്ള വസ്തുക്കളും രേഖകളും പില്‍ക്കാലത്ത് ലേലത്തില്‍ വില്‍പന നടത്തുന്നത് സാധാരണമാണ്. ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്ലറുടേതെന്ന് കരുതപ്പെടുന്ന വാച്ചിന്‍റെ ( Hitler's Watch ) വില്‍പന. മേരിലാൻഡിലെ 'അലക്സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്ഷൻസ്'ല്‍ വച്ചാണ് ഹിറ്റ്ലറുടേതെന്ന് കരുതപ്പെടുന്ന വാച്ച് വില്‍ക്കപ്പെട്ടിരിക്കുന്നത് ( Auction Sale ).
8.7 കോടി രൂപയ്ക്കാണ് വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താത്ത ഒരാള്‍ ഈ വാച്ച് ( Hitler's Watch ) സ്വന്തമാക്കിയിരിക്കുന്നത്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഹിറ്റ്ലറുടേതെന്ന് കരുതപ്പെടുന്ന വാച്ച് ലേലത്തില്‍ വച്ചത്.
ജൂതസമുദായമാണ് ലേലത്തിനെതിരെ പ്രതിഷേധം നടത്തിയിരുന്നത്. ലക്ഷക്കണക്കിന് ജൂതരെ കൊന്നൊടുക്കിയിട്ടുള്ള ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍, ഹിറ്റ്ലറുമായി ബന്ധപ്പെട്ട മറ്റുള്ള സാധനങ്ങള്‍ ഒന്നും ലേലത്തില്‍ വയ്ക്കരുതെന്നതായിരുന്നു ( Auction Sale ) ഇവരുടെ ആവശ്യം. ഈ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെയാണ് ലേലം നടന്നത്.
ഹിറ്റ്ലറുടെ മരണശേഷം ഫ്രഞ്ച് പട്ടാളക്കാര്‍ കണ്ടെടുത്തതാണ് വാച്ച് എന്നാണ് രേഖകള്‍ പറയുന്നത്. എന്നാലിത് ഹിറ്റ്ലറുടേതാണ് എന്നതിന് വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെയില്ല. 1933ല്‍ ജര്‍മ്മൻ ചാൻസലറായി അധികാരമേറ്റെടുത്ത സമയത്ത് ഹിറ്റ്ലര്‍ക്ക് സമ്മാനിക്കപ്പെട്ട വാച്ചാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹൂബര്‍ കമ്പനിയുടേതാണ് ഈ വാച്ച്.
ഫ്രഞ്ച് പട്ടാളക്കാരുടെ കയ്യില്‍ വന്നതിന് ശേഷം പിന്നീട് കൈമാറി കിട്ടിയ വാച്ച് ചരിത്രപ്രാധാന്യമുള്ള വസ്തുവായി സൂക്ഷിക്കപ്പെടുകയായിരുന്നു. ഇതിന് പുറമെ, ഹിറ്റ്ലറുടെ ഭാര്യ ഈവ ബ്രൗണ്‍ ഉപയോഗിച്ചിരുന്ന വസ്ത്രവും ഏതാനും ചില രേഖകളും ലേലത്തില്‍ വില്‍പന ചെയ്യപ്പെട്ടു.
Also Read:- 2000 വര്‍ഷം പഴക്കമുള്ള ലിംഗാകൃതിയിലുള്ള ലോക്കറ്റ്; ഉപയോഗിച്ചിരുന്നത് എന്തിനെന്നോ?