Hair care: ആരോഗ്യമുള്ള തലമുടിക്കായി പരീക്ഷിക്കാം ഈ എണ്ണ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍...
അകാല നരയെ അകറ്റാനും ആരോഗ്യവും തിളക്കവുമുള്ള തലമുടി സ്വന്തമാക്കാനും തലമുടിയെ മൃദുവാക്കാനും ഒലീവ് ഓയിൽ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കാം.
ആരോഗ്യമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരുടെയും പ്രധാന പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ പ്രകൃതിദത്ത മാർഗങ്ങള്‍ ആശ്രയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
അത്തരത്തില്‍ താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. അകാല നരയെ അകറ്റാനും ആരോഗ്യവും തിളക്കവുമുള്ള തലമുടി സ്വന്തമാക്കാനും തലമുടിയെ മൃദുവാക്കാനും ഒലീവ് ഓയിൽ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കാം.
ഒലീവ് ഓയിൽ കൊണ്ടുള്ള ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം...
ഒന്ന്...
തൊലി കളഞ്ഞ 10 വെളുത്തുള്ളി കാൽകപ്പ് ഒലീവ് ഓയിലിലിട്ട് മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുടിയിഴകൾക്കിടയില്‍ പുരട്ടുക. 45 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
രണ്ട്...
ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തലമുടിയുടെ തിളക്കത്തിനും ആരോഗ്യത്തിനും ഇത് സഹായിക്കും.
മൂന്ന്...
രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ ഒലീവ് ഓയിലും ഒരു ബൗളിലെടുത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
നാല്...
നാല് ടേബിൾ സ്പൂൺ ഒലിവ് ഓയിലും രണ്ട് സ്പൂൺ തേനും മിക്സ് ചെയ്യുക. ഷാംപൂ ഉപയോഗിച്ച് തല വൃത്തിയായി കഴുകിയ ശേഷം, തലമുടി ചെറുതായി പകുത്ത് ഈ മാസ്ക് പുരട്ടാം. ശേഷം, മുടി ടവ്വൽ കൊണ്ട് പൊതിഞ്ഞു വയ്ക്കുക. 30 മിനിറ്റിന് ശേഷം തല കഴുകാം.
Also Read: മുഖക്കുരു അകറ്റാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...