അയച്ച സന്ദേശങ്ങള്‍ക്ക് 4 മണിക്കൂറിന് ശേഷവും മറുപടിയില്ല; ഡ്രോണ്‍ അയച്ച് നിരീക്ഷണവുമായി യുവതി
ഹൃദയാരോഗ്യ പ്രശ്നങ്ങളുള്ള സുഹൃത്തിന് പെട്ടന്ന് അസ്വസ്ഥതകള്‍ വന്നോയെന്ന ആശങ്കയാണ് ചൈനീസ് യുവതിയെ ഡ്രോണ്‍ പ്രയോഗത്തിന് പ്രേരിപ്പിച്ചത്
അയച്ച മെസേജുകള്‍ക്ക് നാല് മണിക്കൂറ് പിന്നിട്ടിട്ടും മറുപടി ലഭിക്കാതെ വന്നതോടെ സുഹൃത്തിന്‍റെ വീട്ടിലേക്ക് ഡ്രോണ്‍ നിരീക്ഷണം നടത്തി യുവതി. ഹൃദയാരോഗ്യ പ്രശ്നങ്ങളുള്ള സുഹൃത്തിന് പെട്ടന്ന് അസ്വസ്ഥതകള്‍ വന്നോയെന്ന ആശങ്കയാണ് ചൈനീസ് യുവതിയെ ഡ്രോണ്‍ പ്രയോഗത്തിന് പ്രേരിപ്പിച്ചത്. യുവതിയുടെ വീടിന് സമീപത്ത് തന്നെയായിരുന്നു സുഹൃത്തിന്‍റെ വീടും.
അസുഖ ബാധിതയായിരുന്ന വാന്‍ എന്ന യുവതി സുഹൃത്തിന് ചെക്കപ്പ് വിവരങ്ങള്‍ സംബന്ധിച്ച് സന്ദേശം അയച്ചിരുന്നു. സമീപത്തുള്ള ഫാര്‍മസിയില്‍ ചെന്ന് ആവശ്യമായ പരിശോധനകള്‍ നടത്തണമെന്ന് സുഹൃത്ത് ഉപദേശിക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 22നായിരുന്നു ഇത്. സുഹൃത്തിന്‍റെ ഉപദേശത്തിന് മറുപടി അയക്കാന്‍ വാന്‍ മറന്നുപോയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമായിരുന്നു എന്താണ് പ്രതികരണമില്ലാത്തതെന്ന് തിരക്കുന്ന സുഹൃത്തിന്‍റെ സന്ദേശം വാനിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ ഇതിനോടകം സുഹൃത്ത് വാനിന് എന്ത് സംഭവിച്ചുവെന്ന് അറിയാനായി ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയായിരുന്നു.
ഭര്‍ത്താവിന്‍റെ ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. അടുത്തടുത്ത കെട്ടിടങ്ങള്‍ ആണെങ്കിലും ഡ്രോണ്‍ ഉപയോഗിച്ചാല്‍ ഏതാനും മിനിറ്റില്‍ റിസല്‍ട്ട് അറിയാമെന്നതാണ് യുവതിയെ കെട്ടിടത്തിലേക്ക് നടന്ന് ചെല്ലുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. ഫോണ്‍ മാറ്റിവച്ച് വിശ്രമിക്കുകയായിരുന്ന വാന്‍ ഡ്രോണ്‍ കണ്ടാണ് ജനലിന് അടുത്തേക്ക് എത്തുന്നത്. വാനിന് കുഴപ്പമില്ലെന്ന് വ്യക്തമായതോടെ സുഹൃത്തിനും ആശ്വാസമായി.
വാന്‍ തന്നെയാണ് തന്നെ നിരീക്ഷിക്കാനായി എത്തിയ ഡ്രോണിന്‍റെ ചിത്രങ്ങള്‍ ചൈനീസ് സമൂഹമാധ്യമമായ വീ ചാറ്റില്‍ പങ്കുവച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ് ഇവര്‍ രണ്ടുപേരും. വാനിന്‍റെ അനുഭവത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേരാണ് പേരു വെളിപ്പെടുത്താത്ത സുഹൃത്തിന് അഭിനന്ദനവുമായി എത്തുന്നത്. സുഹൃത്തിനേക്കുറിച്ച് കരുതലുള്ള കൂട്ടുകാര്‍ ലഭിക്കുന്നത് ഭാഗ്യമെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.