വിചിത്രമായ പരാതിയുമായി കര്‍ഷകന്‍ പൊലീസ് സ്റ്റേഷനില്‍...
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായൊരു വീഡിയോ ഉണ്ടായിരുന്നു. മദ്ധ്യപ്രദേശിലെ ബിന്ദില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നിരുന്നത്. ഒരു കര്‍ഷകന്‍ വിചിത്രമായൊരു പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിരിക്കുകയാണ്
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെയും (Social Media) മറ്റും എത്രയോ കൗതുകവാര്‍ത്തകളാണ് ( Bizzarre Reports) നമ്മെ തേടിയെത്താറ്, അല്ലേ? ഇവയില്‍ പലതും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മാറിനില്‍ക്കുന്നതോ, നമ്മെ അത്ഭുതപ്പെടുത്തുന്നതോ, ആശയക്കുഴപ്പത്തിലാക്കുന്നതോ എല്ലാം ആകാം.
അത്തരത്തില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായൊരു വീഡിയോ ഉണ്ടായിരുന്നു. മദ്ധ്യപ്രദേശിലെ ബിന്ദില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നിരുന്നത്. ഒരു കര്‍ഷകന്‍ വിചിത്രമായൊരു പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിരിക്കുകയാണ്.
തന്റെ എരുമയെയും തെളിച്ചാണ് ബാബുലാല്‍ ജാദവ് എന്ന നാല്‍പത്തിയഞ്ചുകാരനായ കര്‍ഷകന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയിരിക്കുന്നത്. തന്റെ എരുമ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാല്‍ ചുരത്തുന്നില്ലെന്നും ഗ്രാമത്തിലെ ആരോ മന്ത്രവാദം ചെയ്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പരാതി.
നയഗാവോണ്‍ പൊലീസ് സ്റ്റേഷനിലാണ് ഇദ്ദേഹം പരാതിയുമായി എത്തിയത്. ആദ്യം പരാതി നല്‍കി മടങ്ങിയ ശേഷം, നാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും എരുമയെയും കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തി. സംഭവത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെല്ലാം വൈറലായത്. എന്നാല്‍ വീഡിയോ നിലവില്‍ ലഭ്യമല്ല.
'അദ്ദേഹം കഴിഞ്ഞ കുറെ ദിവസങ്ങളായി തന്റെ എരുമ പാല്‍ ചുരത്തുന്നില്ലെന്ന പരാതിയുമായിട്ടാണ് ഞങ്ങളെ സമീപിച്ചത്. ഗ്രാമത്തില്‍ തന്നെയുള്ള ചിലരാണ് ആരെങ്കിലും മന്ത്രവാദം നടത്തിയത് മൂലമാകാം ഇങ്ങനെ സംഭവിച്ചതെന്ന് അദ്ദേഹത്തെ ധരിപ്പിച്ചിരിക്കുന്നത്. പരാതി നല്‍കി പോയ ശേഷം വീണ്ടും അദ്ദേഹം വന്നിരുന്നു. അങ്ങനെ പൊലീസുകാരുടെ അകമ്പടിയോടെ മൃഗ ഡോക്ടറുടെ അടുക്കലേക്ക് ഇവരെ വിട്ടു. ഇന്ന് വീണ്ടും അദ്ദേഹം വന്നിരുന്നു. എരുമ പാല്‍ ചുരത്തിത്തുടങ്ങിയെന്ന് അറിയിക്കാനായിരുന്നു വന്നത്...' - ഡെപ്യൂട്ടി പൊസീസ് സൂപ്രണ്ട് അരവിന്ദ് ഷാ പറഞ്ഞു.
എന്തായാലും കര്‍ഷകന്റെ വിചിത്രമായ പരാതി ഇപ്പോള്‍ ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ്. വിദ്യഭ്യാസവും സാമൂഹിക- ശാസ്ത്രാവബോധവും ഇല്ലാത്ത വിഭാഗങ്ങള്‍ക്കിടയില്‍ ഇന്നും മന്ത്രവാദം വലിയ വിഷയമായി തന്നെ നിലനില്‍ക്കുന്നുവെന്നതും ഈ സംഭവത്തോടെ നമുക്ക് ഉറപ്പിക്കുവാനാകും.
Also Read:- റൈസ് കുക്കറിനെ വിവാഹം ചെയ്തു; നാലാം ദിവസം 'ഡിവോഴ്‌സ്'