Viral Video: ആശുപത്രിയിലായ മുത്തച്ഛനെ സന്തോഷിപ്പിക്കാന്‍ നൃത്തം ചെയ്ത് കുടുംബാംഗങ്ങള്‍; വൈറലായി വീഡിയോ
പഞ്ചാബി പാട്ടിനാണ് കുടുംബം നൃത്തം ചെയ്യുന്നത്. ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് ഇതെല്ലാം കണ്ട് ആസ്വദിക്കുന്ന വയോധികനെയും വീഡിയോയില്‍ കാണാം. ഒരു മുത്തശി നൃത്തത്തിനിടയില്‍ അദ്ദേഹത്തിന്‍റെ കൈപിടിച്ച് പാട്ടിനൊപ്പം ചലിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
ആശുപത്രി കിടക്കയിലായ മുത്തച്ഛനെ സന്തോഷിപ്പിക്കാന്‍ വേണ്ടി നൃത്തം ചെയ്യുന്ന ഒരു കുടുംബത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മധ്യവയസ്‌കന്‍റെ നൃത്തതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഇയാള്‍ക്കൊപ്പം മറ്റ് കുടുംബാംഗങ്ങളും ചേരുകയായിരുന്നു.
പഞ്ചാബി പാട്ടിനാണ് കുടുംബം നൃത്തം ചെയ്യുന്നത്. ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് ഇതെല്ലാം കണ്ട് ആസ്വദിക്കുന്ന വയോധികനെയും വീഡിയോയില്‍ കാണാം. ഒരു മുത്തശി നൃത്തത്തിനിടയില്‍ അദ്ദേഹത്തിന്‍റെ കൈപിടിച്ച് പാട്ടിനൊപ്പം ചലിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. മനസ്സിന്‍റെ സന്തോഷം രോഗികള്‍ക്ക് ആശ്വാസം നല്‍കുമെന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.
അതിനിടെ 95-ാം വയസില്‍ മരിച്ച മുത്തശിയെ കുടുംബാംഗങ്ങള്‍ സന്തോഷത്തോടെ യാത്രയാക്കിയ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. " വൃദ്ധ മാതാവിന്റെ മരണത്തിൽ സന്തോഷിക്കുന്നവർ " എന്നാണ് ചിത്രത്തെ കളയാക്കി പലരും കമന്‍റ് ചെയ്തത്. എന്നാൽ മരിച്ച മറിയാമ്മയുടെ മകനും സി എസ് ഐ സഭയിലെ പുരോഹിതനുമായ ഡോ. ജോർജ് ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ:
" ഒമ്പതു പതിറ്റാണ്ടു കാലത്തെ സാർഥകമായ ജീവിതം നയിച്ചയാളാണ് ഞങ്ങളുടെ അമ്മച്ചി. 9 മക്കളുണ്ട് അമ്മച്ചിക്ക്. അതിൽ ഒരാൾ മരിച്ചു പോയി. ബാക്കി ഞങ്ങൾ എട്ടു പേരും എന്നും അമ്മച്ചിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. വയസ്സ് 94 ആയിട്ടും വളരെ ആക്ടീവ് ആയിരുന്നു അവസാന നാളുകൾ വരെയും അമ്മച്ചി. മരണത്തോട് അടുത്ത ദിവസങ്ങളിലാണ് തീരെ അവശയായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു മരണം. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടത്താനും നിശ്ചയിച്ചു. അങ്ങനെയാണ് വ്യാഴാഴ്ച അർധരാത്രിയോടെ അമ്മച്ചിയുടെ മൃതശരീരം സൂക്ഷിച്ചിരുന്ന മൊബൈൽ മോർച്ചറിക്കരികിൽ ഞങ്ങൾ കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്നത്. മക്കളും മരുമക്കളും ചെറുമക്കളും അവരുടെ മക്കളുമായുള്ള നാലു തലമുറ. അമ്മച്ചി ഞങ്ങൾക്കൊപ്പമുള്ള അവസാന രാത്രിയിൽ അമ്മച്ചിയെ കുറിച്ചുള്ള നല്ല ഓർമകൾ പരസ്പരം പങ്കുവയ്ക്കാൻ തീരുമാനിച്ചു. രസകരമായ ഓർമകളും കൗതുകമുള്ള കാര്യങ്ങളും പലരും പറഞ്ഞു. അതിനിടയിൽ ചിരി പൊട്ടി. ഞാനടക്കം പലരും അമ്മച്ചിയെ കുറിച്ചുള്ള ഓർമകൾ പറഞ്ഞപ്പോൾ പല കുറി വിതുമ്പി. ഏതാണ്ട് നാലു മണിക്കൂറോളം നേരം ഞങ്ങളെല്ലാം അങ്ങിനെ അമ്മച്ചിയുടെ മൃതശരീരത്തിന് ചുറ്റും ഇരുന്ന് അമ്മച്ചിയെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാലു മണി വരെ ആ സംഭാഷണം നീണ്ടു. അതിന്റെ ഒടുവിലാണ് അമ്മച്ചിക്കൊപ്പമുള്ള ആ അവസാന ദിനത്തിലെ ആ നിമിഷങ്ങൾ ഫോട്ടോ എടുത്ത് സൂക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചത്.
ഞങ്ങൾ എല്ലാവരുടെയും ഉള്ളിലെ നൊമ്പരപ്പെടുത്തുന്ന ഒരിക്കലും മറക്കാൻ കഴിയാത്ത ആ മുഹൂർത്തം അങ്ങിനെ നിങ്ങൾ കാണുന്ന ചിത്രമായി. അതിലെ ചിരി ഒരിക്കലും കള്ളമല്ല. എന്തെങ്കിലും ഒക്കെ പറഞ്ഞ് ആ ചിരിയെ നിഷേധിക്കാനും ഞങ്ങളില്ല. എല്ലാ സന്തോഷത്തോടെയും സുഖങ്ങളോടെയും ജീവിച്ചു മരിച്ച ഞങ്ങളുടെ അമ്മച്ചിക്കുള്ള സ്നേഹ നിർഭരമായ ഞങ്ങളുടെ യാത്രയയപ്പായിരുന്നു അത്. അതിനെ പലരും വിമർശിക്കുന്നു. ചിലർ കളിയാക്കുന്നു. അതൊന്നും ഞങ്ങളുടെ വിഷയമല്ല. അതേ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നേയില്ല. അത് ഞങ്ങളുടെ വിഷയവുമല്ല. അമ്മച്ചി ഞങ്ങൾക്ക് ആരായിരുന്നു ഞങ്ങൾക്ക് അറിയാം. അമ്മച്ചിയുമായി ഞങ്ങൾക്കെല്ലാമുള്ള ആത്മബന്ധത്തെ കുറിച്ചും വാർധക്യത്തിൽ ഞങ്ങൾ അമ്മച്ചിയെ പരിചരിച്ചത് എങ്ങിനെ എന്നും ഞങ്ങളുടെ കുടുംബത്തെ അറിയുന്നവർക്കുമറിയാം. അതുകൊണ്ട് തന്നെ ഈ വിവാദങ്ങളും വിമർശനങ്ങളുമൊന്നും ഞങ്ങളെ ബാധിക്കുന്നതേ ഇല്ല. ഞങ്ങളുടെ കുടുംബത്തെ ഒന്നിച്ചു നിർത്തുന്ന കണ്ണിയായി എന്നും അമ്മച്ചിയുടെ സ്നേഹ നിർഭരമായ ഓർമകൾ ഞങ്ങളുടെ മനസിലുണ്ടാകും " - ഡോ. ജോർജ് ഉമ്മൻ പറഞ്ഞു നിർത്തി.