Hair Care : തലമുടി തഴച്ചു വളരാൻ ചെമ്പരത്തി; ഉപയോഗിക്കേണ്ടത് ഇങ്ങനെ...
താരനും തലമുടി കൊഴിച്ചിലും തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തി കൊണ്ട് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ആരോഗ്യമുള്ള തലമുടി (hair) സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലും (hair loss) താരനും (dandruff) ആണ് പലരുടെയും പ്രധാന പ്രശ്നങ്ങള്‍.
താരനും തലമുടി കൊഴിച്ചിലും തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി (hibiscus). ചെമ്പരത്തി കൊണ്ട് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
പത്ത് ചെമ്പരത്തി ഇലകൾ, ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടുവച്ച ഉലുവ ഒരു ടീസ്പൂണ്‍, അരക്കപ്പ് തൈര് എന്നിവ എടുക്കുക. ഇനി ഇവ മൂന്നും കൂടി നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടാം. അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാനും കരുത്തുറ്റ തലമുടി വളരാനും സഹായിക്കും.
രണ്ട്...
10 ചെമ്പരത്തി പൂവ്, പത്ത് ചെമ്പരത്തി ഇല എന്നിവ കഴുകിയെടുത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു കപ്പ് വെളിച്ചെണ്ണ ഒരു പാത്രത്തിലെടുത്തു ചൂടാക്കുക. അതിലേയ്ക്ക് അരച്ചു വച്ച ചെമ്പരത്തി പേസ്റ്റ് ചേർക്കാം. അൽപനേരം കൂടി എണ്ണ ചൂടാക്കിയതിനു ശേഷം തണുക്കാനായി വയ്ക്കാം. ഇനി ഈ എണ്ണ കുളിക്കുന്നതിന് മുമ്പ് ആവശ്യത്തിനനുസരിച്ച് തലമുടിയില്‍ പുരട്ടാം. മസാജ് ചെയ്യുന്നതും നല്ലതാണ്. താരന്‍ അകറ്റാനും തലമുടി വളരാനും ഇത് സഹായിക്കും.
മൂന്ന്...
ചെമ്പരത്തി പൂവ് അരച്ചത് മൂന്നു ടേബിൾ സ്പൂണും രണ്ട് മുട്ടയുടെ വെള്ളയും മിക്സ് ചെയ്യുക. ഇനി ഈ മിശ്രിതം തലയില്‍ പുരട്ടി 20 മിനിറ്റിന്ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകാം. ആഴ്ചയിൽ ഒരു തവണ ഇതു ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ മാറാന്‍ സഹായിക്കും.
നാല്...
തലമുടി കൊഴിച്ചിൽ തടയാൻ രണ്ട് ചെറിയ ഉള്ളി അരിഞ്ഞ് പേസ്റ്റാക്കിയതും അല്‍പം ചെമ്പരത്തി ഇല അരച്ചതും മിക്‌സ് ചെയ്ത് തലമുടിയില്‍ പുരട്ടുക. ഇത് മുടികൊഴിച്ചില്‍ തടയുന്നതിന് സഹായിക്കും.
Also Read: ചര്‍മ്മ സംരക്ഷണത്തിന് പഞ്ചസാര; അറിയാം ഈ ബ്യൂട്ടി ടിപ്സ്...