5 പേരുടെ മരണത്തിന് ഇടയാക്കിയ കാര്‍ അപകടത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍...

ഇദ്ദേഹത്തിന്‍റെ രോഗവും, രോഗത്തോടുള്ള ഇദ്ദേഹത്തിന്‍റെ നിസാരമായ മനോഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത് എന്നതാണ് ഞെട്ടിക്കുന്ന വിവരം

drivers diabetes made the car accident which leads to death of five

ദേഹത്തേക്ക് കാറിടിച്ച് കയറി അഞ്ച് ഇന്ത്യൻ വംശജര്‍ ഓസ്ട്രേലിയയില്‍ മരിച്ച സംഭവം പലരും വാര്‍ത്തകളിലൂടെ ശ്രദ്ധിച്ചിരുന്നിരിക്കാം. ദാരുണമായ അപകടത്തിന്‍റെ വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം അന്ന് ഏറെ പേരെ പിടിച്ചുലച്ചിരുന്നു. നവംബര്‍ അഞ്ചിനായിരുന്നു ഈ അപകടം നടന്നത്. 

ഓസ്ട്രേലിയയിലെ വിക്ടോറിയയ്ക്ക് സമീപമായിരുന്നു സംഭവം. ഇന്ത്യൻ വംശജരായ കുടുംബം ഇവിടെയൊരു പബ്ബിലെ പുല്‍ത്തകിടിയില്‍ ഇരിക്കുകയായിരുന്നു. ഇവര്‍ മാത്രമല്ല മറ്റ് പലരും അവിടെ ഇരിപ്പുണ്ടായിരുന്നുവത്രേ. 

ഇവര്‍ക്കിടയിലേക്ക് അമിതവേഗതയില്‍ നിയന്ത്രണം തെറ്റി ഒരു കാര്‍ പാഞ്ഞുകയറുകയായിരുന്നു. ഈ അപകടത്തില്‍ അഞ്ച് പേരുടെ ജീവനാണ് പൊലിഞ്ഞത്. പ്രതിഭ ശര്‍മ്മ (44), ഇവരുടെ മകള്‍ അൻവി (9), പ്രതിഭയുടെ പങ്കാളി ജതിൻ കുമാര്‍ (30) ഇവരുടെ സുഹൃത്തായ വിവേക് ഭാടിയ (38), മകൻ വിഹാൻ (11) എന്നിവരാണ് മരിച്ചത്. 

വിവേക് ഭാടിയയുടെ ഭാര്യയും ആറ് വയസുകാരനായ മകനും അപകടത്തില്‍ പരുക്കേറ്റിരുന്നു. ഇവര്‍ക്കൊപ്പം ഓസ്ട്രേലിയക്കാരായ ഒരു സ്ത്രീക്കും പുരുഷനും കുട്ടിക്കും കൂടി പരുക്കേറ്റിരുന്നു. 

ഈ അപകടത്തിന് കാരണമായത് അപകടമുണ്ടാക്കിയ ബിഎംഡബ്ല്യൂ കാര്‍ ഓടിച്ചിരുന്ന 66കാരനായ വില്യം സ്വെയിലിന്‍റെ അശ്രദ്ധ ആണെന്ന് ആദ്യമേ വ്യക്തമായതാണ്. എന്നാല്‍ അപകടത്തെയും പ്രതിയെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ഇത് മനസാക്ഷിയുള്ളവരില്‍ ഞെട്ടലും അമര്‍ഷവും ദുഖവും ഒരുപോലെയുണ്ടാക്കുകയാണ്.

അതായത് വില്യം വര്‍ഷങ്ങളായി പ്രമേഹരോഗിയാണത്രേ. ഇതിന് പുറമെ ഇദ്ദേഹത്തിന്‍റെ പേരില്‍ അശ്രദ്ധമായ ഡ്രൈവിംഗിന് അടക്കം പല കുറ്റങ്ങളും നേരത്തേ ചാര്‍ത്തപ്പെട്ടതാണ്. ഇതിലൊരു ക്രിമിനല്‍ കുറ്റവും ഉള്‍പ്പെടും. 

ഇദ്ദേഹത്തിന്‍റെ രോഗവും, രോഗത്തോടുള്ള ഇദ്ദേഹത്തിന്‍റെ നിസാരമായ മനോഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത് എന്നതാണ് ഞെട്ടിക്കുന്ന വിവരം. ഗുരുതരമായ പ്രമേഹമുള്ള വില്യം ഇതിന് ചികിത്സ എടുത്തുകൊണ്ടിരിക്കുന്നയാളാണ്. 

അന്ന്, അപകടം നടന്ന ദിവസം ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇദ്ദേഹത്തിന്‍റെ ഷുഗര്‍ നില താഴുന്നതായി ഇദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്ന ആപ്പ് സൂചന നല്‍കിയിരുന്നുവത്രേ. എട്ട് തവണയോളം മൊബൈല്‍ ആപ്പ് ഇദ്ദേഹത്തിന് അലര്‍ട്ട് നല്‍കിയിരുന്നു എന്നതാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 

എന്നാലീ അലര്‍ട്ടുകളെല്ലാം അവഗണിച്ച് വീണ്ടും ഡ്രൈവിംഗ് തുടര്‍ന്നതോടെ വില്യം അവശനിലയിലാവുകയും അപകടം സംഭവിക്കുകയും ചെയ്യുകയായിരുന്നുവത്രേ. ആപ്പിലെ അലര്‍ട്ടിന് ചെവി കൊടുക്കുകയും അപ്പോള്‍ തന്നെ വാഹനം പാര്‍ക്ക് ചെയ്യുകയും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നുവെങ്കില്‍ ഇത്രയും ദാരുണമായൊരു അപകടം ഒഴിവാക്കാമായിരുന്നല്ലോ എന്നാണ് ഏവരും ചോദിക്കുന്നത്. 

രക്തത്തിലെ ഷുഗര്‍ നില വല്ലാതെ താഴ്ന്നുപോയാല്‍ രോഗി പെട്ടെന്ന് ബോധരഹിതനാകാനും, കണ്ണ് മങ്ങിപ്പോകാനും, തലകറങ്ങാനുമെല്ലാം സാധ്യതകളേറെയാണ്. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ ഡ്രൈവ് ചെയ്യുന്നത് എത്രമാത്രം അപകടകരമാണെന്നത് പറയേണ്ടതില്ലല്ലോ. 

ഇതുപോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, ദയവായി അതിന് അനുയോജ്യമാംവിധം പെരുമാറണമെന്ന അപേക്ഷയാണ് ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഏവര്‍ക്കും മുന്നോട്ട് വയ്ക്കാനുള്ളത്. പ്രമേഹം മാത്രമല്ല- ബിപി, ഹൃദ്രോഗങ്ങള്‍ ഉള്ളവര്‍ എന്നിങ്ങനെ പെട്ടെന്ന് പ്രശ്നങ്ങള്‍ നേരിടാൻ സാധ്യതയുള്ള രോഗികളെല്ലാം തന്നെ അവരുടെ ആരോഗ്യനിലയെ കുറിച്ച് ബോധ്യമുള്ളവരായിരിക്കണം. അല്ലാത്തപക്ഷം അത് മറ്റുള്ളവരുടെ ജീവനെ കൂടിയാണ് ബാധിക്കുകയെന്നതിന്‍റെ വേദനാജനകമായ ഉദാഹരണമാണ് ഈ അപകടം. 

Also Read:- 'പൂച്ചകളെ വളര്‍ത്തുന്നവരില്‍ ഈ രോഗത്തിന് സാധ്യത'; പുതിയ പഠനം പറയുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios