Drink Spiking ', ന്യൂ ഇയർ പാർട്ടികളുടെ ലഹരിയിൽ ഒളിഞ്ഞിരിക്കുന്ന അപകടം; ഒഴിവാക്കാൻ ചില മുൻകരുതലുകൾ

ഒരു പഠനം പറയുന്നത് യുകെയിലെ ഒൻപതു സ്ത്രീകളിൽ ഒരാളുടെ എങ്കിലും ഡ്രിങ്ക് ജീവിതത്തിൽ ഒരിക്കൽ എങ്കിലും സ്പൈക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. 

drink spiking when new year eve party becomes hot bed for rape and other sexual assaults

പുതുവത്സരരാവ് ന്യൂഇയർ പാർട്ടികളുടെ(New year party) കൂടി വേളയാണ്. നൈറ്റ് കർഫ്യൂ നിലവിലുള്ളതുകൊണ്ട് ആഘോഷങ്ങൾ പലതും ഇക്കുറി 'ഹൗസ് പാർട്ടികൾ'(House Party) ആകാനാണ് സാധ്യത. ഏതെങ്കിലുമൊക്കെ സുഹൃത്തുക്കളുടെ വീടുകളിൽ നടക്കുന്ന ഇത്തരം ഹൗസ് പാർട്ടികളിൽ പലപ്പോഴും, ഒരു റിസോർട്ടിലോ ഹോട്ടലിലോ ഒക്കെ നടക്കുന്ന പാർട്ടികളേക്കാൾ സ്വാതന്ത്ര്യത്തോടെ ഇടപെടാൻ പലർക്കും സാധിക്കാറുണ്ട്. എന്നാൽ, വീടുകൾക്കുള്ളിലെ അന്തരീക്ഷം പകർന്നു നൽകുന്ന സുരക്ഷിതത്വ ബോധം പലപ്പോഴും ഇത്തരം അവസരങ്ങളിൽ ചെലുത്തേണ്ട മിനിമം ശ്രദ്ധയും, സുരക്ഷാ മുൻകരുതലുകളും വെടിയാൻ നമ്മളെ പ്രേരിപ്പിച്ചു എന്നുവരാം. ഈ പുതുവത്സരത്തിൽ ഇത്തരം ഹൗസ് പാർട്ടികളിൽ പങ്കെടുക്കാൻ പ്ലാനുള്ളവർ, ഈ സാഹചര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. 

എന്താണ് ഡ്രിങ്ക് സ്പൈക്കിങ് ?

പല നാടുകളിലും ഇങ്ങനെയുള്ള ഹൗസ് പാർട്ടികളിൽ അതിഥികൾ സ്ത്രീപുരുഷ ഭേദമെന്യേ മദ്യം ഉപയോഗിക്കാറുണ്ട്. പലയിടത്തും ഈ പാർട്ടികളിൽ വ്യാപകമായി 'ഡ്രിങ്ക് സ്പൈക്കിങ്' (Drink Spiking) നടക്കുന്നുണ്ട് എന്ന പരാതി പൊലീസിന് ലഭിച്ചു വരുന്നുണ്ട്. മദ്യമോ മറ്റെന്തെങ്കിലും സോഫ്റ്റ് ഡ്രിങ്കോ കുടിച്ചുകൊണ്ടിരിക്കെ, കുടിക്കുന്നയാൾ അറിയാതെ അതിലേക്ക് സ്വബോധം മറയാൻ കാരണമാവുന്ന പൊടി രൂപത്തിലോ ദ്രാവക രൂപത്തിലോ ഗുളിക രൂപത്തിലോ ഉള്ള ഏതെങ്കിലും മയക്കുമരുന്നുകൾ കലർത്തുന്നതിനാണ് 'ഡ്രിങ്ക് സ്പൈക്കിങ്' എന്ന് പറയുന്നത്. യുകെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന The Alcohol Education Trust നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്, ന്യൂ ഇയർ പാർട്ടികളിൽ നടക്കുന്ന ഡ്രിങ്ക് സ്പൈക്കിങ്ങിൽ 35 ശതമാനവും നടക്കുന്നത് ഹൗസ് പാർട്ടികളിൽ ആണ്. ന്യൂ ഇയർ രാവ് ചെലവിടാൻ വേണ്ടി, മദ്യപാനം ഉൾപ്പെടുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ വേണ്ടി നമ്മൾ തിരഞ്ഞെടുക്കുന്നത് ഏത് സ്ഥലമാണ് എന്നത് വളരെ പ്രധാനമാണ്. നവവത്സരത്തോട് അടുക്കുന്ന നേരമാവുമ്പോഴേക്കും പലരും അമിതമായി മദ്യപിച്ച അവസ്ഥയിൽ ആകാറുണ്ട് എന്നതുകൊണ്ട്, മദ്യത്തിൽ മയക്കുമരുന്നുകൾ കലർത്തി അവരെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്ക് പലപ്പോഴും കാര്യങ്ങൾ എളുപ്പമായി മാറാറുണ്ട്. 

 

ഹൗസ് പാർട്ടികളിൽ പലപ്പോഴും സ്നേഹിതരും പരിചയക്കാരും ആണ് ചുറ്റുമുണ്ടാവുക എന്നത് നമ്മുടെ സ്വാഭാവികമായ ജാഗ്രതയ്ക്ക് ഒരല്പം കുറവ് വരുത്തിയേക്കാം. വീടുകളിൽ പലതിലും സിസിടിവി നിരീക്ഷണം ഉണ്ടാവില്ല എന്നതും ഇത്തരത്തിൽ ഇരപിടിക്കാൻ ഇറങ്ങുന്ന ലൈംഗിക കുറ്റവാളികളുടെ ആത്മവിശ്വാസം വർധിപ്പിച്ചേക്കാം. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ പലതും മിക്കപ്പോഴും ഉണ്ടാവുന്നത് അവർക്ക് നല്ല പരിചയമുള്ള അടുത്ത ബന്ധുക്കളിൽ നിന്നോ പരിചയക്കാരിൽ നിന്നോ തന്നെയാണ്. ഒരു ബാറിൽ വെച്ച് മദ്യപിക്കുമ്പോൾ ഇരിക്കുന്നത് ഒരിടത്താകാം, ഒരാൾ മദ്യപിക്കുന്ന ഗ്ലാസ് മറ്റൊരാളിലേക്ക് എത്തില്ലായിരിക്കാം. എന്നാൽ ഹൌസ് പാർട്ടികളിൽ പലപ്പോഴും ഗ്ലാസ്സുകൾ തമ്മിൽ മാറിപ്പോവുകയോ, പങ്കുവെച്ചു കുടിക്കുകയോ ഒക്കെ ചെയ്യുന്ന സാഹചര്യമുണ്ടാവാം. അതുപോലെ മദ്യം പകർന്നു കൊടുക്കുന്ന കുപ്പികളിലും കലർപ്പിനു സാധ്യത കൂടുതലാണ്. 

drink spiking when new year eve party becomes hot bed for rape and other sexual assaults

ഇൻഡിപെൻഡന്റ് പത്രം അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് യുകെയിലെ ഒൻപതു സ്ത്രീകളിൽ ഒരാളുടെ എങ്കിലും ഡ്രിങ്ക് ജീവിതത്തിൽ ഒരിക്കൽ എങ്കിലും സ്പൈക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. യുകെയിൽ മൂന്നിൽ ഒരാളെങ്കിലും ഇത്തരത്തിൽ സ്പൈക്ക് ചെയ്യപ്പെട്ട റേപ്പിന് ഇരയായവരെപ്പറ്റി കേട്ടിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ യുകെയിൽ നടന്നിട്ടുള്ളത് ഡ്രിങ്ക് സ്പൈക്കിങ്ങുമായി ബന്ധപ്പെട്ടുള്ള 200 ലധികം കുറ്റകൃത്യങ്ങളാണ്.

സ്പൈക്ക് ചെയ്യപ്പെടാതിരിക്കാൻ

ഹൌസ് പാർട്ടികളിൽ വെച്ച് ഡ്രിങ്ക് സ്പൈക്കിങ് നടക്കാതിരിക്കാൻ ഇനി പറയുന്ന മുൻകരുതലുകൾ സ്വീകരിക്കാം. 

1. സ്വന്തം ഡ്രിങ്ക് സ്വയം മാത്രം വാങ്ങുക. ആ ഡ്രിങ്ക് ഒഴിക്കുന്നത് കൃത്യമായി നിരീക്ഷിക്കുക. 
2. അപരിചിതരിൽ നിന്ന് ഡ്രിങ്ക് വാങ്ങി കുടിക്കാതിരിക്കുക. 
3. സ്വന്തം ഡ്രിങ്ക് ഒരിക്കലും മേശപ്പുറത്ത്  വെച്ച് എങ്ങോട്ടും, ടോയ്‌ലെറ്റിലേക്ക് പോലും, പോകാതിരിക്കുക. 
4. മറ്റൊരാളുടെ കയ്യിലുള്ള ഡ്രിങ്ക് രുചിക്കാതിരിക്കുക.
5. കഴിക്കുന്ന ഡ്രിങ്കിന് സ്വാദ് വ്യത്യാസം തോന്നിയാൽ അത് വാഷ് ബേസിനിൽ ഒഴിച്ച് കളയുക. 

drink spiking when new year eve party becomes hot bed for rape and other sexual assaults

നിങ്ങളുടെ ഡ്രിങ്ക് സ്പൈക്ക് ചെയ്യപ്പെട്ടു എന്ന് തോന്നിയാൽ എന്ത് ചെയ്യാം ?

1. വേണ്ടത്ര മദ്യപിച്ചിട്ടില്ലാതെ തന്നെ സ്വബോധം നഷ്ടമാവുന്ന പോലെ തോന്നിയാൽ, ഉടനടി വിശ്വസിക്കാവുന്ന ഏതെങ്കിലും സുഹൃത്തുക്കളെയോ, പാർട്ടി നടക്കുന്ന വേദിയിലെ മാനേജ്‌മെന്റിനെയോ വിവരം അറിയിക്കുക. 
2. അങ്ങനെ സംശയം വന്നാൽ, നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിനെ ഫോണിൽ വിളിച്ച് കാര്യം പറയുക, ലൈവ് ലൊക്കേഷൻ ഷെയർ ചെയുക. 
3. 'ആസ്ക് ഫോർ എയ്ഞ്ചല' : നിങ്ങളുടെ ഡ്രിങ്ക് സ്പൈക്ക് ചെയ്യപ്പെട്ടു, നിങ്ങൾ ഒരു ലൈംഗിക ആക്രമണത്തിന്റെ, റേപ്പിന്റെ ഭീഷണിയിലാണ് എന്ന് സംശയം തോന്നിയാൽ പാർട്ടി നടക്കുന്ന ഹോട്ടലിന്റെയോ റിസോർട്ടിന്റെയോ കൗണ്ടറിൽ ചെന്ന് "എയ്ഞ്ചല' ഉണ്ടോ എന്ന് അന്വേഷിക്കുക. 2016 മുതൽ യുകെയിൽ പ്രചാരത്തിലുള്ള ഈ സുരക്ഷാ പ്രോട്ടോക്കോൾ ഇന്ന് അന്താരാഷ്ട്ര  തലത്തിൽ തന്നെ പരിശീലനം സിദ്ധിച്ച ഒരുവിധം ഹോട്ടൽ കൗണ്ടർ സ്റ്റാഫിനും പരിചിതമാണ്. ഇത് കേട്ടാലുടൻ അവർ നിങ്ങളെ സുരക്ഷിതമായ ഒരിടത്തേക്ക് മറ്റും. 
4.  എത്രയും പെട്ടെന്ന് സ്വന്തം വീട്ടിലേക്കോ, സുരക്ഷിതമായ മറ്റേതെങ്കിലും ഇടത്തിലേക്കോ മാറുക. 
5. പോലീസിൽ വിവരമറിയിക്കുക, അങ്ങനെ  വിളിച്ചു വിവരം പറയാനുള്ള എമർജൻസി നമ്പർ പാർട്ടിക്ക് പുറപ്പെടും മുമ്പ് തന്നെ മൊബൈലിൽ ഫീഡുചെയ്യുക.   

പാർട്ടിക്കിടെ ഡ്രിങ്ക് സ്പൈക്ക് ചെയ്യപ്പെട്ട് ബലാത്സംഗത്തിനും മറ്റു ലൈംഗിക കുറ്റകൃത്യങ്ങൾക്കും ഇരയായ നിരവധി പേര് ഇന്ന് നമുക്കിടയിലുണ്ട്. പുതുവത്സരാഘോഷങ്ങളുടെ ലഹരിക്കിടെ ചില പ്രാഥമികമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ മറക്കുന്നത് ചിലപ്പോൾ നമ്മളെ കൊണ്ടുചെന്നെത്തിക്കുക ഒരു തിരിച്ചു വരവില്ലാത്ത പ്രതിസന്ധിയിലേക്കാകാം. സൂക്ഷിച്ചാൽ, ദുഃഖിക്കേണ്ട.

Latest Videos
Follow Us:
Download App:
  • android
  • ios