'ഭർത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ'; വണ്ണം കുറച്ചതിങ്ങനെ; കുറിപ്പുമായി ഡോ. സൗമ്യ
ശരീരഭാരം കുറയ്ക്കുന്നതിനു മുൻപും ശേഷവുമുള്ള രണ്ടു പടങ്ങൾ പങ്കുവച്ചുകൊണ്ട് 'ഭർത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ!' എന്ന മുഖവുരയോടെയാണ് എങ്ങനെയാണ് ഭാരം കുറച്ചതെന്ന് ഡോ. സൗമ്യ വിവരിക്കുന്നത്.
മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് പ്രസവശേഷമുള്ള വണ്ണം. വണ്ണം കുറയ്ക്കാൻ നൂറ് വഴികള്‍ പരീക്ഷിച്ച് മടുത്തവരും കാണും. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഡോക്ടർ സൗമ്യ സരിൻ.
ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയപ്പോൾ വണ്ണം കുറയ്ക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് സൗമ്യ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനു മുൻപും ശേഷവുമുള്ള രണ്ടു പടങ്ങൾ പങ്കുവച്ചുകൊണ്ട് 'ഭർത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ!' എന്ന മുഖവുരയോടെയാണ് എങ്ങനെയാണ് ഭാരം കുറച്ചതെന്ന് ഡോ. സൗമ്യ വിവരിക്കുന്നത്. ആരോഗ്യപരമായി വണ്ണം കുറയ്ക്കാൻ രണ്ടേരണ്ടു കാര്യങ്ങളാണ് സഹായകമാവുക എന്നും അവ കൃത്യമായ ഭക്ഷണശീലവും വ്യായാമവും ആണെന്നും ഡോക്ടർ കുറിച്ചു.
കുറിപ്പ് വായിക്കാം...
ഭർത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ! സ്ത്രീകളുടെ വലിയ ഒരു പ്രശ്നമാണ് പ്രസവത്തിനു ശേഷമുള്ള അമിതവണ്ണം! കുറയ്ക്കാൻ എല്ലാർക്കും ആഗ്രഹമുണ്ട്! പക്ഷെ മെനക്കെടാൻ വയ്യ താനും! ഞാനും അങ്ങിനെ ആയിരുന്നു.
"ഒരാഴ്ച കൊണ്ട് ചാടിയ വയർ അപ്രത്യക്ഷമാകും! ഈ പാനീയം കുടിച്ചു നോക്കൂ!" "വ്യായാമം വേണ്ട! ഡയറ്റ് വേണ്ട! മെലിഞ്ഞു സുന്ദരിയാകാം!" "ഈ അത്ഭുത മരുന്ന് കഴിച്ചു നോക്കൂ, വെറും പത്തു ദിവസത്തിൽ മെലിഞ്ഞു സുന്ദരിയാകാം!" ഒരു ഡോക്ടർ ആയിട്ട് പോലും ഇങ്ങനെ സോഷ്യൽ മീഡിയയിൽ കണ്ട സകല ചപ്പും ചവറും ഞാൻ പരീക്ഷിച്ചു. പലതും കഴിച്ചു. പലതും കുടിച്ചു. പക്ഷേ കാര്യമായി ഒന്നും നടന്നില്ല. (തുറന്ന് പറയാൻ ഒരു മടിയും ഇല്ല!) ഒരു കാര്യം ആദ്യം തന്നെ പറയട്ടെ! തടി ചെറുപ്പം മുതലേ എന്റെ കൂടെയുണ്ടായിരുന്നു.
കുത്തുവാക്കുകളും കളിയാക്കലുകളും വേണ്ടോളം കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് തടി കുറയ്ക്കണമെന്ന വെളിപാട് ഉണ്ടായത് ഇത് കൊണ്ടൊന്നുമല്ല! തടി ഒന്നിന്റെയും അളവ് കോലാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. മെലിഞ്ഞു കൊലുന്നനെ ഇരിക്കുന്നവരാണ് സുന്ദരികൾ എന്ന് ഇതുവരെ തോന്നിയിട്ടുമില്ല. സത്യത്തിൽ ഞാൻ കണ്ട സുന്ദരികളെല്ലാം അത്യാവശ്യം തടിയുള്ളവരായിരുന്നു. ഇപ്പോള്‍ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും ഈ ഡോക്ടർ എന്തൊരു തള്ളാണ് എന്ന് അല്ലേ? വലിയ ഫിലോസഫി പറയും, എന്നിട്ടു മെലിയാൻ പണിപ്പെടുകയും ചെയ്യും! തടി ഇത്ര നല്ലതായിരുന്നെങ്കിൽ പിന്നെ മെലിയാൻ പോയതെന്തിന്?!!
പറയാം.
അതാണ് ആദ്യമേ ജാമ്യം എടുത്തത്. തടി കുറയ്ക്കണം എന്ന് തീരുമാനിച്ചത് മറ്റുള്ളവരുടെ കളിയാക്കൽ ഭയന്നോ സുന്ദരിയാകാനോ ആയിരുന്നില്ല. ഈ തടി എന്റെ ആരോഗ്യത്തിനെ ബാധിച്ചു തുടങ്ങിയപ്പോൾ ആയിരുന്നു. ഭാരം എഴുപതും കടന്നു കുതിക്കാൻ തുടങ്ങി. ഒരു പത്തടി നടക്കുമ്പോഴേക്കും കിതയ്ക്കും. സ്റ്റെപ് കയറാൻ നന്നേ ബുദ്ധിമുട്ട്. പീരീഡ്സ് മുറ തെറ്റി വരാൻ തുടങ്ങി. വെറുതെ ഒന്ന് രക്തം ടെസ്റ്റ് ചെയ്യാമെന്ന് വെച്ചപ്പോൾ ദാ കിടക്കുന്നു അടുത്തത്! ഷുഗറും കൊളെസ്റ്ററോളും ഒക്കെ കയ്യാലപ്പുറത്താണ്! എപ്പോള്‍ വേണമെങ്കിലും ഒരു രോഗിയാക്കാൻ പാകത്തിൽ!
അന്നാണ് എനിക്ക് വെളിപാടുണ്ടായത്! ഇങ്ങനെ പോയാൽ പറ്റില്ല! എന്തെങ്കിലും ചെയ്യണം! ചെയ്തേ പറ്റൂ! കൂടെ ഒരു പുതിയ വെളിപാട് കൂടി എനിക്കുണ്ടായി! എളുപ്പപ്പണി നടക്കില്ല എന്ന്! വിജയത്തിലേക്ക് എളുപ്പവഴികളില്ല എന്ന് അമ്മ പണ്ട് പഠിപ്പിച്ചു തന്നത് ഓർത്തുപോയി. അങ്ങിനെ കുറച്ചു കഷ്ടപ്പെടാൻ തീരുമാനിച്ചു! രണ്ടേ രണ്ട് വഴികളെ ആരോഗ്യപരമായി വണ്ണം കുറയ്ക്കാൻ നിങ്ങളെ സഹായിക്കൂ. അത് കൃത്യമായ ഭക്ഷണശീലവും വ്യായാമവുമാണ്.
ഇന്ന് പലരും അന്ധമായി ചില ഡയറ്റുകൾ ഫോള്ളോ ചെയ്യുന്നത് കാണാറുണ്ട്. കീറ്റോ ഡയറ്റ് പോലുള്ളവ. പക്ഷേ ഇങ്ങനെയുള്ള ഭക്ഷണരീതികളുടെ വിദൂരദൂഷ്യഫലങ്ങൾ നമുക്കിപ്പോഴും അറിയില്ല. അതിനാൽ തന്നെ അതിനെ സപ്പോർട്ട് ചെയ്യാറില്ല. പിന്നെ എന്ത് ഡയറ്റ് ആണ് നമുക്ക് സുരക്ഷിതമായി ചെയ്യാൻ പറ്റുന്നത്?
അതാണ് "ഹെൽത്തി ഫുഡ് പ്ളേറ്റ്" എന്ന ചിന്ത! നമ്മുടെ പ്ളേറ്റിലെ അമിത കലോറി അടങ്ങിയ കാർബോഹൈഡ്രേറ്റിനെ കുറച്ചു പകരം കൂടുതൾ പ്രോട്ടീനും ഫൈബറുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന രീതിയാണത്. സുരക്ഷിതം. ഫലപ്രദം.
ഇതിന്റെ കൂടെ ദിവസേന ഒരു 45 മിനിറ്റ് വ്യായാമം കൂടി ആയാൾ അടിപൊളി! അമിതവണ്ണമൊക്കെ ക്രമേണ നമ്മെ വിട്ട് പോയി തുടങ്ങും. ഒരിക്കൽ കൂടി പറയുന്നു, എത്രയോ പഠനങ്ങൾ തെളിയിച്ച ഒരു വസ്തുതയാണ് പൊണ്ണത്തടിയുടെ ദൂഷ്യഫലങ്ങൾ! ചെറുപ്പത്തിൽ തന്നെ ഉണ്ടാകുന്ന പ്രമേഹത്തിനും രക്തസമ്മർദത്തിനും ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും ഒക്കെ കാരണക്കാരൻ!
അതുകൊണ്ട് തന്നെ വണ്ണം കുറയ്ക്കുന്നത് നമ്മുടെ നല്ല ആരോഗ്യത്തിനു വേണ്ടിയാകണം. അല്ലാതെ പുറം മോടിക്ക് വേണ്ടി മാത്രമാകരുത്. അത് മാത്രമല്ല, ആരോഗ്യപരമായി കൂടി വേണം!