മൂവ്വായിരത്തിനടുത്ത് ബില്ല്; കസ്റ്റമര്‍ റെസ്റ്റോറന്റിന് നല്‍കിയത് 11 ലക്ഷത്തിലധികം രൂപ!
യുഎസിലെ ന്യൂ ഹാംപ്ഷയറില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നൊരു വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ശ്രദ്ധേയമാവുകയാണ്. മൂവ്വായിരത്തിനടുത്ത് ആകെ ബില്ല് വന്ന കസ്റ്റമര്‍, ഒടുവില്‍ പോകുമ്പോള്‍ ജീവനക്കാര്‍ക്കെല്ലാമായി ടിപ് ആയി നല്‍കിയത് 11 ലക്ഷത്തിലധികം രൂപയാണ്
വ്യക്തിപരമായ സന്തോഷങ്ങളുടെ ഭാഗമായോ ആഘോഷങ്ങളുടെ ഭാഗമായോ എല്ലാം റെസ്‌റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിക്കുമ്പോള്‍, ബില്ലിനൊപ്പം ജീവനക്കാര്‍ക്ക് എന്തെങ്കിലും 'ടിപ്' നല്‍കാന്‍ ശ്രദ്ധിക്കുന്നവരുണ്ട്. നമ്മുടെ സന്തോഷത്തിന്റെ ഒരു പങ്ക് അവര്‍ക്കും എന്നതാണ് ഇതിന്റെ ധാര്‍മ്മികമായ വശം.
എന്നാല്‍ ഒരിക്കലും ആകെ വരുന്ന ബില്ലില്‍ അധികമുള്ള തുക നമ്മള്‍ ടിപ് ആയി നല്‍കാറില്ലല്ലോ. അത് സാധാരണഗതിയില്‍ എവിടെയും നടക്കുന്ന സംഭവവുമല്ല. പക്ഷേ, പലയിടങ്ങളില്‍ നിന്നും, പ്രത്യേകിച്ച് സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ഇടയ്‌ക്കെല്ലാം ഇത്തരം വാര്‍ത്തകള്‍ വരാറുണ്ട്.
അത്തരത്തില്‍ യുഎസിലെ ന്യൂ ഹാംപ്ഷയറില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നൊരു വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ശ്രദ്ധേയമാവുകയാണ്. മൂവ്വായിരത്തിനടുത്ത് ആകെ ബില്ല് വന്ന കസ്റ്റമര്‍, ഒടുവില്‍ പോകുമ്പോള്‍ ജീവനക്കാര്‍ക്കെല്ലാമായി ടിപ് ആയി നല്‍കിയത് 11 ലക്ഷത്തിലധികം രൂപയാണ്.
അസാധാരണമായ സംഭവമായതിനാല്‍ തന്നെ റെസ്റ്റോറന്റ് ഉടമസ്ഥന്‍ ഇക്കാര്യം സോഷ്യല്‍ മീഡിയിയലൂടെ പങ്കുവച്ചതോടെയാണ് സംഭവം വാര്‍ത്തകളില്‍ ഇടം നേടിയത്. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയില്‍ ഇങ്ങനെയുള്ള സംഭാവനകള്‍ വലിയ ആശ്വാസമാണ് തങ്ങളെ പോലുള്ള കച്ചവടക്കാര്‍ക്ക് നല്‍കുന്നതെന്നാണ് 'സ്റ്റംബിള്‍ ഇന്‍ ബാര്‍ ആന്റ് ഗ്രില്‍' ഉടമസ്ഥന്‍ പറയുന്നത്.
നിരവധി പേരാണ് വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താത്ത കസ്റ്റമറുടെ നല്ല മനസിനെ പ്രകീര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ആ പണമെന്നും അത് ഉടമസ്ഥന്‍ മറക്കരുതെന്നും ഓര്‍മ്മിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതിനിടെ സാമ്പത്തികവശം നോക്കുമ്പോള്‍ ഇങ്ങനെ റെസ്‌റ്റോറന്റ് ടിപ് ആയും സഹായധനമായുമെല്ലാം പണം ചിലവിടുന്നതിന് വേറെയും വശങ്ങളുണ്ടെന്ന വാദവുമായി ചിലരും രംഗത്തെത്തി. ഏതായാലും മൂവ്വായിരം രൂപയ്ക്ക് പകരം 11 ലക്ഷം നല്‍കിയ കസ്റ്റമര്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കൗതുകം തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല.