അമ്പരന്നു പോയെന്ന് കമന്റുകൾ; പെരുമ്പാമ്പിനെ വിഴുങ്ങുന്ന 'കോട്ടൺമൗത്ത്' പാമ്പ്
സൂ മിയാമിയിലെ മൃഗാശുപത്രിയിൽ നിന്ന് എടുത്ത ഈ എക്സ്-റേയിൽ കോട്ടൺമൗത്തിനുള്ളിലെ പെരുമ്പാമ്പിന്റെ നട്ടെല്ലും ട്രാൻസ്മിറ്ററും കാണാൻ കഴിയുമെന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
മറ്റ് മൃഗങ്ങളെയൊക്കെ വിഴുങ്ങുന്ന വർഗമായിട്ടാണ് പെരുമ്പാമ്പിനെ നമ്മൾ കേട്ടിട്ടുള്ളത്. പെരുമ്പാമ്പിനെ വിഴുങ്ങുന്ന മറ്റൊരു പാമ്പിനെ കുറിച്ചറിഞ്ഞാലോ. മിയാമി മൃഗശാലയുടെ ഫേസ്ബുക്ക് പേജിലാണ് അത്ഭുതകരമായ എക്സ്-റേയുടെ ഫോട്ടോയും കുറിപ്പും പങ്കുവച്ചിരിക്കുന്നത്.
സൂ മിയാമിയിലെ മൃഗാശുപത്രിയിൽ നിന്ന് എടുത്ത ഈ എക്സ്-റേയിൽ കോട്ടൺമൗത്തിനുള്ളിലെ പെരുമ്പാമ്പിന്റെ നട്ടെല്ലും ട്രാൻസ്മിറ്ററും കാണാൻ കഴിയുമെന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഫ്‌ളോറിഡയിലെ മിയാമി മൃഗശാലയിൽ ശസ്ത്രക്രിയാ വിദഗ്ധർ ട്രാക്കിംഗ് ട്രാൻസ്മിറ്റർ ഘടിപ്പിച്ച ഒരു പെരുമ്പാമ്പിനെ മറ്റൊരു പാമ്പ് തിന്നുന്നതായി അടുത്തിടെ കണ്ടെത്തി. ഇതിനെ 'കോട്ടൺമൗത്ത് സ്നാക്ക്' എന്നും 'വാട്ടർ മോക്കാസിൻ' എന്നും അറിയപ്പെടുന്നു.
43 ഇഞ്ചാണ് കോട്ടൺ മൗത്തിന്റെ നീളം.39 ഇഞ്ചാണ് ചത്ത പെരുമ്പാമ്പിന്റെ നീളം. പെരുമ്പാമ്പിന്റെ വാൽ ഭാഗമാണ് ആദ്യം ഭക്ഷിച്ചതെന്ന് എക്‌സ് റേ ചിത്രങ്ങളിൽ വ്യക്തമായി കാണാം. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. നിരവധി പേർ പോസ്റ്റിന് കമന്റുകളും ചെയ്തിട്ടുണ്ട്. ഇത് അതിശയിപ്പിക്കുന്നതാണെന്ന് ഒരാൾ കമന്റ് ചെയ്തു.
യുഎസ്എയുടെ കിഴക്ക് ഭാഗങ്ങളിൽ കാണപ്പെടുന്ന ഒരിനം പാമ്പാണ് വാട്ടർ മോക്കസിൻ (water moccasin) . Agkistrodon piscivorus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇതിനെ swamp moccasin, black moccasin, cottonmouth, gapper എന്നീ പേരുകളിലും വിളിക്കാറുണ്ട്. ഈ വിഷപ്പാമ്പിന്റെ കടി ചിലപ്പോൾ മാരകം ആകാറുണ്ട്. അണലി പാമ്പുകളിൽ ജലാശയങ്ങൾക്ക് സമീപമായി കാണപ്പെടുന്ന ഒരേ ഒരു ഇനമാണ് ഇത്. മത്സ്യങ്ങളെ ആഹരിക്കുന്നതിൽ നിന്നാണ് ഇവയ്ക്ക് Agkistrodon piscivorus എന്ന പേര് ലഭിച്ചത്.