വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1,900 സാരികള്‍; റിപ്പബ്ലിക് ഡേ പരേഡില്‍ നിന്നുള്ള വീഡിയോ
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ 'ആനന്ദ് സൂത്ര- ദ എൻഡ്ലെസ് ത്രെഡ്' എന്ന സാരി ഷോയും വളരെയധികം ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ നേതൃത്വത്തിലാണ് സാരി ഷോ ഒരുക്കിയിരിക്കുന്നത്
രാജ്യം 75ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയാണിത്. ചരിത്രം നല്‍കുന്ന അഭിമാനവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളുമെല്ലാം രാജ്യത്തെ പൗരന്മാരില്‍ നിറഞ്ഞ പ്രകാശം പരത്തുന്ന ദിനം. ഇക്കുറിയും കെങ്കേമമായിത്തന്നെ ആണ് റിപ്പബ്ലിക് ദിനം കൊണ്ടാടപ്പെട്ടത്.
ദില്ലിയില്‍ വര്‍ണാഭമായി റിപ്പബ്ലിക് ദിന പരേഡും നടന്നു. ഇന്ത്യയിലെ സാംസ്കാരിക പൈതൃകവും സൈനികശക്തിയും പരേഡില്‍ തിളങ്ങി. നൂറിലധികം വനിതാ കലാകാരികളുടെ പ്രകടനമാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്‍റെ ഒരു സവിശേഷത. പരേഡുമായി ബന്ധപ്പെട്ട് വിവിധ വാര്‍ത്തകളും വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റും പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ 'ആനന്ദ് സൂത്ര- ദ എൻഡ്ലെസ് ത്രെഡ്' എന്ന സാരി ഷോയും വളരെയധികം ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ നേതൃത്വത്തിലാണ് സാരി ഷോ ഒരുക്കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എത്തിച്ച 1,900 സാരികളാണ് ഈ എക്സിബിഷനിലുള്ളത്. ഇന്ത്യയിലെ നെയ്ത്ത് സംസ്കാരത്തെയും നെയ്ത്ത് ആര്‍ട്ടിസ്റ്റുകളെയും ഡിസൈനര്‍മാരെയുമെല്ലാം ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാരി ഷോ സംഘടിപ്പിച്ചിരിക്കുന്നത്.
ഉയരത്തിലായി ക്രമീകരിച്ച മരത്തിന്‍റെ ഫ്രെയിമില്‍ ഓരോ സാരികളായി ഭംഗിയായി പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്‍റെ കസവുസാരി, ഉത്തര്‍പ്രദേശിന്‍റെ ബനാറസി സാരികള്‍, മദ്ധ്യപ്രദേശിന്‍റെ ചന്ദേരി സാരികള്‍, രാജസ്ഥാനിന്‍റെ ലെഹെരിയ, ഒഡീഷയുടെ ബോംകായ് എന്നിങ്ങനെ ഓരോ സംസ്ഥാനത്തിന്‍റെയും സാംസ്കാരികത്തനിമയും പാരമ്പര്യവും വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന സാരികളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഓരോന്നും.
സംസ്ഥാനങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല, വലിയ നെയ്ത്തുകുടുംബങ്ങള്‍, ബ്രാൻഡുകള്‍, നെയ്ത്തുഗ്രാമങ്ങള്‍, അറിയപ്പെട്ട നെയ്ത്തുകലാകാര്‍ എന്നിങ്ങനെ തെരഞ്ഞെടുത്ത സാരി കളക്ഷനാണ് ഷോയില്‍ ഒരുക്കിയിട്ടുള്ളത്. എല്ലാം ഒന്നിനൊന്ന് മെച്ചമെന്ന് തോന്നുന്ന ഡിസൈനുകള്‍. രാജ്യത്തെ പ്രധാന വേഷം കൂടിയായ സാരിയുടെ പ്രാധാന്യം- അതിനുള്ള സ്വീകാര്യത കൂടിയാണ് ഈ മേള ഓര്‍മ്മിപ്പിക്കുന്നത്.
അതിഥികളെയെല്ലാം ഏറെ ആകര്‍ഷിച്ചു ഈ സാരി ഷോ. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലും ശ്രദ്ധിക്കപ്പെട്ടു.
വീഡിയോ...
Also Read:- സൂന്നൻ ഖാന്‍റെ ഗംഭീര ഡിസൈൻ; മുൻ ഭാര്യക്ക് കമന്‍റിട്ട് ഹൃത്വിക് റോഷനും...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-