Euthanasia : നിയമം അനുവദിച്ചു; അറുപതുകാരന്‍ പരസ്യമായി മരണത്തിലേക്ക് നടന്നുനീങ്ങി...

വെള്ളിയാഴ്ച ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യത്തില്‍ മയങ്ങാനുള്ള മരുന്ന് ആദ്യം നല്‍കിയ ശേഷം കുത്തിവയ്പിലൂടെ എസ്‌കോബാര്‍ മരണത്തിലേക്ക് പരസ്യമായി നടന്നുനീങ്ങി. ക്യാമറകളെ സാക്ഷിയാക്കി, ഇത്രയധികം പേരെ സാക്ഷിയാക്കി ദയാവധം നടത്തണമെന്നുള്ളത് അദ്ദേഹത്തിന്റെ തന്നെ ആഗ്രഹപ്രകാരമായിരുന്നു

colombian man dies publicly under new euthanasia policy

ഇന്ന് പല രാജ്യങ്ങളിലും ദയാവധം ( Euthanasia ) നിയമാനുസൃതമായി നടക്കുന്നുണ്ട്. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ ( Legal consent ) പോലും എല്ലായ്‌പോഴും വിവാദങ്ങളില്‍ നിറയുന്നൊരു വിഷയമാണ് ദയാവധം. ഇനിയൊരിക്കലും ജിവിതത്തിലേക്ക് തിരികെ മടങ്ങാനാകില്ലെന്ന് ഉറപ്പിച്ച രോഗികള്‍ക്കും, വേദന നിറഞ്ഞ ജീവിതം ഉറപ്പിച്ച രോഗികള്‍ക്കുമെല്ലാം ആശ്വാസം എന്ന നിലയ്ക്കാണ് ദയാവധത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. എങ്കിലും ഒരു ജീവനെടുക്കാന്‍ നിയമം അനുവദിക്കുന്നത് തെറ്റാണെന്ന പക്ഷമാണ് വലിയൊരു വിഭാഗവും ഉയര്‍ത്തുന്ന വാദം. 

ഇപ്പോള്‍ കൊളംബിയയില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് നിയമത്തിന്റെ അനുമതിയോടെ തന്നെ ഒരു അറുപതുകാരന്‍ പരസ്യമായി മരണത്തിലേക്ക് നടന്നുനീങ്ങിയിരിക്കുകയാണ്. ഗുരുതരമായ ശ്വാസകോശ രോഗവും, പ്രമേഹവും, ഹൃദ്രോഗവും മറ്റ് പല ആരോഗ്യപ്ര്ശ്‌നങ്ങളും മൂലം ഏറെക്കാലമായി ദുരിതത്തിലായിരുന്നു വിക്ടര്‍ എസ്‌കോബാര്‍. 

താന്‍ ദുരിതമനുഭവിക്കുന്നു എന്നത് മാത്രമല്ല, താന്‍ മൂലം കുടുംബവും ദുരിതമനുഭവിക്കുന്നു എന്നത് തെല്ലൊന്നുമല്ല തന്നെ മുറിപ്പെടുത്തിയിരുന്നതെന്ന് മരണത്തിന് മുമ്പ് വിക്ടര്‍ എസ്‌കോബാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

അവസാനകാലത്ത്, ശ്വസിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു എസ്‌കോബാര്‍. ഏറെ നാള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നിയമസംവിധാനം അദ്ദേഹത്തിന്റെ ആവശ്യത്തിന് മുമ്പില്‍ തല കുനിച്ചത്. 

അങ്ങനെ വെള്ളിയാഴ്ച ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യത്തില്‍ മയങ്ങാനുള്ള മരുന്ന് ആദ്യം നല്‍കിയ ശേഷം കുത്തിവയ്പിലൂടെ എസ്‌കോബാര്‍ മരണത്തിലേക്ക് പരസ്യമായി നടന്നുനീങ്ങി. ക്യാമറകളെ സാക്ഷിയാക്കി, ഇത്രയധികം പേരെ സാക്ഷിയാക്കി ദയാവധം നടത്തണമെന്നുള്ളത് അദ്ദേഹത്തിന്റെ തന്നെ ആഗ്രഹപ്രകാരമായിരുന്നു. 

തന്നെ പോലുള്ള രോഗികള്‍ക്ക് ദയാവധം ശരിക്കും ആശ്വാസമാണെന്നും അതിന് നിയമം വിലങ്ങുതടിയാകരുതെന്നും ഈ വിഷയത്തില്‍ കാര്യമായ അവബേധം സൃഷ്ടിക്കുന്നതിന് തന്റെ ജീവിതം ഉതകുമെങ്കില്‍ അതിന് വേണ്ടിയാണ് മരണം പരസ്യമാക്കുന്നതെന്നും എസ്‌കോബാര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. 

'പതിയെ പതിയെ ആണെങ്കിലും എല്ലാവരും ഈ ഒരു തിവിലെത്തും. അതുകൊണ്ട് തന്നെ ഞാന്‍ ഗുഡ് ബൈ പറയുന്നില്ല. വീണ്ടും കാണാം എന്നേ പറയുന്നുള്ളൂ. നാമെല്ലാവരും ഒരുനാള്‍ ദൈവത്തിങ്കലേക്ക് ചേരാനുള്ളവരാകുന്നു...'- എസ്‌കോബാറിന്റെ അവസാന സന്ദേശം ഇങ്ങനെയായിരുന്നു. 

കൊളംബിയയില്‍ ദയാവധം നിയമം അനുവദിക്കുന്നുണ്ടെങ്കിലും അതിലേക്ക് എത്തുക അത്ര എളുപ്പമായ കാര്യമല്ല. മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളൊന്നും തന്നെ നിലവില്‍ ദയാവധത്തെ അനുകൂലിക്കുന്നുമില്ല. 

Also Read:- ദയാവധം തള്ളി; മരണം ലൈവായി ഫേസ്ബുക്കിലൂടെ കാണിക്കാന്‍ അമ്പത്തിയേഴുകാരന്‍...

Latest Videos
Follow Us:
Download App:
  • android
  • ios